ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 29, 2025

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5

ക്ലാസ് : ഒന്ന്

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു

ടീച്ചര്‍: ഉമ്മുൽഖൈർ യു

ജി.എം.എൽ.പി.എസ് കൂമണ്ണ

 വേങ്ങര, മലപ്പുറം

കുട്ടികളുടെ എണ്ണം : .......

ഹാജരായവർ : .......

തീയതി : …./07/2025

പിരീഡ് ഒന്ന്

പ്രവർത്തനം 1. വായനാ പാഠവും പിന്തുണയും ക്ലാസ് എഡിറ്റിംഗും കഥാവേലയും ( ക്ലാസ് തുടങ്ങുന്നത് കഴിഞ്ഞ ദിവസത്തെ പ്രവർത്തനാവലോകനത്തിലൂടെ )

പ്രതീക്ഷിത സമയം : 40 മിനിറ്റ്

വായനപാഠം

തലേ ദിവസം നൽകിയ വായനാ പാഠം ബോർഡിൽ

ക്രമത്തിൽ വായനയും ക്രമരഹിത വായനയും

വായനപാഠം

അവതരണരീതികൾ

ചെടി : അരുത് തിന്നരുത് . അരുത് തിന്നരുത് .

പുഴു : തിന്നും നിന്നെ ഞാൻ തിന്നും

ഇലക്കൂട്ടവും പുഴുക്കൂട്ടവുമായി ഭാവാത്മകവായന

  • അപേക്ഷ രീതിയിൽ ദയനീയമായി ( ചെടി )

  • ആജ്ഞാരീതിയിൽ ശക്തമായി ( ചെടി )

  • പ്രതിരോധ രീതിയിൽ മുദ്രാഗീതമായി . ( ചെടി )

പുഴുവിൻ്റെ പ്രതികരണം എങ്ങനെയായിരിക്കും ?

കഥാവേള ( 10 മിനിറ്റ് )

  • വീട്ടിൽ വായിച്ചു കേട്ട കഥ ഒന്നോ രണ്ടോ പേർ അവതരിപ്പിക്കുന്നു .

ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങൾ :

1. അക്ഷരങ്ങളുടേയും പുനരനുഭവ സന്ദർശക വാക്കുകളുടെയും തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്‌ക്കും കൂട്ടായ്‌മ മുതിർന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്‌ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു .

പ്രതീക്ഷിത സമയം : 20 മിനിറ്റ്

വിവരങ്ങളുടെ വിശദാംശങ്ങൾ

  • കുഞ്ഞു വിത്തിൻ്റെ കഥയിലെ ചെടി , പുഴു , ഉറുമ്പ് എന്നിവയുമായി ബന്ധപ്പെട്ട് എന്തെല്ലാം നിങ്ങൾക്ക് എഴുതാനറിയാം ? എല്ലാവരും വന്ന് എന്തെങ്കിലും ഒരു വാക്യം എഴുതൂ . എല്ലാവരും എഴുതി എന്ന് ടീച്ചർ ഉറപ്പാക്കണം .

  • ബോർഡിൽ മൂന്ന് കോലം വരയ്ക്കുന്നു

ചെട്ടി

പുഴു

ഉരുമ്പ്





ചെടി , പുഴു , ഉറുമ്പ് എന്ന് തലക്കെട്ട് നൽകുന്നു . ആ കോളത്തിലാണ് ഇന്ന് വാക്യങ്ങൾ എഴുതേണ്ടത് . ഒരു കുട്ടി ഏതെങ്കിലും ഒരു കോളത്തിൽ ഒരു വാക്യം എഴുതിയാൽ മതി

എഴുതിയ ശേഷം ചർച്ച . ( പ്രശ്നം കണ്ടെത്തലും സന്നദ്ധരായവരെക്കൊണ്ട് മെച്ചപ്പെടുത്തി എഴുതലും )

  • വാക്യവും കഥാപാത്രവും മാറിപ്പോയിട്ടുണ്ടോ? ( ആശയതലം)

  • ഒരേ കഥാപാത്രം ഒന്നിലധികം വാക്യം പറഞ്ഞത് പരിഗണിച്ചുവോ? ( ആശയതലം)

  • മുകളില്‍ ആദ്യം എഴുതിയത് പകര്‍ത്തുന്നതിന് ശ്രമിച്ചവരുണ്ടോ?

  • വാക്കകലം പാലിച്ചാണോ എല്ലാവരും എഴുതിയത്? (പദതലം)

  • അക്ഷരമോ ചിഹ്നമോ കൂടുതലായി ചേര്‍ത്തിട്ടുണ്ടോ?

  • വാക്കിൽ ‍ഏതെങ്കിലും അക്ഷരം വിട്ടുപോയിട്ടുണ്ടോ? എവിടെ?

  • ചിഹ്നം വിട്ടുപോയിട്ടുണ്ടോ?

  • അക്ഷരം മാറിപ്പോയിട്ടുണ്ടോ

  • ചിഹ്നം മാറിപ്പോയിട്ടുണ്ടോ

  • അക്ഷരത്തിന്റെ ഘടന പാലിച്ചിട്ടുണ്ടോ?

  • ആരെങ്കിലും എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നുണ്ടോ

പ്രതീക്ഷിത ഉല്പന്നം

  • ബോര്‍ഡില്‍ കുട്ടികളെഴുതിയത് മെച്ചപ്പെടുത്തി എഴുതിയശേഷമുളള ഫോട്ടോ

വിലയിരുത്തല്‍

  • മുന്‍ തവണത്തേതിനേക്കള്‍ ശ്രദ്ധയോടെ എഴുതാന്‍ ശ്രമിച്ചുവോ?

  • ബോര്‍ഡെഴുത്തിന് സന്നദ്ധരാകാത്ത കുട്ടികളുണ്ടോ?

  • വ്യക്തിഗത പിന്തുണ ലഭിച്ച കുട്ടികള്‍ എങ്ങനെയാണ് ബോര്‍ഡെഴുത്തില്‍ പ്രതികരിച്ചത്?

  • ബോര്‍‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പെള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?

  • ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?

പിരീഡ് രണ്ട്

പ്രവര്‍ത്തനം 2 : പൂമണത്തിനു പോകുന്നു ( ചോദ്യോത്തരപ്പാട്ട്)

പഠനലക്ഷ്യങ്ങള്‍:

1. പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നു.

2. പാട്ടിനും ആശയത്തിനും താളാത്മകമായശബ്ദത്തിനും അനുസൃതമായി താളത്തിൽ ചുവടുവെക്കുക

സമയം: 30 മിനിറ്റ്

രാവിലെ കുഞ്ഞുചെടി ഉണര്‍ന്നു. എങ്ങിനെയായിരിക്കും കുഞ്ഞു ചെടി ഉണരുക (അഭിനയം

കൂട്ടുകാരെ ആരെയും കാണുന്നില്ലല്ലോ? കുഞ്ഞു ചെടി കൂട്ടുകാരെ തിരഞ്ഞു (അഭിനയം

അപ്പോള്‍ അതാ കുഞ്ഞിക്കാറ്റ് ഇലകളിളക്കി വരുന്നു . വിരൽ ദൂരേയ്ക്ക് ചൂണ്ടി ( ആംഗ്യം) (കാഴ്ചകാണുന്നതായി അഭിനയം) പക്ഷേ കുഞ്ഞിക്കാറ്റ് ചെടിയുടെ അടുത്ത് തങ്ങിയില്ല

കുഞ്ഞിച്ചെടി ചോദിച്ചു:

കാറ്റേ കാറ്റേ നീയെങ്ങോട്ടാ-

ണിത്ര തിരക്കിട്ടോടുന്നൂ? ( ഭാവം)

കാറ്റ് മറുപടി പറഞ്ഞു:

അങ്ങേ മലയില്‍ പൂത്ത പൂവിന്‍

പൂമണത്തിനു പോകുന്നു ( ഭാവം)

ചെടി

ഏതു പൂവിന്‍ പൂമണത്തി,-

ന്നിത്ര തിരക്കിട്ടോടുന്നു?

ഇത്രയും ഭാഗം ഒന്നോ രണ്ടോ തവണ ചൊല്ലി രസിക്കുന്നു. കാറ്റും ചെടിയുമായി രണ്ടു ഗ്രൂപ്പുകളായി അവതരിപ്പിക്കുന്നു. ആംഗ്യവും ഭാവവുമെല്ലാം വരണംതുടര്‍ന്ന് രണ്ടാം ഭാഗം ഏറ്റ് ചൊല്ലുന്നു.

കുുഞ്ഞിക്കാറ്റ് :

മുല്ലപ്പൂവിന്‍ പൂമണത്തിനു

പോകുന്നൂ ഞാന്‍ പോകുന്നൂ.

ഇങ്ങോട്ടോടി വരുമ്പോള്‍ ഞാന്‍

പുതിയൊരു കാറ്റ് പൂങ്കാറ്റ്…

കൂട്ടമായി പാടിയ ശേഷം വീണ്ടും രണ്ടു ഗ്രൂപ്പാകുന്നു. ചെടിഗ്രൂപ്പും കഞ്ഞിക്കാറ്റ്ഗ്രൂപ്പും. ചോദ്യോത്തരപ്പാട്ടായി അവതരിപ്പിക്കുന്നു.

ചുവടെയുളള വരികള്‍ പലതവണ ചൊല്ലുന്നു. മുല്ലപ്പൂവിന് പൂമണത്തിന് എന്ന വരിയില്‍ പുതിയ പൂക്കളുടെ പേരു ചേര്‍ത്ത് പാടണം. (പുതിയ പൂക്കളുടെ പേര് കുട്ടികൾ പറയുമ്പോൾ ടീച്ചർ പ്രോത്സാഹിപ്പിക്കും)

മണമുളള പൂക്കളുടെ പേരുമാത്രമേ ചേര്‍ക്കാവൂ.

ഏതു പൂവിന്‍ പൂമണത്തി,-

ന്നിത്ര തിരക്കിട്ടോടുന്നു?

കുഞ്ഞിക്കാറ്റ് :

…………..പൂവിന്‍ പൂമണത്തിനു

പോകുന്നൂ ഞാന്‍ പോകുന്നൂ.

ഇങ്ങോട്ടോടി വരുമ്പോള്‍ ഞാന്‍

പുതിയൊരു കാറ്റ് പൂങ്കാറ്റ്…

പ്രതീക്ഷിത ഉല്പന്നം

പുതിയ പൂക്കളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത പാട്ട് (ഓഡിയോ)

വിലയിരുത്തല്‍

  • ചോദ്യോത്തരപ്പാട്ടില്‍ റോളുകള്‍ മാറി ചെയ്തപ്പോഴുള്ള അനുഭവം എന്തായിരുന്നു?

  • ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കുറച്ച് കൂടുതല്‍ ഗ്രൂപ്പുകള്‍ക്ക് അവസരം നല്‍കിയോ?

  • എപ്പോഴൊക്കെയാണ് സഹായം വേണ്ടി വന്നത്?

  • പൂക്കൾ വിരിഞ്ഞെന്ന് നാട്ടിലേക്ക് എങ്ങനെയാണ് അറിയുന്നത് ? എന്നു ചോദിച്ചപ്പോഴുള്ള പ്രതികരണമെന്തായിരുന്നു?

പിരീഡ് 3

പ്രവർത്തനം 3: ആടും ചെടിയും (എഴുതാം)

പഠനലക്ഷ്യങ്ങള്‍:

1. അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലുപ്പം , ഘടന , ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂര്‍ത്തിയാക്കുക.

2. അക്ഷരങ്ങളുടേയും പുനരനുഭവ സന്ദർഭങ്ങളിലും തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്‌ക്കും മെച്ചപ്പെടുത്തുന്നതിനും കഴിയുക.

സമയം:  30 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ: 

മാർക്കർ , ചാർട്ട് , പിന്തുണ ബുക്ക് ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ

ഊന്നൽ അക്ഷരങ്ങളും ചിഹ്നങ്ങളും

  • ബാക്കി എല്ലാം മുൻ ഫ്രെയിമിലെ അക്ഷരങ്ങളുടെ പുനരനുഭവമാണ് . (തെളിവെടുത്തെഴുതണം)

പ്രക്രിയാവിശദാംശങ്ങള്‍

കഥാഭാഗം ഭാവാത്മകമായി അവതരിപ്പിക്കുന്നു

ചെടി വളർന്നു . കൂടുതൽ ഇലകളായി . ഉയരവും വെച്ചു. പൂത്തുമ്പി വന്നു

" ഹായ്"

" ഹായ് "

അപ്പോൾ ഒരു ശബ്ദം . ഒരാൾ ചാടിവരുന്നു . അത് സന്തോഷത്തോടെ ബേ ബേ എന്നു വെച്ചു . എങ്ങനെയാ ശബ്ദം ഉണ്ടാക്കിയത് ആരാ വന്നത്?

ആട് വന്നു

എങ്ങനെയാ വന്നത്?

ചാടി വന്നു.

ചെടി ആദ്യമായി ബേ ബേയെക്കാണുകയാ . ചെടി ചോദിച്ചു : " നീ ആരാ?

ആട് അനങ്ങാതെ കൊതിപിടിച്ച് നിൽക്കുകയാണ് . ചെടി വീണ്ടും ചോദിച്ചു : ആരാ നീ?” 

ആട് മറുപടി പറഞ്ഞു : " ഞാൻ ആട് "

ആട് ചെടിയോട് പറഞ്ഞു . നല്ല ചെടി എനിക്ക് നിന്നെ ഇഷ്ടമായി . ചിരിച്ചു ചെടി . ആട് ചെടിയോട് പറഞ്ഞു : " ഞാൻ നിന്നെ മണത്തോട്ടെ"

സമ്മതിച്ചു . ആട് ചെടിയോട് ചോദിച്ചു ഞാൻ നിന്നെ ഒന്നു നക്കിക്കട്ടെ . സമ്മതിച്ചു . ഇതു കണ്ട കുഞ്ഞുകോഴി പറഞ്ഞു : " ആട് ചെടി തിന്നും.”

അതുപോലെ സംഭവിച്ചു . " ബേ .. ബേ .. ഞാൻ നിന്നെ ഒന്നു രുചിച്ചു നോക്കട്ടെ " എന്നു പറഞ്ഞ് ആട് ചപ്പ്ചപ്പെന്ന് ചെടി കടിച്ചുപറിച്ച് ചവച്ച് തിന്നാൻ തുടങ്ങി ( അഭിനയം)

ചെടിക്ക് വേദനിച്ചു . ചെടി നിലവിളിച്ചു . ഇലയെല്ലാം തിന്നശേഷം ആട് നമ്പും തണ്ടുമെല്ലാം കടിച്ചുമുറിച്ച് തിന്നു . ചെടി കുറ്റിയായി . ഇതുകണ്ട കുഞ്ഞുകോഴി പറഞ്ഞു : " പാവം ചെടി!”

ഇനി എങ്ങനെ പൂവിടും ? ( കുട്ടികളുടെ പ്രതികരണങ്ങൾ.)

പങ്കാളിത്ത എഴുത്ത്

സചിത്രപ്രവർത്തന പുസ്തകം നിവർത്തി കഥാസന്ദര്ഭം കണ്ടെത്തൽ

ആരാണ് വരുന്നത്?

ആട് വന്നു

എങ്ങനെയാ വന്നത്?

ചാടി വന്നു.

ഇത് എഴുതാന്‍ എന്നെ സഹായിക്കാമോ? ആട് എന്ന് എഴുതാൻ ആര് സഹായിക്കും? സന്നദ്ധതയുളളവര്‍ വന്ന് ബോര്‍ഡില്‍ സാവധാനം പറഞ്ഞെഴുതണം. മറ്റുളളവര്‍ക്ക് അത് മെച്ചപ്പെടുത്താം. എല്ലാവരും സമ്മതിച്ചാല്‍ ടീച്ചര്‍ അത് ചാര്‍ട്ടില്‍ എഴുതുംആട് വന്നു

ഇനി അടുത്ത വാക്യം. ചാടി വന്നു

ഈ വാക്യം എഴുതാന്‍ ആര്‍ക്ക് സഹായിക്കാം? ചാടി വന്നു എന്നെഴുതാന്‍ അറിയാവുന്നവര്‍ കൈപൊക്കൂ. മുന്‍തവണ എഴുതിയവരല്ലാത്തവര്‍ക്ക് മുന്‍ഗണന.

സചിത്രപുസ്തകത്തിലെഴുത്ത് 

  • ഇനി ഈ വാക്യങ്ങള്‍ നിങ്ങളുടെ സചിത്രപുസ്തകത്തില്‍ എഴുതാമോ? ചാര്‍ട്ട് നോക്കാതെ എഴുതണേ

ആട് വന്നു, ചാടി വന്നു.

  • എഴുത്തില്‍ വാക്കകലവും ശ്രദ്ധിക്കണേ അക്ഷരം തമ്മില്‍ ചേര്‍ന്നു പോകാതെ നോക്കുകയും വേണം.

തത്സമയ വിലയിരുത്തല്‍ ( കുട്ടികള്‍ എഴുതുന്ന സമയത്ത് തന്നെ വിലയിരുത്തല്‍ നടത്തണം)

  • ടീച്ചർ എല്ലാവരുടെയും നോട്ടുബുക്ക് വിലയിരുത്തുന്നു.  

പൊരുത്തപ്പെടുത്തിയെഴുത്ത്.

  • ടീച്ചര്‍ ചാര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിക്കുന്നു. കുട്ടികള്‍ അവരെഴുതിയതുമായി പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.

  • എല്ലാവരും ചെടിക്ക് നിറം കൊടുക്കൂ. ചെടിക്ക് നിറം കൊടുത്തത് വിലയിരുത്തണം.

ചാടി വരുന്ന ആടിനെ ആദ്യമായി കാണുകയാണ് ചെടി. ചെടി ചോദിച്ചു: നീ ആരാ? ആരാ നീ?

നീ ആരാ എന്ന് ഒരു തവണ ചെടിയുടെ അടുത്ത് എഴുതിയിട്ടുണ്ട്. ആ തെളിവു നോക്കി എല്ലാവരും എഴുതുമോ?

എഴുത്ത് വിലയിരുത്തുന്നു.

അപ്പോള്‍ ആട് എന്താ പറഞ്ഞത്?

ഞാന്‍ ആട്

അത് തനിയെ എഴുതണം. ഞാന്‍ എന്ന് നേരത്തെ എഴുതിയിട്ടുണ്ട്. ആട് എന്ന് ഇന്ന് എഴുതുകയും ചെയ്തു. ആ തെളിവെടുത്തോ ആലോചിച്ചോ എഴുതാം.

പിന്തുണനടത്തം

  • പിന്തുണാനടത്തത്തില്‍ സഹായം ആവശ്യമള്ളവര്‍ക്ക് തെളിവ് വാക്യം കാണിച്ചുകൊടുക്കണം.

  • ശരിയായി എഴുതിയവര്‍ക്കെല്ലാം സ്റ്റിക്കര്‍ സ്റ്റാര്‍ നല്‍കണം.

ആട് ഓടി വരുന്നത് കണ്ട കോഴിക്കുഞ്ഞ് പറഞ്ഞതെന്താ

ആട് ഇല തിന്നും.

  • പുഴു ചെടി തിന്നും എന്ന് ഇന്നലെ എഴുതിയിരുന്നു. അത് കൂടി നോക്കി ആട് ഇല തിന്നും എന്നെഴുതാമോ

  • ഇല എന്ന് എഴുതുന്നത് മാത്രം ടീച്ചര്‍ പരിചയപ്പെടുത്താം

  • ഘടന വ്യക്തമാക്കി ഇല എന്ന് എഴുതുന്നു

  • കുട്ടികള്‍ എഴുതുമ്പോള്‍ ഇ എഴുതുന്നതിന് പിന്തുണബുക്കിന്റെ ഉപയോഗം, കട്ടിക്കെഴുത്ത്

അംഗീകാരമുദ്ര

  • തെളിവെടുത്തെഴുതിയവര്‍ക്ക് അംഗീകാര മുദ്ര. പിന്തുണനടത്തം.

ഇലയെല്ലാം തിന്നശേഷം ആട് നാമ്പും തണ്ടുമെല്ലാം കടിച്ചുമുറിച്ച് തിന്നു. ചെടി കുറ്റിയായി, അപ്പോള്‍ കോഴിക്കുഞ്ഞ് പറഞ്ഞതെന്താ

പാവം ചെടി!

പാവം ചെടി എന്ന് തനിയെ എഴുതാമോ?

തുടര്‍ന്ന് സന്നദ്ധതയുളള കുട്ടികള്‍ വന്ന് ബോര്‍‍ഡില്‍ ഓരോ വാക്യം വീതം എഴുതുന്നു. ടീച്ചര്‍  ചാര്‍ട്ടില്‍ എഴുതുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തുന്നു. തുടര്‍ന്ന് ചിത്രത്തിലെ ബാക്കിയുളള വസ്തുക്കള്‍ക്ക് നിറം നല്‍കാന്‍ നിര്‍ദേശിക്കാം             

പ്രതീക്ഷിത ഉല്പന്നം

  • സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍

  • ചിത്രങ്ങള്‍ക്ക് നിറം നല്‍കിയത്

വിലയിരുത്തല്‍

  • ലേഖനപ്രക്രിയയില്‍ പങ്കാളിത്തയെഴുത്ത് എന്ന തന്ത്രം സ്വീകരിച്ചത് എത്രമാത്രം ഫലപ്രദമായി?

  • പുതിയ അക്ഷരങ്ങളോ ചിഹ്നങ്ങളോ പരിചയപ്പെടുത്താത്ത ഈ പാഠത്തിലെ ലേഖനപ്രവര്‍ത്തനം വിലയിരുത്തല്‍ പ്രവര്‍ത്തനമായി കരുതാമോ?

  • തെളിവെടുത്തെഴുത്തിന്റെ സാധ്യത കുട്ടികള്‍ പ്രയോജനപ്പെടുത്തിയോ?

പിരീഡ് നാല്

പ്രവര്‍ത്തനം 4: പൂക്കള്‍ നിര്‍മിക്കാം

പഠനലക്ഷ്യങ്ങള്‍:

1. നിർദ്ദേശങ്ങൾക്കനുസരിച്ച് സൂക്ഷ്മ പേശി വികാസത്തിന് സഹായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

2. കത്രിക പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

സമയം:  30 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: പച്ച, മഞ്ഞ, ചുവപ്പ്, പിങ്ക് നിറമുള്ള കടലാസുകള്‍, പശ, എ ഫോര്‍ പേപ്പര്‍

പ്രക്രിയാവിശദാംശങ്ങള്‍

പാവം കുഞ്ഞുചെടി. കുഞ്ഞുചെടീ നീ എന്തിനാ വളരുന്നത്എന്ന് ആരു ചോദിച്ചാലും ഒരേ ഉത്തരമാണ് കുഞ്ഞുചെടി പറഞ്ഞിരുന്നത്വലിയ ചെടിയാകണം, നിറയെ പൂക്കണം

എന്തിനാ കുഞ്ഞു ചെടീ പൂക്കുന്നത്? എന്നു ചോദിച്ചാലോ? നാടാകെ സുഗന്ധം പരത്തണം തേൻ നൽകണം.. ഇങ്ങനെ ഓരോന്നോരോന്നു പറഞ്ഞുകൊണ്ടിരിക്കുംഎങ്ങനെയുളള പൂവുകളായിരിക്കും കുഞ്ഞുചെടിയിലുണ്ടാവുക? ഓരോ ദിവസവും ഓരോ തരം പൂവാ വേണ്ടത്. നടക്കുമോ എന്നറിയില്ല. കുഞ്ഞുചെടിയുടെ മോഹം. കുഞ്ഞുചെടിയില്‍ ആഗ്രഹിച്ച പൂക്കള്‍ എങ്ങനെയിരിക്കും

നമ്മള്‍ക്കൊന്ന് ഉണ്ടാക്കി നോക്കിയാലോ?

പൂവിന്റെ നിര്‍മാണപ്രവര്‍ത്തനം-

  • എല്ലാവര്‍ക്കും വര്‍ണക്കടലാസ് നല്‍കുന്നു.

  • തുണ്ടു തുണ്ടായി കീറുന്നു.

  • ചെറുകഷണങ്ങള്‍ ഇതളുകളാക്കി വെള്ളക്കടലാസില്‍ ഒട്ടിച്ച് പൂവ് ഉണ്ടാക്കുന്നു.

  • ഇലയും തണ്ടും പച്ചക്കടലാസ് കൊണ്ട് നിര്‍മിക്കുന്നു,

  • ഒന്നിലധികം പൂക്കള്‍ നിര്‍മിക്കാം.

  • അവ ഒട്ടിച്ച പൂന്തോട്ടമാക്കാം.

  • ആവശ്യമെങ്കില്‍ മാതൃക കാട്ടാം. കൊളാഷ് ചിത്രത്തിന്റെ പലവിധ സാധ്യതകളാകണം പരിചയപ്പെടുത്തേണ്ടത്.

പ്രതീക്ഷിത ഉല്പന്നം - പൂന്തോട്ടം കൊളാഷ്

വിലയിരുത്തൽ

  • കൊളാഷ് നിര്‍മ്മിക്കുന്നതില്‍ ഭാവനയും തനിമയും പ്രകടിപ്പിച്ച എത്രപേരുണ്ട്?

  • നിറങ്ങള്‍ കലാപരമായി ഉപയോഗിച്ചിട്ടുണ്ടോ?

  • വ്യത്യസ്തതയോടെ കൊളാഷ് നിര്‍മിക്കാന്‍ ‍ എന്തെല്ലാം നിര്‍ദേശങ്ങള്‍ വേണ്ടിവന്നു?

  • കൊളാഷ് നിര്‍മ്മാണത്തിന്റെ തുടര്‍ച്ച എന്താണ്?

വായനപാഠം

ചെടി തിന്നാന്‍ ആര് വന്നു?

ചെടി:

ആട് വന്നു ചാടി വന്നു

ആട് :

ഇല തിന്നു തല തിന്നു

ചെറുചെടി ഞാന്‍ തിന്നു


രക്ഷിതാക്കളുടെ പിന്തുണ വിലയിരുത്തല്‍

  1. വായനപാഠം വായിക്കാന്‍ കുട്ടിക്ക് ഒപ്പം കൂടുന്നവര്‍

  2. വീട്ടില്‍ കഥാപുസ്തകങ്ങള്‍ സ്ഥിരമായി വായിച്ചുകൊടുക്കുന്നവര്‍

  3. കുട്ടികളെക്കൊണ്ട് ഭാവാത്മകമായി കഥ പറയിക്കുന്നവര്‍

  4. കുട്ടി വീട്ടില്‍ കൊണ്ടുവന്ന പുഴുവിനെ വച്ച് സംഭാഷണം നടത്തിയവര്‍

  5. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പ്രതികരിക്കുന്നവര്‍


അനുബന്ധം 
ആസൂത്രണക്കുറിപ്പുകള്‍ വായിക്കാം. ക്ലിക് ചെയ്യുക
കുഞ്ഞുപുസ്തകം


No comments: