31/03/2025
ഒന്നാം ക്ലാസിലെ ആദ്യ ദിനങ്ങളിൽ മറ്റുള്ള അമ്മമാരെ പോലെ തന്നെ ഞാനും വളരെയധികം വ്യാകുലയായിരുന്നു.. എന്നാൽ അതൊക്കെ മാറിയത് ആദ്യത്തെ ദിനങ്ങളിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു തുടങ്ങിയതോടെയാണ്.. അക്ഷരങ്ങൾ മാത്രം കണ്ടു മനസ്സിലാക്കാൻ പ്രാപ്തിയുള്ള കുട്ടികൾ പെട്ടെന്ന് തന്നെയാണ് വാക്കുകളിലേക്കും വാക്കുകളിൽ നിന്ന് വാചകങ്ങളിലേക്കും അതിൽ നിന്ന് സംയുക്ത ഡയറിയിലേക്കും ഓടിയടുത്തത്.. ആദ്യമൊക്കെ അമ്മമാരുടെ സഹായം സ്വീകരിക്കാമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ കുട്ടികൾ സ്വന്തമായി വാക്കുകൾ കൂട്ടിച്ചേർത്ത് എഴുതാനും നിരീക്ഷിച്ച കാര്യങ്ങളെ അവരുടെ ഭാഷയിൽ ഭംഗിയായി എഴുതിച്ചേർക്കാനും ശ്രമിച്ചു തുടങ്ങി..
പിന്നീട് അമ്മമാരുടെ നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ കുട്ടികൾ വേഗത്തിൽ എഴുതുവാനും വായിക്കുവാനും പഠിച്ചു.. മകൾ അധ്യാപകനെയും ഒന്നാം ക്ലാസ്സിനെയും പാഠപുസ്തകങ്ങളെയും വളരെയധികം സ്നേഹിക്കുന്നു.. എന്റെ മകളുടെ മലയാളപുസ്തകം വളരെ ചുക്കി ചുളിഞ്ഞതും കീറിയതും ആണ് എന്തുകൊണ്ട് എന്നാൽ ഏതുനേരവും പുസ്തകം എടുത്ത് വായിക്കുവാനും പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എന്റെ മകളുടെ ഒന്നാം ക്ലാസ് പഠനം അവളെ കൊണ്ട് കാര്യപ്രാപ്തിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാനും ചിട്ടയായ ശീലങ്ങൾ വളർത്തിയെടുക്കുവാനും പഠനത്തിനു പുറമേ സഹായിച്ചിട്ടുണ്ട്.. ഒരു കുട്ടിയെ നല്ലൊരു വിദ്യാർത്ഥി ആക്കുന്നത് ക്ലാസിലെ അധ്യാപകൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.. അധ്യാപനത്തിന്റെ ആദ്യകാലയളവിൽ തന്നെ സഞ്ജയ് മാഷ് തെളിയിച്ചിരിക്കുകയാണ്.. കുരുന്നു മനസ്സുകളെ പഠിച്ചെടുത്ത് വ്യക്തമായ ചിന്താഗതികളോടെ കുട്ടിത്തം നിറഞ്ഞ ഭാവത്തോടെ കുട്ടികളിൽ തെല്ലും മുഷിപ്പില്ലാതെ പാഠഭാഗങ്ങൾ അവതരിപ്പിക്കാൻ മാഷിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇനിയും ഒന്നാം ക്ലാസിലേക്ക് വരുന്ന മറ്റു കുരുന്നുകൾക്കും വഴികാട്ടി ആവാൻ മാഷിനെ കൊണ്ട് സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ സാധിക്കും.. പുതിയ പാഡ്ധ്യ പദ്ധതി പ്രകാരം തയ്യാറാക്കിയ ഒന്നാം ക്ലാസിലെ പുസ്തകങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ വളർത്തിയെടുക്കുവാനും നന്മയുള്ള സാമൂഹിക മൂല്യബോധമുള്ള കുട്ടിയാക്കി വളർത്തുവാനും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുപോലെ ആയിരിക്കണം വരും ക്ലാസുകളിലെ പാഠപുസ്തകങ്ങൾ എന്നും കൂട്ടിച്ചേർക്കുന്നു എന്റെ മകൾ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയാണെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം അധ്യാപകന്റെ നിർദ്ദേശത്താൽ മകൾ ഒരു ദിവസം പോലും നിർത്താതെ സംയുക്ത ഡയറി എഴുതുകയും അതുപോലെതന്നെ പലതരത്തിലുള്ള കഥാപുസ്തകങ്ങൾ വായിച്ച് കഥകളെ കുറിച്ച് വായനക്കുറിപ്പ് എഴുതുവാനും പ്രാപ്തിയായിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ഡയറി എഴുതിയതിനും കൂടുതൽ കഥകൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കിയതിനും അവൾക്ക് സ്കൂളിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്.. അവളെ ഇതിന് പ്രാപ്തയാക്കിയ സഞ്ജയ് മാഷിനും ഒന്നാം ക്ലാസിലെ പാഠപുസ്തകങ്ങളും ഒന്നാം ക്ലാസിലെ പുസ്തകത്തിന്റെ നിർമ്മാണ പ്രവർത്തകനായ കലാധരൻ മാഷിനും ഞാൻ നന്ദി രേഖപ്പെടുത്തുന്നു..
ഒന്നാം ക്ലാസ് പഠനകാലയളവിൽ നല്ല ഒരു അനുഭവം എടുത്തു പറയാൻ പറഞ്ഞാൽ സാധിക്കുകയില്ല ഓരോ ദിനങ്ങളും ഓരോരോ അനുഭവങ്ങളാണ് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സഞ്ജയ് മാഷ് പകർന്നു നൽകിയത്.. കുട്ടികൾക്ക് വ്യക്തമായ രീതിയിൽ കാര്യങ്ങൾ ക്ലാസിൽ അവതരിപ്പിച്ചും കുട്ടികളെ കൊണ്ട് തന്നെ പാഠഭാഗങ്ങൾ നാടകാവിഷ്കാരം നടത്തിയും വേറിട്ട ഒരു പഠന രീതിയാണ് ഒന്നാം ക്ലാസിൽ ഉണ്ടായത്.. നല്ലൊരു അനുഭവം എന്ന് പറയുന്നത് കുട്ടികൾക്ക് കിട്ടുന്ന പ്രശംസയും അംഗീകാരങ്ങളുമാണ്.. അതുകൊണ്ടുതന്നെ എന്റെ മകൾക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ ഒന്നാം ക്ലാസിൽ അല്ലേ പഠിക്കുന്നത് ഇത്രയും പെട്ടെന്ന് മലയാളം എഴുതാനും വായിക്കുവാനും പഠിച്ചല്ലോ എന്നത് തന്നെയാണ്.. മകൾ എവിടെ പോയാലും ഒരു പേപ്പറിന്റെ കഷ്ണം ലഭിച്ചാലോ ബോർഡ് കണ്ടാലോ വായിക്കുന്നത് കാണുമ്പോൾ എല്ലാവരും അതിശയോക്തിയോടെ നോക്കിക്കൊണ്ട് അവളെ പ്രശംസിക്കുന്നത് അമ്മ എന്ന പേരിൽ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്.
ഒന്നാം ക്ലാസിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠനശേഷി വർദ്ധിപ്പിക്കുകയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്തത്.. സ്വന്തമായി കാര്യങ്ങൾ എഴുതുവാനും വാക്കുകൾ കൂട്ടിച്ചേർക്കാനും വായിക്കുവാനും ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങൾ വളരെയധികം ഉപകാരപ്പെട്ടു. കുട്ടികൾ ഒരു പ്രവർത്തനവും മടുപ്പോ ഇഷ്ടക്കേടോ ഇല്ലാതെ ചെയ്തുതീർക്കുവാൻ അവർ താൽപര്യം കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു പ്രവർത്തനവും ഒഴിവാക്കണമെന്ന് തോന്നിയിട്ടില്ല ഇനി വരുന്ന ക്ലാസുകളിലും ഇതുപോലെ കുട്ടികളുടെ പഠന മികവിനെ മികച്ചതായി കൊണ്ടുവരാൻ പറ്റിയ പഠന പ്രവർത്തനങ്ങൾ പാഠ്യപദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് വരണമെന്ന് ഒരു രക്ഷിതാവ് എന്ന നിലയിൽ അനാഗ്രഹിക്കുന്നു..
സുകന്യ (രക്ഷിതാവ് )
മാച്ചേരി ന്യൂ യു പി സ്കൂൾ.
കണ്ണൂർ നോർത്ത്
എന്റെ മകനെ സംബന്ധിച് പറയുകയാണെങ്കിൽ ഒന്നാം ക്ലാസ്സിൽ അവനു വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സ്വരക്ഷരങ്ങളും, വ്യഞ്ജനക്ഷരങ്ങളും... എന്ന രീതി ഉപയോഗിക്കാതെ.. പഠഭാഗത്തുള്ള ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളുമാണ് മാഷ് പഠിപ്പിച്ചത്.
ഇങ്ങനെ പഠിപ്പിക്കുമ്പോൾ കുട്ടികൾ അക്ഷരങ്ങൾ മറന്നു പോകില്ലേ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ടാണ് അവൻ അക്ഷരങ്ങളൊക്ക സ്വായത്തമാക്കിയത് . അതിന് ഒരു പ്രധാന കാരണം ഡയറിയെഴുത്ത് തന്നെയാണ്. ആദ്യമൊക്കെ മടിയോടെയാണ് എഴുതിയതെങ്കിലും ഇന്ന് അവൻ അവന്റെ ദിനചര്യയുടെ ഭാഗമായി ചെയ്യേണ്ട ഒരു കാര്യം പോലെയാണ് ഡയറി എഴുതുന്നത്. അതുപോലെതന്നെയാണ് വായനയും, വായ്ക്കാനും ഭയങ്കര മടിയുള്ളകു ട്ടിയാണ്. എന്നാൽ അവൻ ഇപ്പോൾ 29 കഥകൾ വായിച്ചു, അതിന്റെ വായനക്കുറിപ്പും എഴുതി. അതും ഒട്ടും നിർബന്ധിക്കാതെ തന്നെ....
എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റം തന്നെയാണ്. അതിന് അവനെ പ്രാപ്തനാക്കിയത് സഞ്ജയ് മാഷാണ്. മാഷിന് ഒത്തിരി.....നന്ദിയും സ്നേഹവും....ഞാൻ അറിയിക്കുന്നു. അവധിക്കാലത്തും എഴുത്തിനും, വായനയ്ക്കും അവധിയില്ല എന്ന് പറഞ്ഞ്, സ്കൂൾ അടക്കുന്നതിന് മുന്നേ കുട്ടികൾക്ക് അവധിക്കാലം വായ്‌ക്കേണ്ട കഥാബുക്കുകളും മാഷ് നൽകിയിട്ടുണ്ട്. അങ്ങനെ അവധിക്കാലത്തും ഡയറി എഴുതിയും, കഥകൾ വായിച്ചും, വായനക്കുറിപ്പ് എഴുതിയും... സഞ്ചയ്മാഷ് ഒന്നാം ക്ലാസ്സിലെ കൂട്ടുകാർക്കൊപ്പംതന്നെയുണ്ട്. ഇനിയും ഒരുപാട് കുട്ടികളെ വായനയുടെലോകത്ത് കൊണ്ടുപോകാൻ മാഷിന് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു. 🥰
ഒന്നാം ക്ലാസിൽ അധ്യാപകനാണ് പഠിപ്പിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൽ നല്ല ആശങ്കയായിരുന്നു. കാരണം ഒരു അധ്യാപികയ്ക്ക് ഒരു 'അമ്മയാകാനും' കഴിയും.
എന്നാൽ ചെറുപ്പക്കാരനായ ഒരു അധ്യാപകൻ കുട്ടികളോട് എങ്ങനെയായിരിക്കും എന്നുള്ള ഉത്കണ്ഠ ആയിരുന്നു അത്. പക്ഷേ സഞ്ജയ് മാഷിന്റെ കുട്ടികളോടുള്ള സമീപനം ഒരു അധ്യാപകൻ എന്നതിലുപരി അവരുടെ സ്വന്തം ചേട്ടൻ എന്ന രീതിയിൽ ഉള്ളതായിരുന്നു. വളരെ മികച്ച രീതിയിൽ കുട്ടികളെ മടുപ്പിക്കാത്ത രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആയിരുന്നു മാഷുടെത്. മാഷ് പറയുന്ന ഓരോ പ്രവർത്തനങ്ങളും മോൻ നല്ല ഉത്സാഹത്തോടുകൂടി ചെയ്യുന്നതു കണ്ടപ്പോൾ വളരെ അഭിമാനം തോന്നിയിരുന്നു. ക്ലാസിൽ തന്നെ ഒരു വായനാമൂല ഒരുക്കിയതിലൂടെ കുഞ്ഞുമക്കളെ ഒന്നാന്തരം വായനക്കാർ ആക്കാനും മാഷിന് കഴിഞ്ഞു. മോന്റെ വായന വീഡിയോ വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കിട്ടപ്പോൾ വളരെയധികം അഭിമാനവും സന്തോഷവും തോന്നി. അതിന് അവനെ പ്രാപ്തനാക്കിയ സഞ്ജയ് മാഷിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. സഞ്ജയ് മാഷിനെ വിട്ട് രണ്ടാം ക്ലാസിലേക്ക് പോകുന്നില്ല അമ്മേ എന്ന് മോൻ സങ്കടത്തോടുകൂടി പറയുമ്പോൾ ഇവരുടെ കുഞ്ഞുമനസ്സിനെ മാഷ് അത്രത്തോളം സ്വാധീനിച്ചു എന്നുതന്നെയാണ് അതിനർത്ഥം.
സ്നേഹത്തോടെ ഇഷാന്റെ അമ്മ ❤️
എന്റെ മകൾ അവന്തികയുടെ ഒന്നാം ക്ലാസ്സ് പഠനത്തിൽ ഞാൻ വളരെ സംതൃപ്തയാണ്,
എന്റെ മകൾ ഇപ്പോൾ നന്നായി എഴുതാനും വായിക്കാനും സ്വന്തം ആയി ഡയറി എഴുതാൻ, കഥ എഴുതാനും കഴിയുന്നുണ്ട്, അവൾ വാർഷിക പരീക്ഷയിൽ സ്വന്തം ആയി ചോദ്യം വായിച്ചു തനിയെ എഴുതി നല്ല മാർക്ക് വാങ്ങിക്കുവാൻ കഴിഞ്ഞു, അവളുടെ ഒന്നാം ക്ലാസ്സ് ടീച്ചർ സുഭി ടീച്ചർ വളരെ നന്നായി കുഞ്ഞുങ്ങളെ നോക്കുകയും പഠിപ്പിക്കയും ചെയ്യുന്നുണ്ട്, അവൾ എല്ലാ കാര്യങ്ങളും അവളുടെ ടീച്ചറുമായി സംസാരിക്കും, അവളുടെ ടീച്ചറിനെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്, ടീച്ചർ നന്നായി പഠിപ്പിക്കും ഞങ്ങളെ വലിയ ഇഷ്ടം ആണ് എന്ന് എന്നും വന്നു പറയും, ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ എനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ എന്റെ കുഞ്ഞിന്റെ പഠനത്തിൽ വളരെ ഹാപ്പി ആണ്, എന്റെ കുഞ്ഞിനെ ഇങ്ങനെ ആക്കി തന്നതിൽ സുഭി ടീച്ചറിനോട് വളരെ നന്ദി ഉണ്ട്,അവധിക്ക് സ്കൂളിൽ നിന്നും പുസ്തകവുമായിട്ട് ആണ് മോൾ വന്നത്, അതു ഓരോ ദിവസവും ഞങ്ങളെ വായിച്ചു കേൾപ്പിക്കുണ്ട്,, കൂടാതെ ടീച്ചർ ക്ലാസ്സിൽ ചെയ്യിച്ച ഓരോ പ്രവർത്തങ്ങൾ വീട്ടിൽ വന്നു ഞങ്ങളെ ചെയ്ത് കാണിക്കാറുണ്ട്, മോൾ ചെയ്ത വീഡിയോ ടീച്ചർ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും, fb അതു പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് അതൊക്കെ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി, ഞങ്ങളുടെ കുഞ്ഞു ഇന്ന് നന്നായി പഠിക്കയും വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്, ഞങ്ങൾ വളരെ happy ആണ്, സുഭി ടീച്ചറിനോട് വളരെ കടപ്പാട് അറിയിക്കുന്നു, ഒന്നിൽ നിന്നും അവൾ പോകുന്നതിൽ അവൾക് വിഷമം ഉണ്ട് കാരണം സുഭി ടീച്ചർ അവളെ പഠിപ്പിച്ചാൽ മതി എന്നാണ് കുഞ്ഞു പറയുന്നത്, അത്രയും നന്നായി കുഞ്ഞുങ്ങളെ അവിടെ ഉള്ള അധ്യാപകർ നോക്കുന്നുണ്ട് 🥰🥰👍👍👍🥰
രമ്യ കൃഷ്ണൻ
തെള്ളിയൂർ പത്തനംതിട്ട
ഞാൻ സെന്റ് ബെഹനാൻസ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ലിയോ ലിജുവിന്റെ രക്ഷിതാവാണ്,, എന്റെ കുഞ്ഞിന്റെ പഠനത്തിൽ ഇന്ന് ഞാൻ വളരെ ഹാപ്പി ആണ്,
അവനിൽ ഉള്ള കഴിവുകൾ കണ്ടെത്താനും അവ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും അവന്റ പ്രിയപ്പെട്ട സുഭി ടീച്ചർക്ക് സാധിച്ചു. എഴുത്തിലും വായനയിലും, പഠനത്തിലും എന്റെ മോൻ വളരെ മികച്ചു നിൽക്കുന്നു, ഒന്നിലെ കുഞ്ഞുങ്ങൾ സ്വന്തം ആയി ഇങ്ങനെ ഡയറി, കഥകൾ, പത്രം തയ്യാറാക്കുമോ എന്ന് സംശയിച്ചു നിന്ന ഞങ്ങൾ ഇന്ന് അഭിമാനത്തോടെ പറയുന്നു അവർ ചെയ്യും എന്ന് 🥰👍അതിലേക്ക് അവരെ കൊണ്ട് എത്തിക്കുവാൻ പ്രിയ സുഭി ടീച്ചർക്ക് സാധിച്ചു. പാഠത്തിലെ പ്രവർത്തനങ്ങൾ കണ്ടു ആദ്യം ഒന്ന് പതറി എങ്കിലും അവ വളരെ രസകരവും ആസ്വാദകരവും ആയി കുഞ്ഞുങ്ങൾ പഠിക്കുന്നത് ചെയ്യുന്നതും ഞാൻ നേരിട്ട് കണ്ടു മനസിൽ ആക്കി, ആ സ്കൂളിൽ ഈ വർഷത്തെ PTA പ്രസിഡന്റ് ആയി സ്ഥാനം ലഭിച്ച ശേഷം സ്കൂൾ സന്ദർശിക്കുകയും കുഞ്ഞുങ്ങളുടെ പഠനമികവുകൾ നേരിട്ട് കണ്ടു മനസ്സിൽ ആക്കുവാനും എനിക്ക് സാധിച്ചു. ഒന്നിലെ എല്ലാ കുഞ്ഞുങ്ങളും നന്നായി പഠിക്കയും എഴുതുകയും വായിക്കുകയും ചെയ്യുന്നത് കണ്ടു മനസ്സിൽ ആകുവാൻ സാധിച്ചു. പാഠപ്രവർത്തങ്ങൾ വളരെ ലളിതമായി അവരിൽ എത്തിക്കുവാനും തുടർ പ്രവർത്തനങ്ങൾ വളരെ ഭംഗി ആയി പൂർത്തിയാക്കുവാനും സാധിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ വളരെ നന്നായി കെയർ ചെയ്തു അവരെ മുന്നോട്ട് കൊണ്ടുവരുന്നതിൽ സുഭി ടീച്ചർ വളരെ കഷ്ടപ്പെടുന്നതും ഇന്ന് കുഞ്ഞുങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ സുഭി ടീച്ചർ എത്ര പരിശ്രമിച്ചു എന്നും അതിന്റെ നല്ല ഫലം കാണുവാനും കഴിഞ്ഞു, ഒരുപാട് നന്ദി ഉണ്ട് സുഭി ടീച്ചർക്ക് 🥰🥰🥰👍👍കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കും അവസരം ലഭിക്കുന്ന വിവിധ പ്രവർത്തങ്ങൾ ഒന്നാം ക്ലാസ്സ് പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് രക്ഷിതാവ് എന്ന നിലയിൽ ഞങ്ങളും happy ആണ്, ഞങ്ങളുടെ കഴിവുകളും മുന്നിൽ കൊണ്ട് വരുവാൻ സാധിച്ചു. ശില്പശാലകൾ ഞങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു, വരും വർഷങ്ങളിൽ ഇത്തരം പ്രവർത്തങ്ങൾ ഉൾപെടുത്തുന്നത് വളരെ നല്ലത് ആണ്. 🥰ഒന്നാം ക്ലാസ്സ് ഇന്ന് ഒന്നാം തരം. ഞങ്ങൾ വളരെ സംതൃപ്തരാണ്
ലിയോ ലിജുവിന്റെ അമ്മ
കൊച്ചുമോൾ ലിജു
SBLPS തെള്ളിയൂർ പത്തനംതിട്ട
പ്രിയപ്പെട്ട ടീച്ചർ,
ഏറെ സന്തോഷത്തോടെയും അതിലുപരി ആശങ്കയോടും കൂടിയാണ് ഓരോ പുതിയ അധ്യയന വർഷത്തിലേക്കും പ്രത്യേകിച്ച് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ വിടുന്നത്.
കുഞ്ഞുകുട്ടികൾ ആയതുകൊണ്ട് തന്നെ അവരെ അക്ഷരങ്ങൾ എഴുതിത്തുവാനും ശ്രമകരം തന്നെയാണ്. പ്രത്യേകിച്ച് ഈ അധ്യയന വർഷംപുതുക്കിയ പാഠ്യപദ്ധതി കൂടിയായിരുന്നു.എല്ലാ രക്ഷിതാക്കൾക്കും അതിൽ ആശങ്കയും ആകാംക്ഷയും ഉണ്ടായിരുന്നു.കുട്ടികൾ എങ്ങനെ അതിനെ സ്വീകരിക്കും മനസ്സിലാക്കും എന്നെല്ലാം .പക്ഷേ ഞങ്ങൾ വിചാരിച്ചതിലും ഉപരി കുഞ്ഞുങ്ങൾ അതിനെ നല്ല രീതിയിൽ സ്വീകരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെഒന്നാം ക്ലാസിലെ കുട്ടികൾ എന്നതിലുമുപരിഅവർ അക്ഷരങ്ങൾ എടുത്ത് വാക്കുകളും വാചകങ്ങളും വായിക്കുവാനും എഴുതുവാനും തുടങ്ങിയിരുന്നു.ഒരു നോട്ടീസ് പത്രക്കടലാസോ ഒക്കെ കിട്ടിയാൽ തന്നെ അതൊക്കെ അവർ വായിക്കുന്നു.സ്വന്തമായി ചിന്തിക്കുവാനും കഥകൾ പറയുകയും എഴുതുകയും ചെയ്യുന്നു.
*തീർച്ചയായും പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പുതുക്കിയ പാഠ്യ പദ്ധതി ഉയർന്ന നിലവാരം പുലർത്തുന്നതാണ്*
അതിനുമപ്പുറം ഞങ്ങളുടെ കുഞ്ഞുങ്ങളെ വളരെ ക്ഷമയോടെ സ്നേഹത്തോടെ ചേർത്തു പിടിച്ചു അവരോടൊപ്പം നിന്ന പ്രിയപ്പെട്ട ദീപ ടീച്ചർക്ക് ഒരായിരം നന്ദി.....
ഏറെ സ്നേഹത്തോടെ
രമ്യ സന്തോഷ് (നിള പാർവ്വതി)
ജി എച്ച് എസ് തത്തപ്പിള്ളി
No comments:
Post a Comment