18/03/2025
പഠനക്കൂട്ടങ്ങൾ പഠനപ്രക്രിയ വേഗത്തിൽ ആക്കാൻ സഹായിച്ചു. ഇത് മുൻവർഷങ്ങളിൽ എല്ലാം ഞാൻ ഉപയോഗിച്ച തന്ത്രം തന്നെ ആയിരുന്നു. ഗ്രൂപ്പ് 1, ഗ്രൂപ്പ് 2, ഗ്രൂപ്പ് 3... ഇങ്ങനെ നാലോ അഞ്ചോ ഗ്രൂപ്പുകൾ വർഷങ്ങളായി എന്റെ ക്ലാസ്സിൽ ഉണ്ട്. ശരാശരി, ശരാശരിയ്ക്കും മുകളിൽ, ശരാശരിക്കു താഴെ ഈ മൂന്നും ഓരോ ഗ്രൂപ്പിലും ഉണ്ടാവും. പഠനത്തിൽ പരസ്പരം സഹായിക്കും. ഗ്രൂപ്പ് തലത്തിൽ പഠനലക്ഷ്യം അടിസ്ഥാനമാക്കി മത്സരം വെക്കും. പോയിന്റ് നൽകും. കുട്ടികളുടെ നിലവാരം ഉയരുന്നതിനനുസരിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വ്യത്യാസം വരും. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ മാറും.അംഗമായിരുന്നവർ ലീഡർ സ്ഥാനത്തേക്ക് വരും.
ഇങ്ങനെ ഒക്കെ മുൻവർഷങ്ങളിൽ ചെയ്തിരുന്നു. ഈ വർഷം അത് പഠനക്കൂട്ടങ്ങൾ എന്ന പേരിൽ ആണ് ചെയ്തത്. മുൻപ് നമ്മൾ തന്നെ ആണ് ഓരോ ഗ്രൂപ്പും ചെയ്യേണ്ട പ്രവർത്തനങ്ങൾ കണ്ടുപിടിച്ചിരുന്നത്. എന്നാൽ ഓരോ പാഠത്തിലും പഠനക്കൂട്ടങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം, അവർ എന്ത് ചെയ്യണം എന്ന് HB യിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടി വന്നിട്ടില്ല.
പഠനക്കൂട്ടങ്ങളുടെ പ്രവർത്തനം ഒരു ടീച്ചർക്ക് കുട്ടികളെ കുറഞ്ഞ സമയം കൊണ്ട് പഠനലക്ഷ്യ ത്തിലേക്കെത്തിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. കാരണം എല്ലാ പഠനക്കൂട്ടങ്ങളിലും ഒരേ സമയം ഒരേ പ്രവർത്തനം നടക്കുന്നു. ഉദാഹരണത്തിന് 5 പഠനക്കൂട്ടം ഉണ്ടെങ്കിൽ 5 കുട്ടികൾ ഒരേ സമയം വായിക്കുകയാണ്. അവിടെ മേൽനോട്ടം നടക്കുന്നുണ്ട്, തിരുത്തപ്പെടുന്നുണ്ട്. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ എല്ലാ കുട്ടികളുടെയും വായനയ്ക്ക് കുറച്ചു സമയം മതി. എല്ലാ പ്രവർത്തനങ്ങളും ഇങ്ങനെ വേഗത്തിൽ നടക്കും. നേതൃത്വഗുണം വളരും. പഠനക്കൂട്ടങ്ങൾക്ക് മത്സരം വെക്കും. പഠനലക്ഷ്യങ്ങളാണ് മാനദണ്ഡം. അപ്പോൾ പോയിന്റ് നേടാൻ വേണ്ടി ശരാശരിയിൽ താഴെ നിൽക്കുന്ന കുട്ടിയെ അവർ തന്നെ പൊക്കിക്കൊണ്ടുവരും. പോയിന്റ് കിട്ടാൻ വേണ്ടി ശരാശരിയിൽ താഴെ നിൽക്കുന്നവരും ശ്രമിക്കും.
ഇവിടെ മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ് എന്നില്ല. പരമാവധി പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ച വെക്കുക എന്നതാണ് കുട്ടിയ്ക്ക് നൽകുന്ന ലക്ഷ്യം. അതുകൊണ്ട് ഒന്നോ രണ്ടോ കുട്ടികൾക്ക് മാത്രമല്ല സമ്മാനങ്ങൾ/ സ്റ്റിക്കർ കിട്ടുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ച എല്ലാവർക്കും അത് കിട്ടും എന്നതിനാൽ പ്രയത്നിക്കാൻ കുട്ടിയെ പ്രചോദിപ്പിക്കുന്നുണ്ട്.
ഇടവേളകളിലും കിട്ടുന്ന മറ്റ് ഒഴിവു സമയങ്ങളിലുമെല്ലാം പഠനക്കൂട്ടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ ചെയ്യും. ക്രമേണ നമ്മുടെ നിർദേശം പോലും വേണ്ടാതെ പഠനക്കൂട്ടങ്ങൾ സ്വയം പ്രവർത്തിക്കുന്ന നില വരെ ഉണ്ടായിട്ടുണ്ട്.
പരസ്പരം സഹായിക്കുന്നു, സഹഭാവം വളരുന്നു, നേതൃഗുണം വളരുന്നു. ഗ്രൂപ്പിൽ ഊഴമനുസരിച്ച് കാത്തുനിൽക്കാനും അച്ചടക്കം പാലിക്കാനും നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനും ശ്രദ്ധ വളരാനും ഒക്കെ പഠനക്കൂട്ടങ്ങൾ ഏറെ സഹായിക്കുന്നു.
പ്രസന്ന എ.പി
GLPS പലകപ്പറമ്പിൽ
മങ്കട സബ്ജില്ല
മലപ്പുറം
No comments:
Post a Comment