06/02/2025
ഏതൊരു അധ്യയന വർഷത്തെയും പോലെ തന്നെ ഏറെ ആശങ്കകളുമായാണ് ഈ വർഷം ജൂൺ മാസത്തിൽ ഒന്നാം ക്ളാസിലേക്കു കയറിയത്
അവിടവിടെ ഓരോ അക്ഷരങ്ങൾ മനസിലുറച്ച കുറച്ചു പേർ..... പ്രി പ്രൈമറി അനുഭവമേ ഇല്ലാത്തവർ രണ്ടു പേർ... മലയാളിയല്ലാത്ത ഒരു മോൻ.... ഇവരെയാണ് തട്ടും തടവുമില്ലാതെ വായിക്കാനും ആത്മവിശ്വാസത്തോടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും മറ്റു പ്രവർത്തനങ്ങൾ സ്വതന്ത്രമായി ചെയ്യാനും പ്രാപ്തരാക്കേണ്ടത്.
രക്ഷിതാവിൻ്റെ പിന്തുണയില്ലാതെ പ്രൈമറി ക്ളാസിലെ കുഞ്ഞിന് താൻ ആർജിക്കേണ്ട ഭാഷാ ശേഷികൾ നേടിയെടുക്കാൻ പ്രയാസമാണെന്ന തിരിച്ചറിവും അനുഭവവും മുന്നിൽ വെച്ച് കൊണ്ട് ജൂൺ മാസത്തിൽ തന്നെ ക്ലാസ് പി ടി എ വിളിച്ച് ഓരോ കുട്ടിയുടെയും നിലവിലെ അവസ്ഥയും ഒന്നാം ക്ളാസ് കഴിയുമ്പോൾ കുട്ടിയിൽ ഉണ്ടാവേണ്ട വ്യത്യാസവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സംയുക്ത ഡയറിയെഴുത്ത്. ടെക്സ്റ്റ് ബുക്ക് വായന. വായനകാർഡുവായന . കുഞ്ഞെഴുത്ത് പുസ്തക വായന. അമ്മയെഴുത്ത്. അമ്മ വായന. ഡയറിയെഴുത്തിൽ ക്രമേണ വരേണ്ട മാറ്റങ്ങൾ
ഒരു ദിനം ഒരു കഥ പറയൽ . പാഠഭാഗത്ത് ഊന്നൽ നൽകിയ അക്ഷരങ്ങൾ പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് ഒട്ടിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കടന്നു പോയപ്പോൾ... കുട്ടികൾ എൻ്റെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകൾക്കുമപ്പുറം മികവുറ്റവരായി.
സമയക്കുറവു മാത്രമാണ് ഇടക്ക് വഴി തടസ്സം സൃഷ്ടിച്ചത്.
ഒന്നഴക് ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ .video കൾ വൈവിധ്യമാർന്ന കുറേ കാര്യങ്ങൾ ക്ളാസിൽ ചെയ്യാൻ സഹായകമായി. വായനയ്ക്കും എഴുത്തിനും പുറമെ കഥകളും പാട്ടുകളും കളികളും നിറഞ്ഞ ഒന്നാം ക്ളാസ് എല്ലാ ആശങ്കകളേയും അകറ്റി ആത്മസംതൃപ്തിയോടെ മുന്നേറുന്നു
ഒന്നാം ഭാഗം തീരുമ്പോൾ സന്തോഷിക്കാൻ ഏറെയുണ്ട്. ചിത്രം വരക്കാരും കഥയെഴുതി വായിക്കുന്നവരും കുഞ്ഞു കവിതകൾ എഴുതാൻ ശേഷി നേടിയവരും വായനകാർഡുകളും കുഞ്ഞിക്കഥകളും ഒഴുക്കോടെ വായിക്കുന്നവരും ഈ വർഷത്തെ ഒന്നാം ക്ളാസിൽ രണ്ടാം ക്ളാസുകാരെക്കാൾ കൂടുതൽ പേരുണ്ട് എന്നല്ല മുഴുവൻ പേരുമുണ്ട് .
പ്രയാസങ്ങൾ
ഒന്നാം ക്ളാസിലെ അധ്യാപകർക്ക് നേരിടേണ്ടി വന്ന ചില പ്രയാസങ്ങൾ കൂടി കുറിക്കാതെ ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല.,
അതിൽ ഒന്നാമത്തേത് ഹാൻ്റ് ബുക്ക് കൃത്യ സമയത്ത് ലഭിക്കാതെ വന്നതാണ്. യൂണിറ്റുകളുടെ എണ്ണം കൂടുതലുള്ളതിനാൽ ഓടിച്ചു പാഠഭാഗം തീർക്കേണ്ടതായി വന്നിട്ടുണ്ട്., കുഞ്ഞെഴുത്തിൽ കുട്ടിക്ക് സ്വതന്ത്രമായി എഴുതാവുന്ന പ്രവർത്തനങ്ങൾ കുറവായതിനോട് യോജിക്കാനാവില്ല. കുറവുകൾ പരിഹരിച്ച് കൂടുതൽ തിളക്കത്തോടെ ഒന്നാം ക്ളാസ് ഒന്നാന്തരമാക്കാൻ അടുത്ത വർഷം സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ🙏
നസീമ. വി. പി
ജി എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി
എറണാകുളം
No comments:
Post a Comment