യൂണിറ്റ് ആറ്
ക്ലാസ്: ഒന്ന്
യൂണിറ്റ്: 6
ടീച്ചറുടെ പേര്: റ്റിന്റു,
ഗവ. ജെ ബി. എസ്. മംഗലം
ചെങ്ങന്നൂർ
ആലപ്പുഴ
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
തനിയെ എഴുതിയവര്‍ക്ക് അവസരം ( വീഡിയോ)
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം
ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം ( സംയുക്തവായന)
തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.
അക്ഷരബോധ്യ ചാർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിളിക്കുന്നു.
പ്പ എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക ( പിന്തുണ നൽകേണ്ട എബിൻ, ആര്യൻ )
ത്ത വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക ( ആര്യൻ, എബിൻ, ധ്യാൻ )
ണ്ണ എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. ( ആര്യൻ, എബിൻ ).
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.
ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
വായനപാഠം വായിക്കൽ 5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.
വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്
ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മുന്‍കൂട്ടി ലഭിച്ച കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു.
പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു
പിരീഡ് രണ്ട്, മൂന്ന് |
പ്രവര്‍ത്തനം : താനാരം താനാരം (പാട്ട്, എഴുത്ത്, വായന ) പ്രവര്‍ത്തനപുസ്തകം പേ്ജ്48
പഠന ലക്ഷ്യങ്ങള്‍ :
വൈവിധ്യമുള്ള പ്രമേയങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ, കഥകൾ, കഥാഗാനങ്ങൾ എന്നിവ ശ്രദ്ധയോടെ കേട്ട് വിവിധ രീതികളിൽ പ്രതികരിക്കുന്നു (അഭിനയം, താളമിടൽ, ഏറ്റു ചൊല്ലൽ മുതലായവ)
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു
സമയം: 30+ 30 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍: - പലഹാരപ്പാട്ട് എഴുതിയ ചാർട്ട്, ക്രയോൺസ്
പ്രക്രിയാവിശദാംശങ്ങള്‍
കഥ ഭാവാത്മകമായി അവതരിപ്പിക്കുന്നു
നേരം വെളുത്തു. ആരാ വിളിക്കുന്നത്? (ശബ്ദം കേള്‍ക്കുന്നതായി അഭിനയം). രാവിലെ അടുക്കളയിൽ നിന്നാണല്ലോ ആരോ വിളിക്കുന്നത്?
"വേഗം വാ. കൈ കഴുകി വാ"
ആരായിരിക്കും വിളിച്ചത്? (കുട്ടികളുടെ പ്രതികരണങ്ങൾ) (അമ്മ എന്നായിരിക്കും പറയുക. അതെന്താ അച്ഛന് അടുക്കളയിൽ പാചകം ചെയ്താൽ എന്ന് ചോദിച്ച ശേഷം അച്ഛനും അമ്മയുമല്ല എന്ന് പറയണം)
സൂചന വേണോ?
നിറം വെള്ളയാണ്, ആകൃതി വട്ടമാണ്. ഒരു പാത്രത്തില്‍ അടച്ചു വച്ചിരിക്കുകയാ.
കൊടുക്കാവുന്ന മറ്റു സൂചനകൾ .
വെളുത്ത നിറമാണ്, പാൽ ചേർത്തിട്ടുണ്ട്, തിന്നാനുള്ള സാധനമാണ്, ഒഴിച്ച് ചുറ്റിച്ച് ചുട്ടെടുക്കുന്നതാണ്.
(ഉത്തരം കിട്ടിയവർ കൈപൊക്കുക. കേട്ട് ആശയം ഗ്രഹിക്കൽ)
രാവിലെതന്നെ പാലപ്പം ആരെയായിരിക്കും വിളിച്ചത്? (കുട്ടികളുടെ പ്രതികരണങ്ങൾ). നിങ്ങളെപ്പോലെ പാലപ്പവും പലഹാരങ്ങളുമൊക്കെ ഒത്തിരി ഇഷ്ടപെടുന്ന ഒരാള്‍. ആ ആൾക്ക് എത്ര വയസ് കാണും? (കുട്ടികളുടെ പ്രതികരണങ്ങൾ)
അവൾക്ക് ഒരു പേരുണ്ട്. തുടക്കം ഇങ്ങനെയാ. ഷൈ…… (എന്ന് മാത്രം ബോർഡിൽ എഴുതി ഉച്ചരിക്കുന്നു ) പേര് ഊഹിച്ചു പറയാമോ
? കുട്ടികൾ പറയുന്ന പേരുകൾ ബോർഡിൽ എഴുതണം
ഷൈല, ഷൈമ, ……..
ഒടുവിൽ ഷൈനി എന്ന് ടീച്ചർ പറഞ്ഞ് എഴുതുന്നു.
സചിത്ര പുസ്തകം പേജ് 49 ഷൈനിയെ പരിചയപ്പെടുന്നു. നിറം നൽകുന്നു.
ഷൈനി തന്‍റെ ചക്രക്കസേരയും ഉരുട്ടി എല്ലായിടത്തും പോകും .പോകുമ്പോള്‍ എപ്പോഴും ഒരു പാട്ടും പാടും. ഒരു പലഹാരപ്പാട്ട്.
പാടാം രസിക്കാം
പ്രവര്‍ത്തനപുസ്തകത്തിലെ പലഹാരപ്പാട്ട് (താനാരം താനാരം തക) ഓഡിയോ കേള്‍പ്പിക്കുകയോ ടീച്ചര്‍ പാടുകയോ ചെയ്യുന്നു.
ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് താളം കൊട്ടിപ്പാടുന്നു. താളത്തിനനുസരിച്ച് ചെറിയ ചുവടുകള്‍ വക്കുന്നു.
പാട്ടെഴുതാം.
അറിയാവുന്ന പലഹാരപ്പാട്ട് എല്ലാവരും പ്രവർത്തനപുസ്തകത്തിൽ എഴുതിച്ചേർക്കുന്നു.
പലഹാരപ്പാട്ട് അറിയാവുന്നവര്‍ അവതരിപ്പിക്കണം
അറിയാത്ത കുട്ടികള്‍ കണ്ടേക്കാം. അവര്‍ക്കായി ചെറിയ പലഹാരപ്പാട്ടുകള്‍ ടീച്ചര്‍ അവതരിപ്പിക്കണം. ആറ് വരികള്‍ മതി. പരിചയിച്ച അക്ഷരങ്ങള്‍ ഉള്ളതാകണം.
വട്ടത്തിലുള്ള ചപ്പാത്തി
ചുട്ടെടുത്ത ചപ്പാത്തി
കറിയും കൂട്ടി തിന്നീടാം
രുചിയോടെ തിന്നീടാം
മുട്ടക്കറിയോ കടലക്കറിയോ
സാമ്പാറാണോ വേണ്ടത്?
ചൊല്ലി ആസ്വദിച്ച ശേഷം പഠനക്കൂട്ടത്തില്‍ വ്യക്തിഗത രചന. (പിന്തുണ ആവശ്യമുള്ളവർക്ക് സഹവർത്തിത രചനയോ സംയുക്ത രചനയോ പ്രയോജനപ്പെടുത്തുന്നു.)
സഹവര്‍ത്തിത രചന : പാട്ടറിയാവുന്നവരും അല്ലാത്തവരും ചേര്‍ന്ന ഗ്രൂപ്പ്. കൂട്ടുകാരുടെ സഹായത്തോടെ എഴുതാം. ഒരാള്‍ ഒരു വരി അടുത്ത വരി ആടുത്തയാള്‍. എഴുത്തില്‍ പരസ്പരം സഹായിക്കും. കൂട്ടുല്പന്നം. ഗ്രൂപ്പിലെ എല്ലാവരുടെയും സചിത്രപുസ്തകത്തില്‍ ഒരേ രചന.
സംയുക്തരചന : കുട്ടി വ്യക്തിഗതമായി എഴുതുന്നു. അറിയുന്ന അക്ഷരം കുട്ടി തനിയെയും അറിയാത്തത് സഹായത്തോടെയും (ടീച്ചറോടോ സഹപഠിതാവിനോടോ ചോദിച്ച്) എഴുതുന്നു.
പിന്തുണനടത്തം- കുട്ടികള്‍ എഴുതുമ്പോള്‍ ആവശ്യമായ സഹായം നല്‍കണം, വിലയിരുത്തണം. അംഗീകാരമുദ്ര നല്‍കണം
ഗ്രൂപ്പായി താളമിട്ട് ചൊല്ലി അവതരിക്കുന്നു.
ടീച്ചര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തി ഓരോ വരിക്കും ശരി നല്‍കുന്നു. ടീച്ചര്‍ വിലയിരുത്തുന്നു.
പ്രതീക്ഷിത ഉല്പന്നം : കുട്ടികൾ പാട്ട് താളമിട്ട് ചൊല്ലുന്ന വീഡിയോ ‘
വിലയിരുത്തൽ :
കുട്ടികൾക്ക് നൽകിയ സൂചനകൾ കൃത്യമായിരുന്നോ?
ചിത്രത്തിൽ നിന്ന് പുറത്തു പോകാതെ ആകര്‍ഷകമായി നിറം നൽകാൻ എല്ലാവർക്കും കഴിയുന്നുണ്ടോ?
താളംകൊട്ടി പാടാനും ചുവടുവെക്കാനും മികവ് പുലര്‍ത്തിയാതാലെല്ലാം?
പലഹാരപ്പാട്ട് എഴുതാൻ എത്ര കുട്ടികൾക്ക് സഹായം വേണ്ടി വന്നു?
പിരീഡ് നാല് |
പ്രവർത്തനം: ഹായ് പാലപ്പം (എഴുത്ത്, നിറം നല്‍കല്‍) പ്രവര്‍ത്തനപുസ്തകം പേ്ജ്49
പഠന ലക്ഷ്യം:
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു
സമയം: 30 മിനിട്ട്
ഊന്നൽ നൽകുന്ന അക്ഷരം: ഹ
പ്രക്രിയാവിശദാംശങ്ങള്‍
ഷൈനിയെ കണ്ടതും പാലപ്പം എന്താ പറഞ്ഞത്? നമ്മൾ കൂട്ടുകാരെ കാണുമ്പോൾ സന്തോഷത്തോടെ പറയുമ്പോലെ തന്നെ.
പാലപ്പം വിളിച്ചു.
"ഹായ് ഷൈനി.”
ആരാ വിളിച്ചത്? ഷൈനി നോക്കി.
"ദേ ഇവിടെ നോക്ക്.”
ഷൈനി നോക്കി. അതാ പാലപ്പം! അപ്പോൾ ഷൈനി എന്തു പറഞ്ഞു കാണും? നമ്മളോടൊരാൾ ഹായ് പറഞ്ഞാൽ നമ്മളും ഹായ് പറയില്ലേ ?
"ഹായ് പാലപ്പം!”
ലേഖനപ്രക്രിയ
ടീച്ചറെഴുത്ത് -ഘടന പാലിച്ച് പറഞ്ഞെഴുതുന്നു. "ഹായ് ……...!”( പാലപ്പം എന്നത് എഴുതുന്നില്ല)
ബോർഡെഴുത്ത് -ഹ യുടെ ഘടന പറഞ്ഞെഴുതുന്നു. ചെറിയൊരു തലയും നീണ്ട ഉടലും പിന്നെ വലിയൊരു തല ഹ ബോർഡിൽ രണ്ടോ മൂന്നോ തവണ എഴുതുന്നു
സചിത്ര പ്രവർത്തനപുസ്തകത്തിലെഴുത്ത്
ഹായ് പാലപ്പം എന്ന് പൂരിപ്പിച്ച് എഴുതണം ( പാലപ്പം എന്നതിലെ അക്ഷരങ്ങള്‍ നേരത്തെ പരിചയിച്ചതാണ്)
പിന്തുണാ നടത്തം
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ പാലപ്പം എന്ന് എഴുതിയോ? തെളിവ് നല്‍കി ശരിയാക്കല്‍ ( ആര്യൻ, എബിൻ, ധ്യാൻ)
ഹ യുടെ ഘടന പാലിക്കാത്തവര്‍ക്കും വാക്കകലം പാലിക്കാത്തവര്‍ക്കും പിന്തുണബുക്കിലെഴുത്ത്
കട്ടിക്കെഴുത്ത്
ഹ, പ്പ
സചിത്ര പ്രവർത്തന പുസ്തകത്തിൽ ശരിയാക്കി എഴുത്ത്.
ടീച്ചര്‍ ബോര്‍ഡില്‍ വാക്യം പൂരിപ്പിച്ചെഴുതുന്നു. എല്ലാവരും പൊരുത്തപ്പെടുത്തി ശരിയാക്കുന്നു
പാഠരൂപീകരണം
പാലപ്പം ചിരിച്ചു. ഷൈനിയും. ഷൈനി മെല്ലെ പാലപ്പം കൈയിലെടുത്തു. ഷൈനി പാലപ്പം തൊട്ടു നോക്കി. ചൂടുണ്ട്. ചെറുതായി അമർത്തി നോക്കി. (കഴിയുമെങ്കിൽ എല്ലാവർക്കും പാലപ്പം കൊടുക്കണം. കുട്ടികള്‍ ക്ലാസ്സില്‍ പാലപ്പം പങ്കിട്ടു കഴിക്കുന്നു.) പാലപ്പം തൊട്ടു നോക്കിയപ്പോൾ ഷൈനിക്ക് എങ്ങനെ തോന്നി കാണും?
പതുപതുത്ത പാലപ്പം
പാലപ്പത്തിൻ്റെ നിറമെന്താ? (സ്വതന്ത്ര പ്രതികരണം). നല്ല വെളുപ്പാണെങ്കിലോ എങ്ങനെ പറയും?
വെളുവെളുത്ത പാലപ്പം
പാലപ്പത്തിന്റെ ആകൃതി എന്താ?
വട്ടം വട്ടം പാലപ്പം
ലേഖനപ്രക്രിയ
തനിച്ചെഴുത്ത് (സച്ചിത്രപ്രവര്‍ത്തനപുസ്തകത്തില്‍)
എല്ലാ അക്ഷരങ്ങളും പരിചയിച്ചതാണ്. തനിയെ എഴുതണം. ടീച്ചര്‍ സാവധാനം വാക്യങ്ങള്‍ പറയണം.
വാക്കകലം സൂചിപ്പിക്കുന്നു ( പതുപതുത്ത എന്ന് ചേര്‍ത്തെഴുതിയ ശേഷം അല്പം അകലം ഇട്ടാണ് പാലപ്പം എഴുതേണ്ടത്.
ഒന്നാം വരി എഴുതിക്കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം രണ്ടാം വരി
പതുപതുത്ത പാലപ്പം, വെളുവെളുത്ത പാലപ്പം, വട്ടം വട്ടം പാലപ്പം എന്നീ വാക്യങ്ങള്‍ ഓരോന്നും പ്രക്രിയപാലിച്ച് എഴുതണം.
സ്വയം എഡിറ്റിംഗ് ( ലേഖന പ്രക്രിയയില്‍ പുതിയതായി ചേര്‍ക്കുന്നത്)
അവരവരെഴുതിയത് അവരവര്‍ ഓരോ വാക്കും സാവധാനം വായിച്ചുനോക്കി തിരുത്തുന്നു.
പഠനക്കൂട്ടത്തില്‍ പരസ്പരം എഡിറ്റിംഗ്
സഹായരചന ( ലേഖന പ്രക്രിയയില്‍ പുതിയതായി ചേര്‍ക്കുന്നത്)
ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പിന്തുണ കൂടുതല്‍ വേണ്ടവര്‍ ( ആര്യൻ, എബിൻ, ധ്യാൻ) വന്ന് ആ പഠനക്കൂട്ടത്തിലെ കുട്ടിട്ടീച്ചറുടെ സഹായത്തോടെ ബോര്‍ഡില്‍ എഴുതുന്നു.
ടീച്ചറെഴുത്ത്
ടീച്ചര്‍ ഓരോ വാക്യമായി എഴുതുന്നു. അതുപോലെ ശരിയായി എഴുതിയവര്‍ ശരി അടയാളം നല്‍കുന്നു
പൊരുത്തപ്പെടുത്തി തിരുത്തിയെഴുത്ത്
പിന്തുണാ നടത്തം
ശരി നൽകൽ
പ്രതീക്ഷിത ഉല്പന്നം - കുട്ടികളുടെ സചിത്ര പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ :
എല്ലാ കുട്ടികൾക്കും ഹ തിരിച്ചറിയാൻ കഴിയുന്നുണ്ടോ?
എല്ലാവരും സചിത്ര പ്രവർത്തന പുസ്തകത്തിൽ രേഖപ്പെടുത്തിയോ?
ഹ യുടെ ഘടന ശരിയാക്കി എഴുതാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?
തനിച്ചെഴുത്തില്‍ എത്രപേര്‍ക്ക് സഹായം വേണ്ടിവന്നു?
വായനപാഠം-
പ്രത്യേക സമയത്ത് കുട്ടിട്ടീച്ചറുടെ സഹായത്തോടെ ആര്യൻ, എബിൻ, ധ്യാൻ എന്നിവരെക്കൊണ്ട് വ്യക്തിഗതമായി വായിപ്പിക്കുന്നു.
No comments:
Post a Comment