ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 29, 2025

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7

 ക്ലാസ് : ഒന്ന്

യൂണിറ്റ് : 2

പാഠത്തിന്റെ പേര്  : പൂവ് ചിരിച്ചു

ടീച്ചര്‍ : ദീപ.എം,  

ഗവ.യു.പി.സ്കൂൾ കൂടശ്ശേരി

കുറ്റിപ്പുറം, മലപ്പുറം

കുട്ടികളുടെ എണ്ണം : ……...

ജരായവര്‍: ……...

തീയതി : …./07/2025

പിരീഡ് ഒന്ന്

പ്രവർത്തനം : വായനാപാഠവും പിന്തുണയും

സമയം - 40 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍.

  • ക്ലാസില്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണം……..

  • ഇവര്‍ക്ക് വായനാനുഭവം ഒരുക്കുന്നതിനായി ഇവരെ പല പഠനക്കൂട്ടങ്ങളിലാക്കുന്നു.

  • ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഇവരുള്‍പ്പടെ രണ്ട് പേര്‍ വരുന്നു

  • മുന്‍ദിവസങ്ങളിലെ ചാര്‍ട്ട് സഹായത്തോടെ വായിപ്പിക്കുന്നു. നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ കണ്ടെത്തുന്നു

  • മുന്‍ദിവസങ്ങളില്‍ ഹാജരാകാത്ത കുട്ടികള്‍ക്ക് ചുവടെയുള്ള വാക്യങ്ങള്‍ വായിക്കാന്‍ അവസരം. കുഞ്ഞെഴുത്ത് ബുക്ക് അവരുള്‍പ്പെടുന്ന പഠനക്കൂട്ടത്തിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കല്‍

    • നീ ആരാ 

    • ആരാ നീ

    • ഞാൻ ആട്

    • ആട് ഇല തിന്നും

    • പാവം ചെടി

  • പൂക്കളുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങളും അറിഞ്ഞ കാര്യങ്ങളും പങ്കിടുന്നു. ( ഒരാള്‍ക്ക് ഒരു കാര്യം വീതം പറയാം

  • പൂക്കളുമായി ബന്ധപ്പെട്ട പാട്ടുകള്‍ അവതരിപ്പിക്കുന്നു.

പിരീഡ് രണ്ട്

പ്രവര്‍ത്തനം പാവം ചെടി (എഴുതാം )

പഠനലക്ഷ്യങ്ങള്‍:

1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.

2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും  താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.

സമയം: 40 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

ആദ്യം സൂര്യന് നിറം നല്‍കണം. എന്ത് നിറം? കുട്ടികളുടെ പ്രതികരണം. പൊതുധാരണപ്രകാരം നിറം നല്‍കല്‍

ലേഖന പ്രക്രിയ ( ഇതുവരെ സ്വീകരിച്ചതില്‍ നിന്നും ഭേദഗതി വരുത്തിയത്)

സന്നദ്ധയെഴുത്ത്.

ചൂട് കൂടി 

എഴുതാന്‍ ആര്‍ക്കെല്ലാം എന്നെ സഹായിക്കാംചൂ എന്ന് എങ്ങനെ എഴുതും? ഊ സ്വരത്തിന്റെ ചിഹ്നം എഴുതുന്ന രീതി ശ്രദ്ധയില് പെടുത്തുന്നുചൂ എഴുതി ട് ആര്‍ക്കെഴുതാം? ചൂ ഇങ്ങനെ എങ്കില്‍ കൂ എന്ന് എങ്ങനെയായിരിക്കും എഴുതുക? സന്നദ്ധതയുള്ളവര്‍ ബോര്‍ഡില്‍ വന്ന് എഴുതട്ടെ. തുടര്‍ന്ന് ഘടന പാലിച്ച് ടീച്ചര്‍ ചൂട് കൂടി എന്ന് എഴുതുന്നുതുടര്‍ന്ന് എല്ലാവരും സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍ ചൂട് കൂടി എന്ന് എഴുതണം.

പിന്തുണ നടത്തം

  • ഊ സ്വരത്തിന്റെ ഘടനയ്ക് ഊന്നല്‍. ആവശ്യമെങ്കില്‍ കട്ടിക്കെഴുത്ത്.

തനിച്ചെഴുത്ത് 

ചുവടെയുള്ള ഓരോ വാക്യവും സാവധാനം പറഞ്ഞു കൊടുക്കുന്നു. എഴുതേണ്ട സ്ഥാനവും വ്യക്തമാക്കുന്നു. ചെടി വാടി എന്നത് ഇല വാടി എന്നത് എഴുതാനുള്ളതിന്റെ തൊട്ട് താഴെ എഴുതണം

  1. ഇല വാടി ( ഇ എന്ന അക്ഷരത്തിന് പുനരനുഭവം കിട്ടുന്നതിന്)

  2. ചെടി വാടി  

  3. പാവം ചെടി 

ബോര്‍ഡെഴുത്ത് 

കുട്ടികള്‍ എഴുതിക്കഴിഞ്ഞാല്‍ ടീച്ചര്‍ ബോര്‍ഡില്‍ ഓരോ വാക്യവും എഴുതുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തി ഓരോ അക്ഷരത്തിനും ശരി അടയാളം നല്‍കുന്നു. മൊത്തം ആറ് ശരി കിട്ടിയവരാരെല്ലാം? ( അക്ഷരബോധ്യച്ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു)

  • ചെടിയുടെ ഇലകളെല്ലാം കരിയാന്‍ തുടങ്ങി. ഇനി എന്തു ചെയ്യും? അത് വളരുമോ? പൂക്കുമോ?

കുട്ടികളുടെ പ്രതികരണങ്ങള്‍

പ്രതീക്ഷിത ഉല്പന്നം

  • കുഞ്ഞെഴുത്ത് പുസ്തകത്തിലെ രേഖപ്പെടുത്തല്‍

വിലയിരുത്തല്‍

  • സന്നദ്ധയെഴുത്ത് നടത്തുന്നതിന് എത്രപേര്‍ മുന്നോട്ടു വന്നു? അവരില്‍ എത്രപേര്‍ ശരിയായ രീതിയില്‍ എഴുതി?

  • തനിച്ചെഴുത്ത് സമയം ശ്രദ്ധയില്‍പ്പെട്ട ലേഖനപ്രശ്നങ്ങള്‍ എന്തെല്ലാമാണ്?

പിരീഡ് മൂന്ന്

പ്രവര്‍ത്തനം പാവം ചെടി (‍വായന)

പഠനലക്ഷ്യങ്ങള്‍:

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക

സമയം 30: മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍ സ്വതന്ത്രവായനപാഠം എഴുതിയ ചാര്‍ട്ട്

പ്രക്രിയാ വിശദാംശങ്ങൾ

ചങ്ങലവായന 

ചൂട് കൂടി

ഇല വാടി

ചെടി വാടി  

പാവം ചെടി 

ബഞ്ചിന്റെ അറ്റത്തിരിക്കുന്ന ആള്‍ ആദ്യ വാക്യം വായിക്കുന്നു.. അടുത്തയാള്‍ അടുത്ത വാക്യം. ഇങ്ങനെ നാലാമത്തെ ആള്‍ കഴിഞ്ഞാല്‍ വീണ്ടും ആദ്യ വാക്യം. എല്ലാവരും ഒരു വാക്യമെങ്കിലും വായിച്ചു എന്നുറപ്പാക്കുന്നു.

സ്വതന്ത്രവായനപാഠം ക്ലാസില്‍ ( പിന്തുണപ്രവര്‍ത്തനം)

തുടര്‍ന്ന് വ്യക്തിഗതവായനയ്ക്  ചാര്‍ട്ടില്‍ സ്വതന്ത്രവായനപാഠം നൽകുന്നു.

  • ഇതില്‍ ഏതൊക്കെ വാക്യങ്ങള്‍ തനിയെ വായിക്കാനറിയാം?

  • മുഴുവനും അറിയാവുന്നവര്‍?

  • മൂന്നെണ്ണം വായിക്കാനറിയാവുന്നവര്‍

  • രണ്ടെണ്ണം വായിക്കാനറിയാവുന്നവര്‍ എന്നിങ്ങനെ കണക്കെടുക്കുന്നു.

  • ഒരു വാക്യം മാത്രം വായിക്കാന്‍ കഴിയുന്നവര്‍

  • ചില വാക്കുകള്‍ മാത്രം അറിയുന്നവര്‍

പുഴു വന്നു, പുഴു വന്നു

ആട് വന്നു, ചെടി തിന്നു

ചൂട് കൂടി, ചെടി വാടി

ചെടി പാവം, പാവം ചെടി

  • വാക്കുകള്‍ മാത്രം അറിയുന്നവര്‍ വന്ന് അറിയാവുന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടി വായിക്കുന്നു.

  • അറിയാത്ത വാക്കുകള്‍ മറ്റുള്ളവരുടെ സഹായത്തോടെ വായിക്കുന്നു.

  • പഠനക്കൂട്ടങ്ങളില്‍ ഓരോ വാക്യം വീതം സഹവര്‍ത്തിത രീതിയില്‍ ക്രമമായും നിര്‍ദേശിക്കുന്ന ക്രമത്തിലും വായിച്ച് ഗ്രൂപ്പിലെ എല്ലാവരും മുഴുവന്‍ വാക്യങ്ങളും വായിക്കാന്‍ കഴിവു നേടണം.

  • ഏതു ഗ്രൂപ്പാണോ എല്ലാവരും വായിക്കാനായി ആദ്യം റെഡിയാകുന്നത് അവരെ വായനയ്കായി ക്ഷണിക്കുന്നു.

  • ഓരോ വാക്യം വീതം വായിപ്പിക്കുന്നു.

  • തുടര്‍ന്ന് മറ്റ് ഗ്രൂപ്പുകള്‍ക്ക് അവസരം

താളാത്മക വായന

ഗ്രൂപ്പായി താളമിട്ട്  ചാര്‍ട്ടില്‍ ചൂണ്ടി വായിക്കുന്നു.

എല്ലാ ഗ്രൂപ്പുകളുടെയും വായന നടക്കണം

വാക്ക് കണ്ടെത്തല്‍ (ചിഹ്നപരിഗണനയോടെ) മത്സരം

ശരിയായ കണ്ടെത്തല്‍ നടത്തുന്ന പഠനക്കൂട്ടത്തിന് ഒരു പോയന്റ്. ചോദ്യം പഠനക്കൂട്ടത്തോടാണ്. പരസ്പരം ആലോചിച്ച് ഉത്തരം പറയണം. സ്വതന്ത്രവായനപാഠം എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.

  1. പു എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 1)

  2. പാ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 2)

  3. വാ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 3)

  4. വം എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 4)

  5. കൂ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 1)

  6. ചെ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 2)

  7. ചൂ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?(ഗ്രൂപ്പ് 3)

  8. ടി എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 4)

കൂടുതല്‍ പോയിന്റെ ലഭിച്ചവര്‍ക്കുള്ളത്

  1. ട് എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?

  2. തി എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?

വിലയിരുത്തല്‍

  • ഏതെല്ലാം അക്ഷരങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കി ?

  • ഇനിയും സഹായം വേണ്ടവരാരെല്ലാം?

  • സ്വതന്ത്ര വായനസാമഗ്രി ഉപയോഗിച്ചത് നിലവാരം വിലയിരുത്താന്‍ സഹായകമായോ?

  • ഭിന്നനിലവാരക്കാരെ ഉള്‍പ്പെടുത്തി നടത്തിയ സഹവര്‍ത്തിത വായന പ്രവര്‍ത്തനം എത്രമാത്രം ഫലപ്രദമായി?

  • ചങ്ങലവായനയില്‍ എത്രപേര്‍ക്ക് സഹായം വേണ്ടിവന്നു?

  • സ്ഥിരം ഹാജരില്ലാത്ത കുട്ടികളുടെ പ്രതികരണം ഓരോ പ്രവര്‍ത്തനത്തിലും എങ്ങനെയായിരുന്നു?

  • ചിഹ്നപരിഗണനയോടെ വാക്ക് കണ്ടെത്തല്‍ പ്രവര്‍ത്തനത്തില്‍ എത്രകുട്ടികള്‍ക്ക് സഹായം വേണ്ടിവന്നു

പിരീഡ് നാല്

പ്രവര്‍ത്തനം- ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങള്‍

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും  താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം  20 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  • ഓരോ പഠനക്കൂട്ടത്തില്‍ നിന്നും രണ്ട് പേര്‍ വീതം വരുന്നു.( ഒരാള്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളയാളാകണം. മറ്റേ ആള്‍ സഹായിക്കാന്‍ കഴിയുന്ന ആളും). രണ്ടുപേരുടെയും കൈയക്ഷരം നിര്‍ബന്ധം. ഒരാള്‍ ഒരു വാക്ക് അടുത്തയാള്‍ അടുത്ത വാക്ക് . എഴുതുമ്പോള്‍ പരസ്പരം സഹായിക്കാം.

  • മറ്റ് പഠനക്കൂട്ടം നിര്‍ദേശിക്കുന്ന ഒരു വാക്യം (സ്വതന്ത്ര വായന പാഠത്തിലുള്ളത്) ചാര്‍ട്ട് നോക്കാതെ എഴുതണം

  • ഓരോരോ പഠനക്കൂട്ടമായി ഓരോ കാര്യം വീതം പരിശോധിച്ച് അംഗീകാരം നല്‍കണം.

  • ഇങ്ങനെ എഴുത്തനുവഭവവും എഡിറ്റിംഗ് അനുഭവവും എല്ലാ പഠനക്കൂട്ടങ്ങള്‍ക്കും ലഭിക്കണം.

വിലയിരുത്തല്‍

  • എഡിറ്റിംഗ് രീതിയില്‍ മാറ്റം വരുത്തിയത് ഫലപ്രദമായോ?

  • ടീം എഴുത്തില്‍ പരസ്പര സഹായം നല്‍കിയോ?

പ്രവര്‍ത്തനം: അരങ്ങ് (അഭിനയം)

പഠനലക്ഷ്യങ്ങള്‍:

1. വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ വിവിധ സന്ദര്‍ഭങ്ങളെ കൂട്ടായി നിസ്സങ്കോചം സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നു

സമയം: 10 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: മുഖംമൂടി/ചിത്രം- ആകാശം, മേഘം, ചെടി

പ്രക്രിയാവിശദാംശങ്ങള്‍

ചെടിയുടെ കരച്ചില്‍ ആകാശം കേട്ടു. ആകാശം ഇരുണ്ടു. കാര്‍മേഘം വന്നു ( കട്ടൗട്ട് പ്രദര്‍ശിപ്പിക്കുന്നു) ചെടിയെ നോക്കി. പിന്നെ മഴത്തുള്ളികള്‍ താഴേക്ക് വീഴാന്‍ തുടങ്ങി. അപ്പോള്‍ വണ്ട് പറഞ്ഞു 

"ആതാ മഴ.”

ചെടിയുടെ ഇലകളില്‍ തണുത്ത മഴത്തുള്ളി വീണുതണ്ടിലും മഴത്തുളളികള്‍ വീണു. വേരിലേക്ക് മഴത്തുള്ളി‍ ചെന്നു 

വേര് വെളളം വലിച്ചെടുത്തപ്പോള്‍ തണ്ട് നിവരാന്‍ തുടങ്ങി. തണ്ട് ഇലകള്‍ക്ക് വെള്ളം കൊടുത്തപ്പോള്‍ ഇലകള്‍ നിവര്‍ന്നു. ചെടി നിവര്‍ന്നു. ചെടിക്ക് സന്തോഷമായി അത് പുഞ്ചിരിച്ചു. സന്തോഷം തോന്നിയപ്പോള്‍ ചെടി പാടി ( ചെടിയുടെ കട്ടൗട്ട് ഉപയോഗിച്ച് പാടുന്നു)

മഴ വന്നു

മഴ വന്നു

ലലലാ ലലലാ

മഴ വന്നു 

(കുട്ടികള്‍ക്ക് ഏറ്റ് പാടാന്‍ അവസരം.)

ഇനി പൂക്കാമല്ലോ? ചെടി വിചാരിച്ചു. ചെടിയുടെ സന്തോഷം കണ്ട് മഴ നിറുത്താതെ പെയ്തു. തോരാതെ പെയ്തു. ചെടിക്ക് മൊട്ടു വന്നു. പക്ഷേ മഴ തോരുന്നില്ല. വെള്ളം പൊങ്ങി പൊങ്ങി വന്നു. വഴിയിലും പറമ്പിലുമെല്ലാം വെള്ളം കയറി. വീട്ടിലും വെള്ളം കയറി. ചെടി മുങ്ങിപ്പോകുമോ?

  • കുട്ടികള്‍ക്ക് കട്ടൗട്ടുകള്‍ ഉപയോഗിച്ച് കഥാഭാഗം പറയാന്‍ അവസരം.

  • ചെടിയായി സ്വയം സങ്കല്പിച്ച് മഴയനുഭവം അവതരിപ്പിക്കല്‍ ( സംഭാഷണം ചേര്‍ക്കാം)

കുട്ടികളുടെ പ്രതികരണങ്ങള്‍

വിലയിരുത്തല്‍

കുട്ടികളുടെ പങ്കാളിത്തത്തോടെ വിലയിരുത്തല്‍ നടത്തുന്നു.

  • എനിക്ക് ഏതു ഭാഗമാണ് നന്നായി ചെയ്യാന്‍ കഴിഞ്ഞത്?

  • എവിടെയാണ് പ്രയാസം നേരിട്ടത്?

  • ഒരു തവണകൂടി ചെയ്താല്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമോ?

  • വിലയിരുത്തൽ

  • അഭിനയത്തിലെ എല്ലാവരുടെയും പങ്കാളിത്തം

  • സന്ദർഭം ഉൾക്കൊണ്ട് ശരീരഭാഷയിൽ വ്യത്യാസം വരുത്താനുള്ള കഴിവ്

  • കുട്ടികൾ നടത്തിയ വിലയിരുത്തലിന്റെ മികവ്

വായനപാഠം ( തുടര്‍ പ്രവര്‍ത്തനം)

ശബ്ദസന്ദേശമായി ഊ സ്വരത്തിന്റെ ചിഹ്നത്തിന് ഊന്നല്‍ നല്‍കുന്ന വായനപാഠത്തിന്റെ ഉള്ളടക്കം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടുന്നു. രക്ഷിതാവിന്റെ സഹായത്തോടെ വായനപാഠം ഉണ്ടാക്കട്ടെ. ചിത്രം വരയ്കുകയോ ഒട്ടിക്കുകയോ ആകാം. രക്ഷിതാക്കള്‍ തയ്യാറാക്കിയ വായനപാഠം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടണം. അതിന് ശേഷമാണ് ടീച്ചര്‍ വേര്‍ഷന്‍ നല്‍കേണ്ടത്.

വരൂ വരൂ

കുട തരൂ

ആന വന്ന്

കുട ചൂടി

, ഊ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സഹായകമായ വായനപാഠം എത്രപേര്‍ക്ക് തനിയെ വായിക്കാനായി? ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കളും ഈ പ്രവര്‍ത്തനം ചെയ്യണം. അടുത്ത ദിവസം കുഞ്ഞെഴുത്ത് ക്ലാസില്‍ വെച്ച് പൂരിപ്പിക്കാന്‍ ഈ അനുഭവം പ്രയോജനപ്പെടുത്താം.

ചിഹ്നബോധ്യച്ചാര്‍ട്ട് പൂരിപ്പിക്കുന്നു

കൂടുതല്‍ പിന്തുണ വേണ്ടവര്‍ ആരെല്ലാം?






അവര്‍ക്കായി ഉപപാഠങ്ങള്‍ തയ്യാറാക്കുന്നു

അനുബന്ധം 
ആസൂത്രണക്കുറിപ്പുകള്‍ വായിക്കാം. ക്ലിക് ചെയ്യുക
കുഞ്ഞുപുസ്തകം


 

No comments: