ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 29, 2025

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1

ആസൂത്രണക്കുറിപ്പുകള്‍ അതത് ക്ലാസ് സാഹചര്യമനുസരിച്ച് അനുയോജ്യവത്കരിക്കണം

 

ക്ലാസ് : ഒന്ന്

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു

 

ടീച്ചര്‍ : വിജിഷ മോൾ വിളയിൽ

ജി എം എൽ പിഎസ്  പരപ്പനങ്ങാടി ടൗൺ

പരപ്പനങ്ങിടി, മലപ്പുറം.

കുട്ടികളുടെ എണ്ണം : .......

ഹാജരായവർ : .......

തീയതി : …./07/2025


പിരീഡ് ഒന്ന്

പ്രവർത്തനം 1 കഥാവേള ( കഥ പറയാം )

പഠന ലക്ഷ്യങ്ങൾ

1. വായിച്ചുകേട്ട കഥകൾ ആശയക്രമീകരണം പാലിച്ച് ഭാവാത്മകമായി അവതരിപ്പിക്കുക

2. ചിത്രങ്ങൾ സ്വന്തം നിലയിൽ വ്യാഖ്യാനിക്കുക

സമയം 40 മിനുട്ട് 

കരുതേണ്ട സാമഗ്രികൾ : പൂക്കളുമായി ബന്ധപ്പെട്ട കഥാപുസ്തകങ്ങൾ 

വിവരങ്ങളുടെ വിശദാംശങ്ങൾ

ഘട്ടം ഒന്ന് . 10 മിനുട്ട്

  • പൂക്കളുമായി ബന്ധപ്പെട്ട ബാലസാഹിത്യകൃതിയിലെ ചിത്രങ്ങൾ കാട്ടിയും ഭാവാത്മകമായും ടീച്ചർ കഥ വായിച്ച് കേൾപ്പിക്കുന്നു

ഘട്ടം രണ്ട് 10 മിനുട്ട് 

  • വായനോത്സവത്തിൻ്റെ ഭാഗമായി നൽകിയ പൂക്കളുമായി ബന്ധപ്പെട്ട കഥകൾ ഓരോ ഗ്രൂപ്പിൽ നിന്നും ഒന്നോ രണ്ടോ കുട്ടികൾ ഭാവാത്മകമായി ക്ലാസ്സിൽ അവതരിപ്പിക്കുന്നു .

  • ക്ലാസിലെ കുട്ടികളെ അഞ്ച് പേർ വീതമുള്ള ഗ്രൂപ്പുകൾ ആക്കി തിരിച്ചതിന് ശേഷം ആണ് കഥ പറയൽ നടത്തുന്നത് .

  • കഥ പറഞ്ഞു കുട്ടികളുടെ ഗ്രൂപ്പിൻ്റെ പേരും കുട്ടികളുടെ പേരും കഥാവതരണചാർട്ടിൽ രേഖപ്പെടുത്തുന്നു .

ഘട്ടം മൂന്ന് - 5 മിനുട്ട്

  • കുട്ടികൾ പറഞ്ഞ കഥകളോട് മറ്റുള്ളവർ പ്രതികരിക്കുന്നു .

ഘട്ടം നാല് - 15 മിനുട്ട്

  1. വായനോത്സവത്തിൻ്റെ ഭാഗമായ കുട്ടികൾ വായിച്ച പുസ്തകങ്ങളിലെ ചിത്രങ്ങളെ കുറിച്ച് കുട്ടികൾ ക്ലാസിൽ സംസാരിക്കട്ടെ .

  2. ഓരോ ഗ്രൂപ്പിൽ നിന്നും ഓരോരുത്തർ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നു . ചിത്ര വ്യാഖ്യാനം നടത്തുന്നു .

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള അനുരൂപീകരണം -

  • ചിത്രകഥാപുസ്തകം അവർക്ക് നൽകി ചോദ്യങ്ങളിലൂടെ കഥ വികസിപ്പിച്ച് ടീച്ചർ അവർക്കുവേണ്ടി ആവർത്തിച്ച് ഉച്ചത്തിൽ .

  • ഇതര സംസ്ഥാനക്കാരായ കുട്ടികൾ , ഗോത്ര വിഭാഗം കുട്ടികൾ ക്ലാസ്സിൽ കഥാപാത്രങ്ങളുണ്ടെങ്കിൽ അവരുടെ ഭാഷയിൽ പറയുന്നത് നല്ലതാണ് .

  • ചിത്ര വ്യാഖ്യാനം നടത്തുമ്പോൾ അവരുടെ ഭാഷയിൽ പറയുന്നതിന് പ്രാധാന്യം കൊടുക്കാം . അഭിനയ സാധ്യത കൂടുതൽ ആയി ഉപയോഗിക്കണം )

പഠനത്തെളിവ് .

  • ക്ലാസ്സിൽ കഥകൾ അവതരിപ്പിച്ച കുട്ടികളുടെ പേരും അവതരിപ്പിച്ച കഥയുടെ പേര് - ലിസ്റ്റ് 

  • ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നതിനായി തയ്യാറാക്കിയ കുട്ടികൾക്കഥ അവതരിപ്പിക്കുന്ന വീഡിയോ

വിലയിരുത്തൽ 

  1. കേട്ട കഥ ആശയ ചോർച്ചയില്ലാതെയും ക്രമം പാലിച്ചും പറയാൻ കഴിയുന്നവരെത്ര ?

  2. കേട്ട കഥകൾ ഭാവാത്മകതയോടെ അവതരിപ്പിക്കാൻ കഴിയുന്നവത്ര ?

  3. ആശയ ക്രമീകരണത്തിൽ പ്രയാസം അനുഭവപ്പെടുന്നവരുടെ ചിന്താ തടസ്സങ്ങൾ മറികടക്കാൻ എന്താണ് ചെയ്തത്?

  4. ഭാവാത്മകമായ അവതരണത്തിന് കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് എന്ത് തുടര്‍പ്രവര്‍ത്തനം നല്‍കണം?




പിരീഡ് രണ്ട്

പ്രവർത്തനം '2. പാട്ടരങ്ങ്

പഠന ലക്ഷ്യങ്ങൾ

  • പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായ്മ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന്

  • പാട്ടിനും ആശയത്തിനും താളാത്മകമായശബ്ദത്തിനും അനുസൃതമായി രംഗാവിഷ്കാരം നടത്തുന്നതിന്

സമയം 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ: പാട്ട് എഴുതിയ ചാർട്ട്

പ്രക്രിയാവിശദാംശങ്ങൾ

  • നമ്മൾ പാടിയ പാട്ടുകളെല്ലാം നിങ്ങൾക്ക് ഓർമ്മയുണ്ടോ? സ്വതന്ത്ര പ്രതികരണം

ഏതൊക്കെയാണ് ആ പാട്ട് എന്ന് നമുക്കൊന്ന് പാടി നോക്കിയാലോ?

മുൻപാഠത്തിലെ പാട്ടുകൾ എഴുതിയ ചാർട്ടുകൾ വീണ്ടും വായിക്കാൻ ക്ലാസിൽ അവസരം ഒരുക്കുന്നു.

ചാർട്ട് വായനയിൽ കണ്ടെത്തൽ വായനയ്ക്ക് പ്രാധാന്യം നല്‍കുന്നു. കുട്ടികളുടെ മനപ്പാഠവായന പ്രോത്സാഹിപ്പിക്കേണ്ടതില്ല.

അക്ഷരബോധ്യച്ചാര്‍ട്ട് പ്രകാരം കൂടുതല്‍ പിന്തുണ ആവശ്യമുള്ള …………………………………………………..എന്നീ കുട്ടികള്‍ക്ക് അവസരം ലഭിക്കത്തക്ക വിധമാണ് കണ്ടെത്തല്‍ വായന

ഉദാ :ടീച്ചർ ചാർട്ട് പ്രദർശിപ്പിച്ചതിന്ശേഷം ചില ചോദ്യങ്ങൾ ചോദിക്കുന്നു.

  • നമ്മൾ പരിചയപ്പെട്ട ഏതെല്ലാം വാക്കുകൾ ഈ ചാർട്ടിലെ പാട്ടിലുണ്ട് നിങ്ങൾക്ക് കണ്ടെത്താമോ ? തന തന ,പട പട പറവ തുടങ്ങിയവ.

  • നമ്മൾ പരിചയിച്ച ഏതെല്ലാം അക്ഷരങ്ങൾ ഈ പാട്ടിലുണ്ട്? ടീച്ചർ പറയുന്ന അക്ഷരങ്ങൾ തൊട്ടുകാണിക്കാമോ? ഒന്നാം യൂണിറ്റിൽ പരിചയപ്പെട്ട അക്ഷരങ്ങൾക്ക് പ്രാധാന്യമുള്ള വാക്കുകളിൽ നിന്നുംകുട്ടികൾ ടീച്ചർ പറയുന്ന അക്ഷരങ്ങൾ കണ്ടെത്തട്ടെ.

  • കുട്ടികളുടെ കണ്ടെത്തൽ വായനയ്ക്ക് ശേഷം ഗ്രൂപ്പുകള്‍ പാട്ട് ചൂണ്ടിചൊല്ലുന്നു. അധ്യാപികയും ആംഗ്യത്തോടെ ഭാവത്തോടെ പാട്ട് ചൊല്ലുന്നു. കുട്ടികൾ ഏറ്റു ചൊല്ലുന്നു

  • വായനക്കാര്‍ഡിലെ പാട്ട് ചൊല്ലല്‍, കുഞ്ഞെഴുത്തിലെ വരികള്‍ ചൊല്ലിക്കല്‍, പാഠപുസ്തകത്തിലെ വരികള്‍ ചൊല്ലിക്കല്‍ എന്നിവയും നടത്തുന്നു

പഠനത്തെളിവ്

കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികൾ സഹായത്തോടെ കണ്ടെത്തല്‍ വായന നടത്തുന്നതിന്റെ വീഡിയോ

വിലയിരുത്തൽ

  • അക്ഷര, ചിഹ്നബോധ്യച്ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടീച്ചിംഗ് മാന്വലില്‍ ഉള്‍പ്പെടുത്തി പിന്തുണ ആവശ്യമുള്ളവര്‍ക്ക് അവസരം നല്‍കിയത് എത്രമാത്രം ഫലപ്രദമായി?

  • ഏതെല്ലാം കുട്ടികളെയാണ് വ്യക്തിഗത മാസ്റ്റര്‍ പ്ലാനിലേക്ക് പരിഗണിക്കേണ്ടത്? എന്തെല്ലാമാണ് മെച്ചപ്പെടേണ്ട മേഖലകള്‍?















പിരീഡ് മൂന്ന്

പ്രവർത്തനം 3. കഥ പറയൽ 

പഠന ലക്ഷ്യങ്ങൾ

  • കേട്ട കഥകൾ ആശയക്രമീകരണം  പാലിച്ചു ഭാവാത്മകമായ അവതരിപ്പിക്കുക.

സമയം 30 മിനുട്ട്

പ്രക്രിയാ വിശദാംശങ്ങൾ*

ഘട്ടം ഒന്ന്

  • കൂട്ടുകാരെ നാട്ടുകിളികൾ  ചേർത്തുപിടിച്ച മഞ്ഞകിളികളുടെ കഥ ഓർമ്മയില്ലേ? പിന്നീട് മഞ്ഞക്കിളികൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവും? ഓർത്ത് നോക്കിയേ ! നിങ്ങൾക്ക് അറിയാമോ? നമുക്കൊന്ന് പറഞ്ഞു നോക്കിയാലോ ? ടീച്ചർ ഒന്നാം യൂണിറ്റിലെ കഥ ഓർമ്മിപ്പിച്ചുകൊണ്ട് ആഖ്യാനത്തിലേക്ക് കടക്കുന്നു. ഭാവാത്മകമായി കഥ പറയുന്നു

നല്ല പഴങ്ങൾ! പറവകൾ അവയും കൊത്തിയെടുത്ത് നാലുപാടും പറന്നു. ഉയരത്തിൽ പറന്ന ഒരു മഞ്ഞക്കിളിയുടെ ചുണ്ടിൽ നിന്ന് ഒരു തുടുത്ത പഴം താഴേക്ക് വീണു. അത് മരക്കൊമ്പിൽ തട്ടി പൊട്ടിച്ചിതറി. വിത്തുകൾ നാലുപാടും ചിതറിത്തെറിച്ചു. ഒരു കുഞ്ഞു വിത്ത്  ഉരുണ്ടുരുണ്ടുപോയി. ഉരുണ്ട് ഉരുണ്ട് അത് പൂത്തുനിന്ന ഒരു മരത്തിൽ ചെന്ന് ഇടിച്ചു മലർന്നു. പാവം വിത്ത് കിടന്ന് കിടപ്പിൽ മേലോട്ട് നോക്കി. ഹായ്! എന്തു രസം! നിറയെ പൂവുകൾ. പൂപ്പന്തൽ. എത്ര മനോഹരം! ഞാനും ഇതുപോലെ പൂക്കും. കുഞ്ഞു വിത്ത് മോഹിച്ചു. അപ്പോൾ ഒരു ഇല പാറി വന്നു കുഞ്ഞു വിത്തിനെ പുതപ്പിച്ചു. കുഞ്ഞുവിത്തിന് ഉറക്കം വന്നുഅതുറങ്ങി. കുർ കുർ കുർ ......കൂർക്കംവലിച്ച് ഉറങ്ങി. ഉറക്കത്തിൽ കുഞ്ഞു വിത്ത് സ്വപ്നം കണ്ടു. സ്വപ്നത്തിൽ നിറയെ പൂക്കൾ ഉള്ള മരം!

ഘട്ടം രണ്ട്

  • ടീച്ചർ ഭാവാത്മകമായി പറഞ്ഞ കഥ കുട്ടികളിൽ ഒന്നോ രണ്ടോ പേർക്ക് പറയാൻ അവസരം നൽകുന്നു

ഘട്ടം മൂന്ന്

  • കഥ പറഞ്ഞതിനുശേഷം സന്നദ്ധരായവര്‍ക്ക് കുഞ്ഞുവിത്ത് ആയി അഭിനയിച്ചു കാണിക്കാം.

  • തിയറ്റര്‍ സങ്കേതം പ്രയോജനപ്പെടുത്തി കഥ എല്ലാവര്‍ക്കും ഒരേ സമയം അഭിനയിച്ചാവിഷ്കരിക്കാം.

അനുരൂപീകരണം

  • കഥ പറയുമ്പോള്‍ ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തല്‍

വിലയിരുത്തല്‍

  • ഭാവാത്മകമായി കഥ പറയുന്നതിന് ഇത്തവണ അവസരം നല്‍കിയത് പ്രത്യേകപരിഗണന ആവശ്യമുള്ളവര്‍ക്കാണോ?

  • ചിത്രസഹിതം കഥ പറയാന്‍ അവര്‍ക്ക് അവസരം നല്‍കിയോ?

പിരീഡ് നാല്

പ്രവർത്തനം 4. വരയരങ്ങ്

പഠന ലക്ഷ്യങ്ങൾ

1. തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിര്‍ദേശിക്കുന്നതോ ആയ സന്ദര്‍ഭങ്ങള്‍ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.

2. സ്വന്തം ചിത്രങ്ങളിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കിടുന്നു

3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകള്‍ കണ്ടെത്തി വിലയിരുത്തലുകള്‍ പങ്കിടുന്നു.

സമയം 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ: എ ഫോര്‍ പേപ്പര്‍, ക്രയോണ്‍സ്, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം

പ്രക്രിയാ വിശദാംശങ്ങൾ

  • കേട്ട കഥയിലെ ഇഷ്ടമുള്ള ഭാഗത്തിന്റെ ചിത്രം വരച്ച് നിറം നല്‍കാമോ?

  • കുട്ടികളും ടീച്ചറും ചിത്രം വരയ്കുന്നു

  • ചിത്രപ്രദർശനം നടത്തുന്നു.

  • പരസ്പരം വിലയിരുത്താൻ നടത്തുന്നു. ഏത് ആശയമാണ് വരച്ചെതെന്ന് വ്യാഖ്യാനിക്കണം.

  • ഇഷ്ടപ്പെട്ട ചിത്രം വരച്ച കുട്ടിയെ ഓരോരുത്തരും കണ്ടെത്തി അഭിനന്ദിക്കട്ടെ.

  • ചിത്രം വരച്ച എല്ലാ കുട്ടികളെയും ക്ലാസ് ടീച്ചർ തോളിൽ തട്ടി അഭിനന്ദിക്കട്ടെ.

പഠനത്തെളിവ്

കുട്ടികൾ വരച്ച  ചിത്രങ്ങൾ

വിലയിരുത്തൽ .

  1. കഥ കേട്ട് ആശയം ഗ്രഹിക്കാനുള്ള കഴിവ് ചിത്രം വരയിലൂടെ വിലയിരുത്താന്‍ കഴിഞ്ഞുവോ?

  2. വായനയിലും എഴുത്തിലും കൂടുതല്‍ പിന്തുണ വേണ്ട കുട്ടികളെ ഈ പ്രവര്‍ത്തനത്തില്‍ പ്രത്യേകം അഭിനന്ദിക്കുവാന്‍ ശ്രമിച്ചുവോ?

  3. സ്വതന്ത്രചിത്ര രചനയിൽ കുട്ടികൾ വ്യത്യസ്തമായി ചിന്തിച്ചത് പ്രതിഫലിക്കുന്നുണ്ടോ?

  4. ഓരോ കുട്ടിയെയും അംഗീകരിക്കുന്നതിനായി ചിത്രത്തിലെ എന്തെങ്കിലും സവിശേഷത ഉയർത്തിക്കാട്ടാൻ ടീച്ചർ ശ്രമിച്ചുവോ

  5. ക്രയോൺസ് ഉപയോഗിച്ച് മുമ്പ് വരച്ചപ്പോൾ സഹായം ലഭിച്ച കുട്ടികളിൽ പുരോഗതി ദൃശ്യമായോ ?










അനുബന്ധം 
ആസൂത്രണക്കുറിപ്പുകള്‍ വായിക്കാം. ക്ലിക് ചെയ്യുക
കുഞ്ഞുപുസ്തകം


No comments: