നാല് വശവും കാടിനാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് ഞങ്ങളുടെ വടക്കനാട്.
പണിയ -കാട്ടുനായ്ക്ക സാങ്കേതങ്ങളിൽ നിന്നും വരുന്ന ഗോത്രവിഭാഗം മക്കളാണ് നൂറു ശതമാനവും.
ആകെയുള്ള 66പേരിൽ 21പേർ ഒന്നാം ക്ലാസുകാരാണ്.
എല്ലാ ഭൗതികസൗകര്യങ്ങളും ഉള്ള ഈ കൊച്ചു വിദ്യാലയത്തിൽ ഏറെ സന്തോഷത്തോടെയും, സമാധാനത്തോടെയും ഞങ്ങൾ പുലർന്നു പോരുന്നു
പരിശീലനത്തില്‍ പുതുമയുള്ള കാര്യങ്ങള്‍
- ഈ വർഷത്തെ അവധിക്കാല പരിശീലനത്തിൽ പുതുമായർന്ന ആശയങ്ങൾ എല്ലാം തന്നെ വളരെ ഉർജസ്വലതരായാണ് ഞങ്ങൾ ഏറ്റെടുത്തത്.. എങ്കിലും അതിനിടക്ക് ഒരു വിഷ്ണുവോ, ഒരു സ്നേഹയോ ഒക്കെ മനസ്സിൽ വന്നു എത്തിനോക്കാറുണ്ടായിരുന്നു... "ടീച്ചറെ, ഞങ്ങളാണെ ഇങ്ങളെ മുന്നിൽ ഇരിക്കാൻ പോകുന്നത് "എന്ന മുന്നറിയിപ്പോടെ.
- പരിശീലനത്തിൽ കിട്ടിയ അനുഭവം ഒരിത്തിരി പോലും ചോരാതെ അതേപടി കുട്ടികളിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു. ഫലം നിരാശജനകമായിരുന്നില്ല..... എന്റെ മനസ്സിൽ ഞാൻ കണക്കുകൂട്ടിയ വിജയത്തിന്റെ അളവ് ഞാൻ തന്നെ ചെറുതായൊന്നു കുറച്ചപ്പോൾ എന്റെ മക്കൾ നൂറു ശതമാനവും വിജയിച്ചു.
- തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ ഞങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.5ദിവസത്തെ ഭാഗീരഥ പ്രയത്നത്തിൽ കുട്ടികളിൽ എത്തിക്കുന്ന പല കാര്യങ്ങളും ശനിയും ഞായറും കഴിഞ്ഞു വരുമ്പോൾ പോലും അവര് മറന്നു പോകുന്നു. വീട്ടിൽ അവർക്ക് കൈത്താങ് നൽകാൻ ആരുമില്ലല്ലോ.
- എങ്കിലും ഈ വർഷത്തെ പ്രവർത്തനങ്ങൾ എല്ലാം തന്നെ എന്റെ മക്കൾക്ക് യോജിച്ചവയാണ്...
- പാട്ടും പാട്ടരങ്ങും, നിരീക്ഷണവും പരീക്ഷണങ്ങളുമെല്ലാം എത്ര താല്പര്യത്തോടെയാണ് അവർ ഏറ്റെടുത്തതെന്ന് അറിയുമോ.
- ചെറിയ വാക്കുകളും കുഞ്ഞുകുഞ്ഞുവാക്യങ്ങളും വായിച്ചെടുക്കാൻ കുറെ പേർക്ക് സാധിച്ചു. അക്ഷരങ്ങൾ വായിക്കുമെങ്കിലും ചേർത്തുള്ള വായന കൂടുതൽ പേർക്കും വിഷമമാണ്. ആത്മവിശ്വാസക്കുറവും, ഒരു ചെറിയ ആൽക്കൂട്ടത്തെപ്പോലും അഭിമുഖീകരിക്കാനുള്ള വിഷമവും എന്റെ മക്കൾക്ക് വല്ലാതെയുണ്ട്. ഇതിൽ നിന്നെല്ലാം അവരെ മറികടക്കാൻ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
- അവരുടെ ചുറ്റുപാടിൽ നിന്ന് കൊണ്ട് അവർക്കാവുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ പേരും മിടുക്ക് കാണിക്കാറുണ്ട്. പക്ഷി നിരീക്ഷണം, തൂവൽ ശേഖരണം തുടങ്ങിയവയൊക്കെ ഉദാഹരണമായി പറയാം.
- ഞങ്ങൾ അധ്യാപകർകുട്ടികളെ കുറിച്ച് മാത്രമല്ലഞങ്ങളെ കുറിച്ചും അല്പം പറയട്ടെ
ഒന്നാം ക്ലാസുകാരോടൊപ്പം ഒരുപാട് കാര്യങ്ങൾ ഒത്തിരി ഇഷ്ടത്തോടെയും അതിശയത്തോടെയും ഞങ്ങളും ചെയ്ത വർഷമായിരുന്നു ഈ വർഷം. മുൻ വർഷങ്ങളിലും പലതും ചെയ്യാറുണ്ടായിരുന്നു എങ്കിലും ഈ വർഷം ഞങ്ങൾക്ക് അധ്യാപക സഹായി കൃത്യമായി വഴി കാട്ടിയായത് ഏറെ പ്രയോജനപ്രദം തന്നെ.
... ഓരോ പ്രവർത്തനങ്ങളും ചെയ്യേണ്ട രീതി സംശയമേതുമില്ലാത്ത രീതിയിൽ നൽകിയത് വളരെ നന്നായിരുന്നു. ഓരോന്നും ചെയ്തു നോക്കുമ്പോൾ ലഭിക്കുന്ന ഫലത്തിനൊടുവിൽ ഞങ്ങൾ എല്ലാരും തന്നെ ഒരു ഒന്നാം ക്ലാസ്സുകാരായി മാറുകയായിരുന്നു. മുപ്പതോ, നാല്പതോ, അമ്പതോ വർഷം മുൻപ് നിക്കറോ, കുഞ്ഞു പെറ്റി ക്കോട്ടോ ഇട്ടു നിൽക്കുന്ന നിഷ്കളങ്കബാല്യത്തിൽ എത്തിപ്പോകുന്നു.
ആകാംഷയും അതിശയവും ആകാശത്തോളം
- സ്കൂൾ മുറ്റത്തെ പട്ടം പറത്തലിൽ കുട്ടികളും അധ്യാപകരും ഒന്നിച്ചു മുന്നേറി. മുട്ടത്തോട് കൊണ്ടുള്ള പരീക്ഷണത്തിൽ ആകാംഷയും അതിശയവും ആകാശത്തോളം പൊങ്ങി ഞങ്ങളും ഉണ്ടായിരുന്നു.
പ്രവര്‍ത്തനങ്ങളും പാഠങ്ങളും കുറച്ചിരുന്നെങ്കില്‍
- പ്രവർത്തനങ്ങളും, പാഠഭാഗങ്ങളും ചെറുതായൊന്നു കുറച്ചു തന്നെങ്കിൽ, സമാധാനത്തോടെയും സംതൃപ്തിയോടെയും ഒന്നാം ക്ലാസ്സ് ഒന്നുടെ ഒന്നാം തരമാക്കാമായിരുന്നു എന്ന അപേക്ഷയോടെ
സൗധ. ടി. കെ.
ജി. എൽ. പി. എസ്. വടക്കനാട്.
വയനാട്.
No comments:
Post a Comment