"പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ പുതിയ പാഠപുസ്തകവും എടുത്ത് ക്ലാസിലേക്ക് പോയത് ചെറിയ ഒരു ആശങ്കയോടെയാണ്..പ്രധാന കാരണം ഒന്നാം ക്ലാസിലെ മക്കളെ പോലെ ഒന്നാം ക്ലാസിൽ ഞാനും തുടക്കക്കാരനാണ്.. അക്ഷരം അറിയാത്ത കുട്ടിയെ എങ്ങനെ അക്ഷരം പഠിപ്പിക്കാം, ഒന്നാം ക്ലാസുകാരെ എങ്ങനെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം, അവർ ഓരോരുത്തരുടെയും നിലവാരം എത്തരത്തിൽ ആയിരിക്കാം, യു കെ ജി അനുഭവം ഇല്ലാത്ത കുട്ടിയിൽ എങ്ങനെ അക്ഷരങ്ങൾ എത്തിക്കാം.. ഇത്തരത്തിൽ നിരവധി ആയിരുന്നു ആശങ്കകൾ...
എന്നാൽ കൃത്യമായി വിശദീകരണങ്ങൾ ഉൾക്കൊള്ളിച്ച ഹാൻഡ്ബുക്കും,കലാധരൻ മാഷുടെയും സൈജ ടീച്ചറുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ആർപ്പോ ഇർറോ' കൂട്ടായ്മയിൽ നിന്ന് ലഭിക്കുന്ന നിരന്തര പിന്തുണയും ആശങ്കകൾ ഇല്ലാതാക്കി...



ആദ്യ ക്ലാസ് പി ടി എ യിൽ എന്നെപ്പോലെ രക്ഷിതാക്കൾക്കും ആശങ്കകൾ ഉണ്ടെന്ന് വ്യക്തമാക്കി..
പലരുടെയും പ്രധാന പ്രശ്നം യു കെ ജി കഴിഞ്ഞ കുട്ടിക്ക് പഠിക്കാൻ മാത്രം ഒന്നും പാഠഭാഗത്ത് ഇല്ലല്ലോ, എപ്പോഴും നിറം നൽകൽ മാത്രമാണല്ലോ എന്നായിരുന്നു..

സത്യത്തിൽ അതിന്റെ കാരണം രക്ഷിതാക്കൾക്ക് സന്നദ്ധത പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമായില്ല എന്നതാണ്...
എന്നാൽ മാറ്റങ്ങൾ പെട്ടന്നായിരുന്നു... കുട്ടികൾ ചെറിയ രീതിയിൽ എഴുതാനും വായിക്കാനും തുടങ്ങിയപ്പോൾ രക്ഷിതാക്കളുടെ ആശങ്കകൾ പൂർണ്ണമായും മാറി... കുട്ടികൾക്ക് സ്കൂളിലേക്ക് വരാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉള്ള താൽപ്പര്യം രക്ഷിതാക്കളെയും എന്നെയും ഏറെ സന്തോഷിപ്പിച്ചു...

പുതിയ പാഠപുസ്തകങ്ങൾ കുട്ടിയുടെ പ്രകൃതം മനസ്സിലാക്കുകയും കുട്ടിയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ക്ലാസ് അനുഭവത്തിലൂടെ എനിക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെട്ടെന്ന് ഉറപ്പിച്ചു പറയട്ടെ...
വായനാദിനത്തിൽ തുടക്കം കുറിച്ച വയനോത്സവത്തോടനുബന്ധിച്ചുള്ള കഥാവേളയിൽ കുട്ടികൾ കഥ പറയുന്ന പ്രവർത്തനം ഇപ്പോഴും സജീവമായി നടക്കുന്നു.. 

ഓരോ ദിവസവും രാവിലെ ക്ലാസിൽ എത്തുമ്പോൾ "ഇന്ന് ഞാൻ കഥ പറയാം മാഷേ.."എന്ന് കുട്ടികൾ പറയുമ്പോൾ വളരെയധികം സന്തോഷവും അതുപോലെ സംതൃപ്തിയും തോന്നാറുണ്ട്...

ജൂലൈ 15 മുതൽ ആരംഭിച്ച സംയുക്ത ഡയറി എഴുത്ത് കുട്ടികളിൽ വരുത്തിയ മാറ്റം എടുത്ത് പറയേണ്ടത് തന്നെയാണ്... ആദ്യ മാസങ്ങളിൽ എഴുതാൻ ബുദ്ധിമുട്ട് നേരിട്ടിരുന്ന 3 കുട്ടികൾ ഇന്ന് സ്വതന്ത്രമായി എഴുതുന്നതിനുള്ള പ്രധാനകാരണം ഡയറി എഴുത്തിൽ അവരുടെ സജീവമായുള്ള പങ്കാളിത്തമാണ്... ഓരോ ദിവസവും ക്ലാസിൽ മികച്ച ഡയറികൾ കണ്ടെത്തുകയും, അത് ക്ലാസിൽ അവരെ കൊണ്ട് വായിപ്പിക്കുകയും,
ആ ഡയറികൾ ക്ലാസ് ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തപ്പോൾ ഡയറി എഴുതാനുള്ള കുട്ടികളുടെ ആവേശം ഇരട്ടിയായി . മാത്രമല്ല കലാധരൻ മാഷ് ഫേസ്ബുക്കിൽ ഡയറി പങ്കിടുമ്പോൾ കുട്ടികളുടെയും ഒപ്പം എന്റെയും ആത്മവിശ്വാസം വർധിച്ചു...
വായന വളർത്തുന്നതിനായി ക്ലാസിൽ വായനാമൂല സജ്ജീകരിക്കുകയും കുട്ടികൾക്കാവിശ്യമായ വായനാസാമഗ്രികൾ അവിടെ ഒരുക്കിയതും, വായനാകാർഡുകൾ പ്രിന്റ് എടുത്ത് ചുമരിൽ പതിപ്പിച്ചതും കുട്ടികളിൽ ഒഴിവ് സമയങ്ങളിലും വായനയെ ചേർത്ത് പിടിക്കാൻ പ്രേരിപ്പിച്ചു...
ഓരോ പാഠഭാഗത്തെയും വ്യത്യസ്തമായ പ്രവർത്തങ്ങൾ കുട്ടികളിൽ പഠന തല്പരത നിലനിർത്താൻ സഹായിച്ചു.. ക്ലാസിൽ എന്നും പാട്ടും കഥയുമാണ്.. ജൈവികവും ജീവിതഗന്ധിയുമായ ക്ലാസ്റൂം അനുഭവം നൽകാൻ പുതിയ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ സഹായിച്ചു..
ആദ്യ യൂണിറ്റിലെ മുട്ട ഉപയോഗിച്ചുള്ള പരീക്ഷണം മുതൽ ആറാം യൂണിറ്റിലെ പാനീയ പരീക്ഷണം, രുചിയുത്സവം, സദ്യ ഒരുക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ആവേശം ഉണ്ടാക്കി...
ഏറെ സന്തോഷവും അത്ഭുതവും ഉണ്ടാക്കിയ കാര്യം രചനോത്സവത്തോ ടനുബന്ധിച്ച്, 'കാക്ക പ്രഥമൻ ഉണ്ടാക്കിയ കഥ ' എഴുതാനുള്ള പ്രവർത്തനം നൽകിയപ്പോഴാണ്.. കേവലം സൂചനകൾ മാത്രം നൽകിയപ്പോൾ ക്ലാസിലെ 80ശതമാനം കുട്ടികളും സ്വതന്ത്രമായി വാക്യങ്ങൾ കൃത്യമായി ക്രമീകരിച്ച് ആശയവ്യക്തതയോടെ അക്ഷരതെറ്റുകൾ പരമാവധി കുറച്ചുകൊണ്ട് കഥയെഴുതി..
അത് ഏറെ സന്തോഷവും അഭിമാനവും ഉളവാക്കി ...
ഇത് കുട്ടികളുടെ സ്വാതന്ത്ര രചന നടത്താനുള്ള കഴിവ് നന്നായി വികസിച്ചിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു.. തുടർന്നുള്ള രചനോത്സവത്തിന് നൽകിയ ഓരോ ചിത്രങ്ങളും കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു.. അവർ കഥകളെഴുതി അയച്ചു..
അത് പോസ്റ്ററുകളും വായനാകാർഡുകളുമായി മാറിയപ്പോൾ കുട്ടികൾക്ക് ഇരട്ടി മധുരമായി...
ആ പോസ്റ്ററുകൾ രക്ഷിതാക്കളുടെ സ്റ്റാറ്റസുകളായി മാറിയത് ഏറെ സന്തോഷമുളവാക്കി... 





ആ കഥകൾ കലാധരൻ മാഷുടെ ബ്ലോഗിൽ വന്നതും ഏറെ അഭിമാനം ഉണ്ടാക്കി...

"മാഷേ എന്റെ കഥ ഫോണിലെ ലിങ്കിൽ വന്നത് കണ്ട് എന്റെ അമ്മ ഓടി വന്ന് കെട്ടി പിടിച്ച് ഉമ്മ തന്നു" എന്ന് ഒരു കുട്ടി പറഞ്ഞത് കൂടി ഇവിടെ കുറിക്കുന്നു
..കുട്ടികളുടെ സ്വതന്ത്ര രചനകളിൽ രക്ഷിതാക്കൾ എത്രത്തോളം അഭിമാനിക്കുന്നു എന്നതിന് തെളിവ് കൂടിയാണിത്
..


കഥയെഴുത്ത് പ്രോത്സാഹിപ്പിക്കാൻ
അവർ എഴുതിയ കഥകൾ വായനാകാർഡുകളാക്കി മാറ്റുകയും അത് പ്രിന്റെടുത്ത് ക്ലാസിലെ ചുമരിൽ പതിപ്പിക്കുകയും ചെയ്തു.. കുട്ടികൾ അവരുടെ കൂട്ടുകാരുടെ കഥകൾ വായിക്കാനും അതിനെ പറ്റി ചർച്ചചെയ്യാനും ഇത് വഴിയൊരുക്കി
..

അതുപോലെ ക്ലാസിലെ കുട്ടിയുടെ കഥാവതരണം ഒന്നഴക് ചാനലിൽ വന്നത് രക്ഷിതകൾക്കും കുട്ടികൾക്കും അധ്യാപകനെന്ന നിലയിൽ എനിക്കും ഇരട്ടി മധുരമായി..



കുട്ടികളുടെ സ്വതന്ത്ര രചന വളർത്താൻ ക്ലാസിൽ നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ് 'നന്മപ്പെട്ടി ' എന്നത്. കുട്ടികൾ തലേദിവസം ചെയ്ത നന്മകൾ ഒഴിവ് സമയം ക്ലാസിൽ നിന്ന് എഴുതി പെട്ടിയിൽ ഇടുക എന്നതാണ് പ്രവർത്തനം. ഇത് വൈകുന്നേരം വായിക്കും.. പരസ്പരം തങ്ങൾ ചെയ്ത നന്മകൾ പങ്കുവെയ്ക്കുന്നു.. ഇതിലൂടെ കുട്ടികളുടെ സ്വതന്ത്ര ലേഖന ശേഷി എത്രത്തോളമാണെന്ന് മനസിലാക്കാനും രക്ഷിതാവിന്റെ ഇടപെടൽ ഇല്ലാതെ എഴുതാനുള്ള അവസരം ഒരുക്കാനും ഇതിലൂടെ കഴിഞ്ഞു...
കുട്ടികളുടെ നിലവാരം.
18 കുട്ടികളിൽ 14 കുട്ടികളും സ്വതന്ത്രമായി വായിക്കുകയും എഴുതുകയും ചെയ്യുന്നു.
2 കുട്ടികൾക്ക് നേരിയ തോതിൽ വായനയിലും എഴുത്തിലും പിന്തുണ നൽകേണ്ടി വരുന്നു.
മറ്റ് 2 കുട്ടികളിൽ വായിക്കാനും എഴുതാനും നല്ല രീതിയിൽ പിന്തുണ ആവിശ്യമുള്ളവരാണ്. അവർക്കുള്ള പിന്തുണയും നൽകി വരുന്നു..
ഒന്നാം ക്ലാസുകാർ ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം വായിക്കാനും എഴുതാനുമുള്ള ശേഷി നേടിയതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്.
..

ഞാനും എന്റെ മക്കളും രക്ഷിതാക്കളും ഇപ്പോൾ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് 
..


ഒന്നഴക് ഗ്രൂപ്പിൽ നിന്ന് കലാധരൻ മാഷുടെയും സൈജടീച്ചറുടെയും നിരന്തരമായുള്ള പിന്തുണയും മറ്റ് അധ്യാപക സഹായികളും പരിശീലനങ്ങളും ആശങ്കകൾ ഇല്ലാത്ത ഒന്നാം ക്ലാസ് അനുഭവം എനിക്ക് സമ്മാനിച്ചു..
തുടർന്നും പിന്തുണ ആഗ്രഹിക്കുന്നു
..

ഒരുപാട് സന്തോഷം.നന്ദി..
"


സഞ്ജയ് കെ
മാച്ചേരി ന്യൂ യു പി സ്കൂൾ കണ്ണൂർ നോർത്ത്
27/11/2024
No comments:
Post a Comment