ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : പ്രസന്ന എ പി
ജി.എൽ.പി.എസ് പലകപ്പറമ്പിൽ , മങ്കട, മലപ്പുറം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : …… ...
തീയതി : …./07/2025
പ്രവർത്തനം : കഥാവേല (10 മിനുട്ട് )
പഠനലക്ഷ്യങ്ങൾ
1. വായിച്ചുകേട്ട കഥകൾ ആശയക്രമീകരണം പാലിച്ച് ഭാവാത്മകമായി അവതരിപ്പിക്കുക
2. ചിത്രങ്ങൾ സ്വന്തമായ നിലയിൽ വ്യാഖ്യാനിക്കുക .
പ്രകൃതിവിശദാംശങ്ങൾ
വായനോത്സവത്തിൻ്റെ ഭാഗമായി വീട്ടിൽ നിന്ന് വായിച്ചു കേൾക്കാൻ ആയി നൽകിയ പുസ്തകത്തിലെ കഥകൾ സന്നദ്ധരായവർ / നിർദ്ദേശിച്ചവർ ഭാവാത്മകമായി അവതരിപ്പിക്കുന്നു .
പ്രവർത്തനം : റോൾപ്ലേ
പഠനലക്ഷ്യങ്ങൾ : കേട്ട / വായിച്ച കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ റോൾപ്ലേയിലൂടെ അവതരിപ്പിക്കുക
കരുതേണ്ട സാമഗ്രികൾ : തുമ്പി , മണ്ണിര , കുഞ്ഞുചെടി എന്നിവയുടെ മുഖം മൂടി / ചിത്രങ്ങൾ പ്രിൻ്റ് എടുത്തത്
സമയം : 3 0 മിനുട്ട്
പ്രകൃതിവിശദാംശങ്ങൾ
ഘട്ടം 1 ( 5 മിനുട്ട് )
ടീച്ചർ കുഞ്ഞുവിത്തിൻ്റെ കഥ ആശയവ്യക്തതയോടെ , ഭാവാത്മകമായി അവതരിപ്പിക്കുന്നു .
" കുഞ്ഞുവിത്തേ , ഉണരൂ ഉണരൂ ." മരത്തിൻ്റെ വേരുകൾ വിളിച്ചു .
കുർ കുർ കുർ കുർ ... കുഞ്ഞുവിത്ത് ഉറക്കം തന്നെ ഉറക്കം .
" കുഞ്ഞുവിത്തേ ,
ഉണരൂ ഉണരൂ ."
ഒരു കുഞ്ഞുമഴത്തുള്ളി കുഞ്ഞു വിത
ത്തെ തൊട്ടു വിളിച്ചു .
കുഞ്ഞുവിത്ത് കുർ കുർ നിറുത്തി .
കണ്ണ് തുറന്നു .
" വേഗം വളർന്നു . പൂവിടേണ്ടേ ?" മണ്ണ് ചോദിച്ചു .
" ഓ ഞാൻ വേഗം വളരാൻ പോകയാ ." കുഞ്ഞുവിത്ത് ഉഷാറായി . അത് മണ്ണിന് മുകളിലേക്ക് തല ഉയർത്തി . നീലാകാശം . പച്ചപ്പ് . കിളിപ്പാട്ടുകൾ . കാറ്റിൻ്റെ നൃത്തത്തിനൊത്ത് താളം പിടിക്കുന്ന ഇലകളും മരങ്ങളും . ആകെപ്പാടെ നല്ല രസം ! അപ്പോഴാണ് അതുവഴി ഒരു തുമ്പിയും മണ്ണിരയും വന്നത് . താഴെ കരിയിലകൾക്കിടയിൽ ഒരു പച്ചത്തല !
തുമ്പി മണ്ണിരയോട് ചോദിച്ചു : " അത് ആരാ ?"
മറുപടി കിട്ടിയില്ല . തുമ്പി വീണ്ടും ചോദിച്ചു : “ ആരാ അത് ?”
മണ്ണിരയ്ക്കും സംശയം . മണ്ണിര ചോദിച്ചു : " നീ ആരാ ?"
കുഞ്ഞുവിത്ത് രണ്ട് ഇലകൾ വിടർത്തി പറഞ്ഞു. അഭിമാനത്തോടെ പറഞ്ഞു
'’ഞാൻ ചെടി.”
"വളർന്ന് ഞാൻ പൂവിടും."
''ആ
ഹാ,
കൊള്ളാമല്ലോ.
എന്നാൽ
നിന്റെ ചുറ്റുമുള്ള മണ്ണ്
ഞാൻ ഇളക്കിത്തരാം.
വേഗം
വളര് "
മണ്ണിര
പറഞ്ഞു.
തുമ്പി പറന്ന് വന്ന് കുഞ്ഞുചെടിയോട് പതുക്കെ ചോദിച്ചു.
''പൂവിടുമ്പോൾ എനിക്ക് ഒരു പൂവ് തരുമോ?"
"ഉം തീർച്ചയായും " കുഞ്ഞുചെടി പറഞ്ഞു.
"ബൈ " തുമ്പി പറന്നു പോയി
"ബൈ ബൈ " കുഞ്ഞുചെടി വിളിച്ചു പറഞ്ഞു.
ഘട്ടം 2 അഭിനയം (5 മിനുട്ട്)
കുഞ്ഞുവിത്തിന്റെ കഥ നിങ്ങൾക്കിഷ്ടമായോ? നമുക്കെല്ലാം കുഞ്ഞുവിത്തായാലോ?
പ്രതികരണം
ടീച്ചർ കഥ വീണ്ടും പറയാം. അപ്പോൾ കുഞ്ഞുവിത്ത് ചെയ്തതും പറഞ്ഞതുമെല്ലാം ചെയ്യണം.അഭിനയിക്കണം
ഈ കഥയുടെ മുഴുവന്‍ സംഭവങ്ങളും ടീച്ചർ ഭാവാത്മകമായി വീണ്ടും അവതരിപ്പിക്കുന്നു. എല്ലാവരും കുഞ്ഞുവിത്ത് ആയി കൂർക്കം വലിച്ചുറങ്ങൽ, ഉണരൽ, ചുറ്റുമുള്ളവ കാണൽ തുടങ്ങിയവ അഭിനയിക്കുന്നു.
ഘട്ടം 3 റോൾ പ്ലേ (20 മിനുട്ട്)
കുഞ്ഞു വിത്ത് ഉണർന്നപ്പോൾ ആരൊക്കെയാണ് ആ വഴി വന്നത്?
പ്രതികരണം.
അതേ.. തുമ്പിയും മണ്ണിരയും.
ന
മുക്ക് തുമ്പിയും മണ്ണിരയും കുഞ്ഞുചെടിയും
തമ്മിൽ കണ്ടതും സംസാരിച്ചതും അഭിനയിച്ചു നോക്കിയാലോ?
കുട്ടികളെ 5 ഗ്രൂപ്പ് ആക്കുന്നു. ഓരോ ഗ്രൂപ്പിനും കുഞ്ഞുചെടി, മണ്ണിര, തുമ്പി എന്നിവയുടെ മുഖം മൂടികൾ/ ചിത്രങ്ങൾ നൽകുന്നു. (മറ്റ് കഥാപാത്രങ്ങളും ആകാം അത് കുട്ടികൾ ഗ്രൂപ്പിൽ തീരുമാനിക്കട്ടെ.)
ഗ്രൂപ്പിൽ ചർച്ച. കഥാപാത്രങ്ങളെ തീരുമാനിക്കൽ, പരിശീലിക്കൽ.
ഓരോ ഗ്രൂപ്പിന്റേയും അവതരണം.
പ്രതീക്ഷിത ഉല്പന്നം
റോൾ പ്ലേ ഡിജിറ്റൽ പോർട്ട് ഫോളിയോ (വീഡിയോ)/ ഫോട്ടോ
വിലയിരുത്തല്‍
റോള്‍ പ്ലേ നടത്തിയപ്പോള്‍ ഭാവം ഉള്‍ക്കൊണ്ടായിരുന്നോ സംഭാഷണം?
സംഭവങ്ങള്‍ ക്രമമായി അവതരിപ്പിച്ചുവോ?
റോള്‍ പ്ലേ പരസ്പരം വിലയിരുത്തി സംസാരിക്കാന്‍ അവസരം നല്‍കിയോ?
ഭാവന ഉപയോഗിച്ച് റോള്‍പ്ലേയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയവരുണ്ടോ?
എല്ലാവര്‍ക്കും പങ്കാളിത്തം ലഭിക്കാനായി സ്വീകരിച്ച തന്ത്രം എന്തായിരുന്നു?
അഭിനയസാധ്യത പ്രയോജനപ്പെടുത്തിയവരാരെല്ലാം?
ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ മോണിറ്റര്‍ ചെയ്തുവോ?
ടീച്ചറുടെ ഏകാംഗാഭിനയത്തിന് സാധ്യത ഉണ്ടായിരുന്നുവോ?
പിരീഡ് രണ്ട് |
പ്രവര്‍ത്തനം :: വളരുന്ന ചെടി (എഴുത്ത്)
പഠനലക്ഷ്യങ്ങള്‍:
അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.
സമയം: 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട് , പിന്തുണ ബുക്ക്, ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ, ക്രയോണ്‍സ്
ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങൾ
അ, ആ (ഹ്രസ്വവും ദീർഘവും), ര
ത, ന ഇവ മുന്‍ പാഠത്തില്‍ പരിചയിച്ചതാണ്. (അടുത്ത ദിവസങ്ങളിൽ ഇവയ്ക്കെല്ലാം പുനരനുഭവം ഉണ്ട്)
ഊന്നല്‍ നല്‍കുന്ന ചിഹ്നങ്ങൾ
ഈ യുടെ ചിഹ്നം, സംവൃതോകാരം ( ചന്ദ്രക്കലചിഹ്നം)
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം 1 (15 മിനുട്ട്)
റോള്‍ പ്ലേയ്ക് ശേഷം രൂപീകരണപാഠവുമായി ബന്ധപ്പെട്ട എഴുത്ത് പ്രവർത്തനപുസ്തകത്തിൽ നടത്തേണം.
ഈ രംഗത്തിലെ സംഭാഷണം പറയിച്ച ശേഷം സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ പ്രവര്‍ത്തനം ചെയ്യിക്കണം.
തുമ്പി മണ്ണിരയോട് ചോദിച്ചത് എന്താ?
പ്രതികരണം
അത് ആരാ?
നമുക്ക് ഇത് എഴുതി നോക്കിയാലോ? (ലേഖനപ്രക്രിയ- )
ചാര്‍ട്ടെഴുത്ത്
ടീച്ചർ ചാർട്ടിൽ അത് ആരാ? എന്ന് പറഞ്ഞു കൊണ്ട് എഴുതുന്നു.(വാക്കകലം പാലിച്ച് വടിവോടെ)
ബോർഡഴുത്ത്
നിങ്ങളുടെ കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുതണ്ടേ? ടീച്ചർ ഒന്നുകൂടി എഴുതി കാണിക്കാം.
അ, ആ, ര എന്നിവ യുടെ ഘടന പറഞ്ഞ് ടീച്ചർ ബോർഡിൽ അത് ആരാ? എന്ന് എഴുതുന്നു. അക്ഷരങ്ങൾ ഒറ്റയ്ക്കും എഴുതിക്കാണിക്കാം ICT ഉണ്ടെങ്കിൽ GlF രീതിയിൽ എഴുത്ത് രീതി പരിചയപ്പെടുത്താം.
കുട്ടികൾ കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുതുന്നു.
പിന്തുണനടത്തം
പിന്തുണപുസ്തകത്തിൽ എഴുതൽ
ഓരോ അക്ഷരത്തിനും ശരി അടയാളം നൽകൽ
കട്ടിക്കെഴുത്ത്
ഘട്ടം 2 ( 10 മിനുട്ട്)
കഥയിലേക്ക് വീണ്ടും. അതാരാ എന്ന ചോദ്യത്തിന് മറുപടി കിട്ടാതായപ്പോൾ വീണ്ടും ചോദിച്ചതെന്താണ്?
പ്രതികരണം
ആരാ അത്?
ചാർട്ടെഴുത്ത്
ടീച്ചർ ആരാ അത് എന്ന് സാവധാനം പറഞ്ഞു കൊണ്ട് ചാർട്ടിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ അത് ആരാ എന്ന് നേരത്തെ എഴുതിയതിൽ നിന്നും തെളിവെടുത്ത് എഴുതുന്നു.
കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുത്ത്
ആരാ അത്? എന്നത് കുഞ്ഞെഴുത്ത് പുസ്തകത്തിൽ കുട്ടികൾ തെളിവെടുത്ത് എഴുതുന്നു.
പിന്തുണനടത്തം
പിന്തുണപുസ്തകത്തിൽ എഴുതൽ
അംഗീകാരം നൽകൽ
ഘട്ടം 3 (15 മിനുട്ട്)
മണ്ണിര എന്താ ചോദിച്ചത്?
പ്രതികരണം
നീ ആരാ?
ചാർട്ടെഴുത്ത്
നീ ആരാ? എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ ചാർട്ടിൽ എഴുതുന്നു. നീ എന്നതിൽ ഈ സ്വരത്തിൻ്റെ ചിഹ്നം ആദ്യമായി പരിചയപ്പെടുത്തുകയാണ്. ആരാ എന്നത് തെളിവെടുത്ത് എഴുതണം.
ബോർഡഴുത്ത്
ടീച്ചർ ഒന്നുകൂടി എഴുതാം. നീ ആരാ? ഈ യുടെ ചിഹ്നം ഘടന പറഞ്ഞു കൊണ്ട് ടീച്ചർ ബോർഡിൽ എഴുതുന്നു. നീ എന്ന വാക്ക് മാത്രം എഴുതി ബാക്കി ഡാഷിടുന്നു
നീ എന്നത് കുട്ടികൾ കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുതുന്നു.
നീ ആരാ? എന്നതിലെ ആരാ എന്നത് തെളിവെടുത്ത് എഴുതുന്നു.
പിന്തുണനടത്തം
പിന്തുണ പുസ്തകത്തിൽ എഴുതൽ
അംഗീകാരം നൽകൽ
തത്സമയ വിലയിരുത്തല്‍ (കുട്ടികള്‍ എഴുതുന്ന സമയത്ത് തന്നെ നടക്കുന്നതിനാല്‍ പ്രത്യേകം സമയം കാണിക്കുന്നില്ല)
ടീച്ചർ എല്ലാവരുടെയും നോട്ടുബുക്ക് വിലയിരുത്തുന്നു.
ശരിയായി എഴുതിയ ഓരോരുത്തര്‍ക്കും ഓരോ അക്ഷരത്തിനും ശരിയടയാളം നല്‍കണം.
കൂടുതൽ പേർക്ക് എഴുതാൻ വിഷമമുണ്ടെങ്കിൽ പൊതുവിൽ ഒന്നുകൂടി ബോർഡിൽ എഴുതി കാണിക്കുന്നു. അത് ആരാ-ഘടന പാലിച്ച് ഉറക്കെ പറഞ്ഞ് വടിവിൽ ) വീണ്ടും എഴുതുന്നു.
അനുരൂപീകരണം ( ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക്)
അമ്പടയാളത്തിലൂടെ വിരലോടിക്കല്‍ ( കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നവർക്ക്)
അ, ആ, എന്നീ അക്ഷരങ്ങളുടെ എഴുത്തുരീതി ബോധ്യപ്പെടുന്നതിനായി അമ്പടയാളം ഇട്ട അക്ഷരത്തിലൂടെ എഴുതൽ ,
കുത്തുകളിലൂടെ അക്ഷര ഘടന യോജിപ്പിച്ച് എഴുതൽ ,
അക്ഷരത്തിന്റെ ഉള്ളിലൂടെ, രണ്ട് ലെയർ ഉള്ള അക്ഷര ഫ്രെയിമിലൂടെ പല നിറങ്ങളിലുള്ള സ്കെച്ച് പേന ഉപയോഗിച്ചെഴുതിക്കല്‍,
ഒത്തെഴുത്ത് (കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നവർക്ക് )
ടീച്ചർ കുട്ടിയുടെ കൈ പിടിച്ച് എഴുതൽ,
ടീച്ചർ കുട്ടിയുടെ നോട്ടുബുക്കിൽ എഴുതിക്കൊടുക്കൽ .
പഠനത്തെളിവ്
സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍
വിലയിരുത്തല്‍
ശരിയായി എഴുതിയ ഓരോ വാക്കിനും ശരിയടയാളം നല്‍കിയോ?
പിന്തുണാനടത്തം പ്രയോജനപ്രദമായോ?
തെളിവെടുത്തെഴുതുന്നതിന് എത്ര കുട്ടികള്‍ക്ക് കഴിഞ്ഞു?
മുന്‍ദിവസത്തെ ചാര്‍ട്ട് എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത്?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനത്തിന്റെ പേര്: വളരുന്ന ചെടി ( വായന)
പഠനലക്ഷ്യങ്ങള്‍:
1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുക
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുക
സമയം: 35 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: രൂപീകരണപാഠം എഴുതിയ ചാര്‍ട്ട്
പ്രക്രിയാവിശദാംശങ്ങള്‍
കണ്ടെത്തൽ വായന
വാക്യം കണ്ടെത്തല്‍ (5 മിനുട്ട്)
നീ ആരാ എന്ന് എഴുതിയിട്ടുളളത് എത്രമാത്തെ വരിയാണ്.
ഒന്നാമത്തെ വരി എന്താണ്?
……..
വാക്ക് കണ്ടെത്തല്‍ (5 മിനുട്ട്)
ആരാ എന്ന് എത്ര തവണ എഴുതിയിട്ടുണ്ട്?
നീ,ആരാ, അത് എന്നീ വാക്കുകള്‍ ഓരോന്നായി ഓരോ കുട്ടികളോടായി തൊട്ടു കാണിച്ച് വായിക്കാൻ നിർദേശിക്കുന്നു. കുട്ടികൾ വാക്കുകൾ തൊട്ടു വായിക്കുന്നു..
അതു പോലെ ടീച്ചര്‍ തൊട്ടുകാണിക്കുന്ന വാക്കുകൾ നിർദേശിക്കുന്ന കുട്ടികൾ വായിക്കുന്നു.
അക്ഷരം കണ്ടെത്തല്‍ (5മിനുട്ട്)
ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍ ( അ, ആ,ര) നിർദേശിക്കുന്ന കുട്ടികൾ തൊട്ടുകാണിക്കണം.
ചിഹ്നം ചേർന്ന വാക്ക് കണ്ടെത്തല്‍. (5 മിനുട്ട്)
ഊന്നല്‍ നല്‍കുന്ന ചിഹ്നങ്ങള്‍ ചേര്‍ന്ന വാക്ക് എവിടെയാണ്?
നീ എന്ന വാക്കിന് മാത്രം അടിവരയിടുക.
ത് എന്ന് എഴുതിയത് ഏത് വാക്കില്‍
ക്രമത്തില്‍ വായിക്കല്‍ (5 മിനുട്ട്)
ഈ മൂന്നു വരികളും വായിക്കാന്‍ സന്നദ്ധതയുളളവര്‍ വരിക
നിര്‍ദേശിക്കുന്ന ക്രമത്തില്‍ വായിക്കല്‍
രണ്ടാമത്തെ വരി ആദ്യം വായിക്കുക. എന്നിട്ട് ഒന്നാമത്തെ വരി
മൂന്നും രണ്ടും വരികള്‍
ഒന്നും മൂന്നും വരികള്‍
ചങ്ങല വായന ( 5 മിനുട്ട്)
നാലുപേരായി വന്ന് ഓരോരോ വാക്യം വീതം വായിക്കുന്നു
രണ്ടാം തവണ ഓരോരുത്തരും വായിക്കേണ്ടത് ആദ്യം വായിച്ച വാക്യം ആകാതിരിക്കണം
ഭാവാത്മക വായന ( വാക്കില്‍ തൊട്ട് ) (5 മിനുട്ട്)
ഓരോ ഗ്രൂപ്പും ഭാവാത്മകമായി വായിക്കുന്നു.
പഠനത്തെളിവ്:
വായിക്കുന്ന വീഡിയോ
വിലയിരുത്തൽ
നിർദേശിച്ച എല്ലാ കുട്ടികൾക്കും നിർദേശിച്ച വാക്യങ്ങൾ, വാക്കുകൾ, അക്ഷരങ്ങൾ, ചിഹ്നം ചേർന്ന വാക്കുകൾ എന്നിവ കണ്ടെത്താനും വായിക്കാനും സാധിച്ചോ?
പ്രയാസപ്പെട്ടവർ ആരൊക്കെ?
ഭാവാത്മക വായനയില്‍ സഹായം നല്‍കേണ്ടി വന്നോ?
പിരീഡ് നാല് |
പ്രവർത്തനം *പൂക്കൾ കൈമാറ്റ ക്കളി*
പഠന ലക്ഷ്യങ്ങൾ
ശരീരാവയവങ്ങളുടെ ഏകോപനം ആവശ്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിവ് നേടുന്നു.
അടിസ്ഥാന ചാല നൈപുണികൾ വികസിപ്പിക്കുന്നതിനുള്ള ബഹുവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ളകഴിവ് നേടുന്നു.
സമയം :20 മിനുട്ട്
കരുതേണ്ട സാമഗ്രികൾ .അഞ്ച് ചെമ്പരത്തിപ്പൂക്കൾ
പ്രക്രിയ വിശദാംശങ്ങൾ
നമുക്ക് ഒരു കളി കളിക്കാം
കുട്ടികളെ തുല്യ എണ്ണമുള്ള അഞ്ച് ഗ്രൂപ്പ് ആകുന്നു.
കൈ നീട്ടിയാൽ തടാത്ത അകലത്തിൽ ഓരോ ഗ്രൂപ്പും വരിവരിയായി നിൽക്കുന്നു .
ടീച്ചർ ഓരോ വരിക്ക് മുമ്പിലും ഓരോ വരകൾ വരയ്ക്കുന്നു.
അഞ്ചു വരകളുടെയും വലത്തേയറ്റത്ത് ഓരോ ചെമ്പരത്തിപ്പൂ വീതം വയ്ക്കുന്നു.
എല്ലാവരും ചെമ്പരത്തിപ്പൂവിന് അഭിമുഖദിശയിലേക്ക് നിൽക്കണം.
ടീച്ചർ കുട്ടികളോട് നിർദ്ദേശം പറയുന്നു. വിസിൽ മുഴക്കുമ്പോൾ പൂവിനടുത്തു നിൽക്കുന്ന ആൾ പൂവെടുത്ത് തൊട്ട് പുറകിലുള്ള ആൾക്ക് തലക്ക് മുകളിലൂടെ കൈ ഉയർത്തി പുറകിലേക്ക് ഇട്ടുകൊടുക്കണം. ആ പൂവ് താഴെ വിടാതെ പിടിച്ച് അടുത്തയാൾക്ക് കൊടുക്കണം
അങ്ങനെ പൂവ് കൈമാറി കൈമാറി അവസാനത്തെ ആൾക്ക് കിട്ടുകയും ആ ആൾ അതുമായി ഓടിച്ചെന്ന് പൂക്കൂടയിൽ വയ്ക്കുകയും വേണം.
മുന്നിൽ പൂക്കൂടയിൽവെച്ച ഗ്രൂപ്പ് ആണ് ജേതാക്കൾ.
പൂക്കൾ ഉയർത്തി അടുത്തയാൾക്ക് ഇട്ടുകൊടുക്കുന്നതിന് വേണമെങ്കിൽ പരിശീലനം നടത്താവുന്നതാണ്.
പൂക്കൾ പിടിക്കാനാകാതെ എപ്പോൾ താഴെ വീണാലും അത് എടുത്ത് ആദ്യം ഇട്ടയാൾക്ക് തന്നെ കൊടുക്കണം.
ആര് ആദ്യം പൂർത്തീകരിച്ചാലും മറ്റു ഗ്രൂപ്പുകൾ കളി പൂർത്തിയാക്കണം.
കളി നിയമങ്ങൾ ടീച്ചർ കുട്ടികളോട് പങ്കുവെച്ചതിനുശേഷം കളി തുടങ്ങുന്നു.
പഠനത്തെളിവ്
കളിയുടെ വീഡിയോ എല്ലാവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന ഡിജിറ്റൽ വീഡിയോ
വിലയിരുത്തൽ
എത്രപേർക്ക് പൂക്കൾ താഴെ വീഴാതെ പിടിക്കാനായി ?
ആദ്യം നിൽക്കുന്ന ഗ്രൂപ്പ് അംഗത്തിന് ഒന്നാം റൗണ്ടിൽ പൂക്കൾ താഴെ വീഴാതെ പിടിക്കുന്നതിന് അവസരമില്ല. എപ്പോഴാണ് അവസരം ഒരുക്കിയത്?
പൂക്കുട എത്ര ദൂരത്ത് വെച്ചാൽ വേഗത്തിൽ ഓടുക എന്നതിന് അവസരം കിട്ടും?
കൂടുതൽ ഉയർത്തിയിട്ടും കുട്ടികൾ കൂടുതൽ അകന്നുനിന്നും കളിച്ചപ്പോൾ എന്തായിരുന്നു ഫലം ?
പ്രവര്‍ത്തനം: ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം: 20 മിനിറ്റ്
പ്രക്രിയ വിശദാംശങ്ങൾ
ഘട്ടം 1 (5 മിനുട്ട്)
ഇന്ന് നാം പഠിച്ച വാക്യങ്ങള്‍ പറയാമോ? മൂന്ന് വാക്യങ്ങളും പറയിക്കുന്നു.
ആര്‍ക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതാം? ചെറുകഷണം ചോക്കുകള്‍ നല്‍കുന്നു. എല്ലാവരും വന്ന് ബോര്‍ഡില്‍ എഴുതുന്നു.
ഘട്ടം 2 ( 15 മിനുട്ട്)
എല്ലാവരും എഴുതി എന്നുറപ്പാക്കുന്നു.
അതിനു ശേഷം എഡിറ്റിംഗിനുളള ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
എന്തെല്ലാമാണ് പരിഗണിക്കുക? ചുവടെയുളള ക്രമം സ്വീകരിക്കാം.
വാക്കകലം പാലിച്ചാണോ എല്ലാവരും എഴുതിയത്?
ആരെങ്കിലും എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നുണ്ടോ
വാക്കില്‍ഏതെങ്കിലും അക്ഷരം വിട്ടുപോയിട്ടുണ്ടോ? എവിടെ?
വാക്കില്‍ ചിഹ്നം വിട്ടുപോയിട്ടുണ്ടോ?
അക്ഷരം മാറിപ്പോയിട്ടുണ്ടോ? ( അ, ആ)
ചിഹ്നം മാറിപ്പോയിട്ടുണ്ടോ?
അക്ഷരമോ ചിഹ്നമോ കൂടുതലായി ചേര്‍ത്തിട്ടുണ്ടോ?
അക്ഷരത്തിന്റെ ഘടന പാലിച്ചിട്ടുണ്ടോ? (അ എന്ന് എല്ലാവരും എഴുതിയത് ഒരുപോലെയാണോ?
അങ്ങനെ ഓരോരോ അക്ഷരമായി എടുത്ത് വിശകലനം ചെയ്ത് എഡിറ്റ് ചെയ്തു മെച്ചപ്പെടുത്തണം.
പഠനത്തെളിവ്
ബോര്‍ഡില്‍ കുട്ടികളെഴുതിയത് മെച്ചപ്പെടുത്തി എഴുതിയശേഷമുളള ഫോട്ടോ
വിലയിരുത്തല്‍
പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ടോ?
ബോര്‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പെള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?
ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?
ആര്‍ക്കൊക്കെയാണ് കൂടുതല്‍ സഹായം തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്?
പ്രതിദിന വായനപാഠം
വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment