ക്ലാസ് : ഒന്ന് ബി
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
ടീച്ചര്‍ : ലത .എ.യു,
ബി.വി.എ.എൽ.പി.സ്കൂൾ , കടമ്പൂർ ,പാലക്കാട്
കുട്ടികളുടെ എണ്ണം :29
ഹാജരായവര്‍ : ……...
തീയതി : …./06/2025
പിരീഡ് ഒന്ന് |
പ്രവര്‍ത്തനം 20
വായനപാഠവും പിന്തുണയും കഥാവേളയും ( എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നത് മുന്‍ദിവസത്തെ പ്രവര്‍ത്തനാവലോകനത്തോടെയായിരിക്കും)
പ്രതീക്ഷിത സമയം: 15 മിനുട്ട്
മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു(5മിനുട്ട്)
മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പില്‍ നിന്നും ഓരോ ആള്‍ക്ക് അവസരം ( 5 മിനുട്ട്)
സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു (5 മിനുട്ട്)
പ്രവര്‍ത്തനം 21: ക്ലാസ് എഡിറ്റിംഗ് |
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം: 25 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം. ഒന്ന് പാട്ട് ചൊല്ലാം (5 മിനുട്ട്)
ഇന്നലെ നമ്മൾ പരിചയപ്പെട്ട പാട്ട് ഒന്നുകൂടി ചൊല്ലിയാലോ ? ചാർട്ടിൽ നോക്കി പാട്ട് ചൊല്ലുന്നു
പട പട പാടി
പട പട പാറി
തന തന താന
തന തന താന
ഘട്ടം രണ്ട് എഴുത്ത് (10 മിനുട്ട്)
വരികൾ എഴുതിയ ചാർട്ട് മാറ്റുന്നു.
നിങ്ങൾക്ക് ഇപ്പോള്‍ പാടിയ പാട്ടിലെ ഏതെങ്കിലും ഒരു വരി എവിടെയും നോക്കാതെ എഴുതാൻ കഴിയുമോ?
അഞ്ചു പേരുള്ള ആറ് ഗ്രൂപ്പുകളാക്കുന്നു. ഓരോ ഗ്രൂപ്പും വന്ന് ബോര്‍ഡിൽ എഴുതുന്നു
ഘട്ടം മൂന്ന് വിശകലനം (10 മിനുട്ട്)
ഓരോ വിശകലന ചോദ്യം ചോദിക്കുമ്പോഴും പ്രശ്നം തിരിച്ചറിഞ്ഞാല്‍ നിര്‍ദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ പ്രതിനിധി വന്ന് അത് വട്ടമിട്ട ശേഷം മെച്ചപ്പെടുത്തി എഴുതണം
ആരെങ്കിലും എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നുണ്ടോ?
ഏതെങ്കിലും വാക്കില്‍ ചിഹ്നം വിട്ടുപോയിട്ടുണ്ടോ? ( പാറി, പാടി, താന എന്നിവ നോക്കൂ)
എവിടെയെങ്കിലും അക്ഷരം മാറിപ്പോയിട്ടുണ്ടോ? ത എഴുതിയത് ന ആയോ? പ എഴുതിയത് വ ആയോ?
അക്ഷരങ്ങളെല്ലാം ശരിയായ രീതിയിലാണോ എഴുതിയത്?
ശരിയായി എഴുതിയത് ആര് വന്ന് ശരിയിടും? സന്നദ്ധരായവര്‍ക്ക് വന്ന് ശരിയിടാം.
(വരികൾ എഴുതിയ ചാർട്ട് വെച്ച് ഒത്തു നോക്കി വീണ്ടും എഡിറ്റിംഗ് ആവശ്യമുണ്ടെങ്കിൽ ചെയ്യാൻ അവസരം നൽകാം)
അനുരൂപീകരണം : എഴുതിയപ്പോള്‍ തെറ്റിപ്പോയ കുട്ടിക്ക് പിന്നീട് സഹായം നല്‍കണം. ഒത്തെഴുത്ത് നടത്താം.
പിരീഡ് രണ്ട് |
പ്രവർത്തനം 22 - താരതമ്യം ( പരിസരപഠനം, ഭാഷ) |
പഠനലക്ഷ്യങ്ങൾ.
പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പക്ഷികളെ താരതമ്യം ചെയ്യുന്നു.
വസ്തുക്കൾ, സംഭവങ്ങൾ, വ്യക്തികൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വാചിക വിവരണം നടത്തുന്നു
പ്രതീക്ഷിത സമയം - 30മിനിറ്റ്
കരുതേണ്ട സാമഗ്രികൾ- പക്ഷിച്ചിത്രങ്ങൾ
പ്രക്രിയാവിശദാംശങ്ങൾ-
ഘട്ടം - ഒന്ന് (5 മിനുട്ട്)
കുട്ടികളെ നിങ്ങൾക്ക് ഏതെല്ലാം പക്ഷികളെ അറിയാം?
ആദ്യം പറയുന്ന 5 പക്ഷികളുടെ പേരിൽ ഗ്രൂപ്പ് ആകുന്നു. ഗ്രൂപ്പംഗങ്ങളുടെ എണ്ണം തുല്യമായിരിക്കണം. ഓരോ ഗ്രൂപ്പിനും പരിചിതമായ രണ്ടു പക്ഷികളുടെ വീതം ചിത്രങ്ങൾ നൽകുന്നു.
നിങ്ങൾക്ക് കിട്ടിയ പക്ഷികളെ കുറിച്ച് പറയണം. ഏതെല്ലാം കാര്യങ്ങളിൽ ഒരുപോലെ ഇരിക്കുന്നു? ഏതെല്ലാം കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഗ്രൂപ്പിലെ എല്ലാവരും പറയണേ. കൂടുതൽ കാര്യങ്ങൾ പറയുന്ന ഗ്രൂപ്പാണ് വിജയിക്കുക.
ഘട്ടം രണ്ട് (5 മിനുട്ട്)
ഗ്രൂപ്പില്‍ ആലോചനയ്ക് അവസരം
ഘട്ടം മൂന്ന് അവതരണം. (10 മിനുട്ട്)
ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും ഓരോ കാര്യം വീതം പറയാം.
ഓരോ ഗ്രൂപ്പിലെയും എത്രപേര്‍ പറഞ്ഞു എന്ന് ടീച്ചര്‍ കുറിച്ചുവെക്കണം
ഘട്ടം നാല് വിപുലീകരണം (10 മിനുട്ട്)
വളരെ കുറച്ച് മാത്രം പറഞ്ഞ ഗ്രൂപ്പുണ്ടെങ്കില്‍ അവസാനം എല്ലാവരുംകൂടിച്ചേര്‍ന്ന് സൂചനകള്‍ നല്‍കി സഹായിക്കാം.
ടീച്ചര്‍ക്കും ആശയങ്ങള്‍ പങ്കിട്ട് വിപുലീകരിക്കാം
ഒറ്റ നിറമാണോ പലനിറങ്ങളുണ്ടോ?
ഒരേ വലുപ്പമാണോ,
കാലുകള്‍ നീണ്ടതാണോ കുറിയതാണോ?
ചുണ്ട് നീണ്ടതാണോ? കുറിയതാണോ?
നേരെയുള്ളതാണോ? വളഞ്ഞതാണോ?
വിരലുകളുടെ പ്രത്യേകത?
………………………………
ഇങ്ങനെ സൂക്ഷ്മ നിരീക്ഷണത്തിനും കണ്ടെത്തലിനും സഹായകമായിരിക്കണം നല്‍കുന്ന ചിത്രങ്ങള്‍.
അനുരൂപീകരണം :
രണ്ടു പക്ഷികളുടെ ചിത്രത്തിനോടൊപ്പം അതേ പക്ഷികളുടെ ചില ഭാഗങ്ങൾ വിട്ടുപോയ ചിത്രങ്ങളും നൽകുന്നു.ഒറിജിനൽ ചിത്രം നോക്കി താരതമ്യം ചെയ്ത് വരച്ചു ചേർക്കാൻ അവസരം നൽകുന്നു.
പക്ഷിയുടെ ജിഗ് സോ പസിൽ നൽകുന്നു. ചേർത്തുവെക്കാൻ സഹായിക്കുന്നു.
വിലയിരുത്തൽ
പക്ഷികൾക്ക് പൊതുവായുളള സവിശേഷതകൾ എല്ലാ ഗ്രൂപ്പും പറഞ്ഞുവോ?
ഏതെല്ലാം കാര്യങ്ങളിലുളള വ്യത്യാസങ്ങളാണ് ചൂണ്ടിക്കാട്ടിയത്?
പക്ഷികളുടെ ജിഗ്സോ പസിലുകൾ നല്കി കൂട്ടിയോജിപ്പിക്കുന്ന പ്രവർ ത്തനം നല്കിയാൽ എത്ര പേര് ശരിയാക്കി ചെയ്തു?
കൂടുതല്‍ ചിത്രനിരീക്ഷണം നടത്തിയവരാരാണ്?
എല്ലാവരെയും കൊണ്ട് പറയിക്കുന്നതിന് സ്വീകരിച്ച തന്ത്രം എന്താണ്
പിരീഡ് മൂന്ന്, നാല് |
പ്രവര്‍ത്തനം 23 : പാവം മഞ്ഞക്കിളികള്‍ (കഥയും അരങ്ങും) കലാവിദ്യാഭ്യാസം, ഭാഷ |
പഠനലക്ഷ്യങ്ങള്‍:
1. വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ വിവിധ സന്ദര്‍ഭങ്ങളെ കൂട്ടായി നിസ്സങ്കോചം സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നു
2. കേട്ടതോ /വായിച്ചതോ ആയ കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ റോൾപ്ലേയിലൂടെ അവതരിപ്പിക്കുന്നു
3. വൈവിധ്യമുള്ള പ്രമേയങ്ങളുമായി ബന്ധപ്പെട്ട് കേട്ട പാട്ടുകൾ, കഥകൾ, കഥാ ഗാനങ്ങൾ എന്നിവയെക്കുറിച്ച് വാചിക പ്രതികരണങ്ങൾ നടത്തുന്നു.
4. പലഘട്ടങ്ങളിലുള്ള പ്രവർത്തനം ആവശ്യപ്പെടുന്ന ലളിതമായ നിർദ്ദേശങ്ങൾ വായിച്ചും കേട്ടും മനസ്സിലാക്കി പ്രവർത്തിക്കുന്നു.
5. പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നു
പ്രതീക്ഷിത സമയം: 40+40 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍:
കിളികളുടെ തൊപ്പിമാസ്ക്, മരത്തിന്റെ കട്ടൗട്ട് അല്ലെങ്കില്‍ മരമാക്കാന്‍ കുട്ടികള്‍ കണ്ടെത്തുന്ന സാമഗ്രികള്‍, കിളികളുടെ ചിറകുകളായി ചലിപ്പിക്കുന്നതിന് റിബണ്‍ (മഞ്ഞ നിര്‍ബന്ധം)
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് (10 മിനുട്ട്)
ദൂരേ നിന്നും പറന്നു നാട്ടിലെത്തിയ മഞ്ഞക്കിളികളുടെ ചിത്രം കണ്ടോ? പാഠപുസ്തകത്തിലെ 8, 9 പേജുകള്‍ നോക്കി ചിത്രം കണ്ടെത്തുന്നു.
ചിത്രവ്യാഖ്യാനം
ചിത്രം നോക്കൂ. മഞ്ഞക്കിളികളുടെ മുഖഭാവവും മറ്റു കിളികളുടെ മുഖഭാവവും ഒരു പോലെയാണോ?
എന്താണ് വ്യത്യാസം? അതിന് എന്താവാം കാരണം?
കുട്ടികളുടെ സ്വത‌്രന്ത പ്രതികരണങ്ങള്‍.
ഘട്ടം രണ്ട് (10 മിനുട്ട്)
മഞ്ഞക്കിളികളുടെ കഥ
അതൊരു കഥയാണ് . ടീച്ചര്‍ പറയാം. ഭാവാത്മകമായി അഭിനയസാധ്യത പ്രയോജനപ്പെടുത്തി പറയണം.
ദൂരെ നിന്നും പറന്നു പറന്നു ക്ഷീണിച്ചു വരികയായിരുന്നു മഞ്ഞക്കിളികള്‍. ചിറകടിച്ച് ചിറകടിച്ച് തളര്‍ന്നുപോയി. ദുഖഭാവത്തില്‍ ചൊല്ലുന്നു.
ചിറകടിച്ച് ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ.
ഉയർന്നുപാറി ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ
താഴ്ന്നു പാറി ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ
മലകടന്ന് പുഴകടന്ന് വരികയാണ് പറവകൾ.
അവര്‍ നല്ലപോലെ വിശന്നിരിക്കുന്നു. എന്തെങ്കിലും കഴിക്കണം. താഴേക്ക് നോക്കി. അതാ ഒരു മരം. മരത്തില്‍ നിറയെ പഴങ്ങള്‍. തുടുത്തു ചുവന്ന പഴങ്ങള്‍.
അപ്പോള്‍ മഞ്ഞക്കിളികള്‍ പരസ്പരം നോക്കി. എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? (പ്രവചനം)
മഞ്ഞക്കിളികളുടെ സംഭാഷണം അവതരിപ്പിക്കാന്‍ അവസരം.
"ഹായ് അതുകണ്ടോ? ആ മരത്തില്‍ നിറയെ പഴങ്ങള്‍.”
"പക്ഷികളുമുണ്ടല്ലോ?”
"നമ്മള്‍ക്ക് പോയി തിന്നാം.”
മഞ്ഞക്കിളികളെ കണ്ട് മരങ്ങള്‍ അവരെ വിളിച്ചു. "വാ വാ. ഇതാ പഴം, നല്ല ഒന്നാന്തരം പഴം, ക്ഷീണമെല്ലാം പോകും.”
മഞ്ഞക്കിളികള്‍ മരത്തിലേക്ക് പറന്നുചെന്നു. പഴം കൊത്തിത്തിന്നാന്‍ തുടങ്ങുമ്പോള്‍ ഒരു ശബ്ദം.
"തൊട്ടുപോകരുത്.
ആരായിരിക്കും പറഞ്ഞത്? (പ്രവചനം)
ചില നാട്ടുകിളികള്‍ക്ക് മഞ്ഞക്കിളികളുടെ വരവ് ഇഷ്ടമായില്ല. അവര്‍ കൂട്ടം കൂടി വന്നു.
അവര്‍ ദേഷ്യത്തോടെ പറഞ്ഞു: "പോ പോ ഈ മരത്തില്‍ നിന്നും പോ. നല്ല കൊത്ത് തരും"
മഞ്ഞക്കിളികള്‍ക്ക് വിഷമമായി അവര്‍ കെഞ്ചി:
"അയ്യോ അങ്ങനെ പറയല്ലേ. ഒത്തിരി ദൂരം പറന്നതാ. നല്ല വിശപ്പും ദാഹവും ക്ഷീണവും ഉണ്ട്. ഈ മരക്കൊമ്പില്‍ ഇത്തിരി വിശ്രമിച്ചോട്ടെ. ഇത്തരി പഴം തിന്ന് വിശപ്പ് തീര്‍ത്തോട്ടെ"
"പറ്റില്ലാ പറ്റില്ലാ. പറന്നുപോ ദൂരെ. ഇത് ഞങ്ങളുടെ മരം. ഈ നാട്ടുകാരായ പക്ഷികള്‍ക്ക് മാത്രമുള്ളത്" . പാവം മഞ്ഞക്കിളികള്‍ പരസ്പരം ദയനീയമായി നോക്കി.
അപ്പോള്‍ അതു വഴി വേറെ കുറേ പക്ഷികള്‍ പറന്നു വന്നു. അവര്‍ കാര്യം തരിക്കി. വിശന്നുക്ഷീണിച്ച് മഞ്ഞക്കിളികളുടെ അവസ്ഥ കണ്ട് ആ പക്ഷികളുടെ മനസ്സലിഞ്ഞു.
അവര്‍ പറഞ്ഞു: "അരുത് കൊത്തിയോടിക്കരുത്. അവരും നമ്മെപ്പോലെ പക്ഷികളാണ്. വിശന്നു വന്നവരെ ഓടിക്കരുത്. നാമെല്ലാം പക്ഷികളാണ്. തമ്മില്‍ സ്നേഹിക്കേണ്ടവര്‍"
ഇതുകേട്ട ആ നാട്ടുപക്ഷികളുടെ മനസ്സ് മാറി.
അവര്‍ പറഞ്ഞു: "നിങ്ങളെല്ലാം വാ. നമ്മള്‍ക്ക് ഈ മരത്തിലെ പഴങ്ങള്‍ തിന്നാം”.
എല്ലാവരും സന്തോഷത്തോടെ കലപില പാടി പഴങ്ങള്‍ തിന്നു.
ഘട്ടം മൂന്ന് (10 മിനുട്ട്)
കഥയോടുള്ള പ്രതികരണം
ഈ കഥയില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?
ഏത് ഭാഗമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?
നിങ്ങളായിരുന്നു നാട്ടുകിളികളെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
ഘട്ടം നാല് രംഗാവിഷ്കാരത്തിനുള്ള ആസൂത്രണം (20 മിനുട്ട്)
മഞ്ഞക്കിളികളുടെ വരവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ആര്‍ക്കെല്ലാം അഭിനയിക്കാം? അഭിനയിക്കേണ്ട ഉളളടക്കം ചര്‍ച്ച ചെയ്യുന്നു.
കുട്ടികളെ ചെറുഗ്രൂപ്പുകളാക്കുന്നു. ഓരോ ഗ്രൂപ്പിനും റോളുകള്‍ വീതിച്ച് നല്‍കുന്നു (മഞ്ഞക്കിളികള്‍, എതിര്‍ക്കുന്ന നാട്ടുപക്ഷികള്‍, സ്നേഹമുളള നാട്ടുപക്ഷികള്‍, ഒരാള്‍ മരം).
ചര്‍ച്ചയും റോള്‍ വ്യക്തത വരുത്തലും
ആദ്യം ആരാണ് രംഗത്ത് വരേണ്ടത്?
എങ്ങനെയാണ് അവര്‍ വരേണ്ടത്? ഭാവം, ചലനം?
അവരെന്തെങ്കിലും കാഴ്ച കാണേണ്ടതുണ്ടോ? അപ്പോള്‍ അവരുടെ ഭാവം എന്തായിരിക്കും?
മരം എന്തെങ്കിലും അവരോട് പറയേണ്ടതുണ്ടോ?
രണ്ടാമത് വരേണ്ട കൂട്ടര്‍ ആരാണ്? അവരെന്താണ് ചെയ്യേണ്ടത്? പറയേണ്ടത്?
അപ്പോള്‍ മഞ്ഞക്കിളികള്‍ എന്താണ് അഭിനയിക്കേണ്ടത്? പറയേണ്ടത്?
മൂന്നാം കൂട്ടര്‍ രംഗത്ത് വന്ന് എന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത്? ആരോടൊക്കെ പറയണം?
അപ്പോള്‍ മഞ്ഞക്കിളികളുടെ ഭാവം എന്തായിരിക്കും?
നാട്ടുകിളികള്‍ എന്തായിരിക്കും ചെയ്യുക?
ഒടുവില്‍ എല്ലാവരും എന്തായിരിക്കും ചെയ്യുക?
സംഭാഷണം മനസ്സില്‍ നിന്നും വരുന്ന രീതി മതി. ഉദ്ദേശിച്ച ആശയം ഉണ്ടാകണം
എവിടെ നില്‍ക്കണം ? എങ്ങനെ പറയണം? എന്തെല്ലാം അഭിനയിക്കണം? എന്നെല്ലാം തീരുമാനിക്കണം
ഗ്രൂപ്പില്‍ ആസൂത്രണവും റിഹേഴ്സലും നടക്കുമ്പോള്‍ ടീച്ചറുടെ പിന്തുണനടത്തം.
ഘട്ടം അഞ്ച് രംഗാവിഷ്കാരം (10 മിനുട്ട്)
രംഗം അവതരിപ്പിക്കുന്നു. (പക്ഷിമാസ്കുകളും ഉപയോഗിക്കാം)
ഘട്ടം ആറ് പാട്ടിനൊത്ത് അഭിനയിക്കല്‍ (10 മിനുട്ട്)
ടീച്ചര്‍ ആദ്യം പാട്ട് മുഴുവന്‍ ചൊല്ലിക്കേള്‍പ്പിക്കുന്നു. തുടര്‍ന്ന് സ്പീക്കറിലൂടെ റിക്കാര്‍ഡ് ചെയ്തത് കേള്‍പ്പിക്കുന്നു.
ദേശാടകരാം കിളികളൊരിക്കല്‍
വിരുന്നു വന്നു, നാട്ടില്‍
വിശന്നുവന്നവര്‍ ദാഹിക്കുന്നവര്‍
തളര്‍ന്നിറങ്ങീ നാട്ടില്‍..
മധുരിക്കുന്ന പഴങ്ങള്‍ നല്കി
മരങ്ങളവരെ വിളിച്ചു
തണുത്തകാറ്റില്‍ ഇലകള്‍ മുക്കി
ചില്ലകളവരേ വീശി
നാട്ടുകിളികളില്‍ ചിലരിതു കണ്ട്
കലപില കൂട്ടാനെത്തീ
പരദേശികളാം പറവകളിവിടെ
ചേക്കേറരുതെന്നായി...
തളര്‍ന്ന കിളികള്‍ ചിറകും വീശി
പറന്നു പൊങ്ങാന്‍ നില്‍ക്കെ
മറ്റൊരു കൂട്ടം കിളികള്‍ സ്‌നേഹം
പകര്‍ന്നു നല്കാനെത്തീ
ദേശമതേതായാലും നമ്മള്‍
പറവകളെന്നതു നേര്
ഘട്ടം ഏഴ് അവതരണത്തിന്റെ പരസ്പര വിലയിരുത്തല്‍ (10 മിനുട്ട്)
സംഭാഷണം
അഭിനയം
തുടര്‍ച്ച (ഏതെങ്കിലും വിട്ടുപോയോ?)
ഓരോ ഗ്രൂപ്പിന്റെയും അവതരണം ശരിയായ ക്രമത്തിലായിരുന്നോ?
പ്രതീക്ഷിത ഉല്പന്നം
കുട്ടികള്‍ രംഗാവിഷ്കരണം നടത്തിയതിന്റെ വീഡിയോ.
വിലയിരുത്തല്‍ 1. വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ മഞ്ഞക്കിളിയുടെ കഥ സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നതില്‍ എത്ര ഗ്രൂപ്പ് മികവ് പുലര്‍ത്തി 2. കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ റോൾപ്ലേയിലൂടെ മെച്ചപ്പെട്ട രീതിയില്‍ എത്രപേര്‍ക്ക് അവതരിപ്പിക്കാനായി? 3. കഥയെ വിലയിരുത്തി എന്തെല്ലാം കാര്യങ്ങളാണ് കുട്ടികള്‍ പറഞ്ഞത്? (വാചിക പ്രതികരണങ്ങൾ നടത്തുന്നതിനുള്ള കഴിവ് എത്രത്തോളം?). 4. രംഗാവിഷ്കാരം നടത്തുന്നതിനായി പലഘട്ടങ്ങളിലുള്ള ലളിതമായ നിർദ്ദേശങ്ങൾ കേട്ട് മനസ്സിലാക്കി പ്രവർത്തിക്കുന്നതിനെല്ലാവര്‍ക്കും കഴിഞ്ഞുവോ?. 5. പരിചിതമായ പാട്ടുകൾക്ക് ഭാവാത്മകമായി സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നതില്‍ കുട്ടികള്‍ എത്രത്തോളം മികവ് പുലര്‍ത്തി? 6. അടുത്ത ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കുന്നതിനായി ഏതെല്ലാം കാര്യങ്ങളിലാണ് മെച്ചപ്പെടുത്തലുകള്‍ വേണ്ടത്?
|
പിരീഡ് അഞ്ച്- സവിശേഷസഹായസമയം |
പ്രതിദിന വായനപാഠം
തിന
തിന താ
തിന താ
താ താ താ
കുട്ടിയെ അറിയല്‍
( വ്യക്തിഗത മാസ്റ്റര്‍ പ്ലാനിലേക്കുള്ള പ്രാഥമിക വിവരശേഖരണം)
കുട്ടിയുടെ പേര് |
കുട്ടിയുടെ സവിശേഷ കഴിവുകള്‍ |
ഇതിനോടകം കണ്ടെത്തിയ പരിമിതികള്‍ |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
No comments:
Post a Comment