ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 15, 2025

മിനു ടീച്ചറുടെ ഒന്നാം ക്ലാസിൽ ചിത്രകഥകൾ പിറന്നുകഴിഞ്ഞു

പുതിയതായി PSC നിയമനം ലഭിച്ച് അധ്യാപന രംഗത്ത് സർഗാത്മകമായി ഇടപെട്ട മിനു ജെറോമുമായി ( പി എം ജി എൽ പി സ്കൂൾ, സൗത്ത് ബാലഗ്രാം, സന്യാസിയോട,  ഇടുക്കി) ഒന്നഴക് അധ്യാപകകൂട്ടായ്മയ്ക്ക് വേണ്ടി സൈജടീച്ചറ്‍ നടത്തിയ അഭമുഖം  ( അനുബന്ധമായി ക്ലാസില്‍ രൂപപ്പെട്ട സചിത്രകഥകളും)

അധ്യാപക പരിശീലന കാലത്ത് വായിച്ചറിഞ്ഞ അറിവ് നിർമ്മാണ പ്രക്രിയയും ആശയാവതരണ രീതിയും പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ശക്തമായ ഉപാധികൾ എന്ന നിലയിലാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയും കൈപ്പുസ്തകവും താൻ ചേർത്തുപിടിക്കുന്നതെന്ന് മിനു ടീച്ചർ പറയുന്നു. കൃത്യമായ അക്കാദമിക തെളിച്ചത്തിൻ്റെയും ക്ലാസ് മുറി അനുഭവങ്ങളുടെയും ബലമുള്ള വാക്കുകളായിരുന്നു മിനു ടീച്ചറിൻ്റെത്. ഏവർക്കും സ്വീകരിക്കാൻ കഴിയുംവിധത്തിൽ ഒരു അക്കാദമികപ്രഭ ആ വാക്കുകളിൽ നിന്നും ജ്വലിക്കുന്നുണ്ടായിരുന്നു.

സാധാരണ ഗതിയിൽ ഫീൽഡിൽ നിന്നുള്ള അധ്യാപകരുടെ അനുഭവങ്ങളും പ്രശ്നങ്ങളും ആശങ്കകളും പരിഗണിക്കപ്പെടാതെ പോകുന്നു എന്ന ചിന്തപലപ്പോഴും എന്നെ അലോസരപ്പെടുത്തിയിരുന്നു. ഈ വക കാര്യങ്ങൾക്കെല്ലാമുള്ള ഒരു മറുപടിയായിട്ടാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയും കൈപുസ്തകവും എനിക്ക് അനുഭവപ്പെടുന്നത്”.

ഒന്നഴക് അധ്യാപകകൂട്ടായ്മയ്ക്ക് വേണ്ടി സൈജടീച്ചറ്‍ മിനുടീച്ചറുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.


ന്നാം ക്ലാസ് കേരളപാഠാവലി നാലാമത്തെ യൂണിറ്റിൽ ഒന്നാം ക്ലാസുകാരൻ ആദിദേവ് എഴുതിയ ഒരു ചിത്രകഥ ഉൾപ്പെടുത്തിയിട്ടുണ്ട് . ആദിദേവിൻ്റെ ഭാഷയും വരയും ചിന്തയും ഒട്ടുംതന്നെ ഒഴിവാക്കപ്പെടാതെയാണ് ആ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്തുടർന്ന് ആറാമത്തെ യൂണിറ്റിൻ്റെ അവസാന ഭാഗത്താണ് കുട്ടി ചിത്രം നോക്കി കഥ എഴുതുന്നു എന്ന പഠനലക്ഷ്യത്തിലേക്കെത്തുന്നത്. പക്ഷേ ഇവിടെ നാലാമത്തെ യൂണിറ്റ് നടക്കുമ്പോൾ തന്നെ മിനു ടീച്ചറിൻ്റെ ക്ലാസ്സിൽ കുട്ടികൾ സ്വതന്ത്രമായി ചിത്രകഥകൾ രൂപപ്പെടുത്തുന്നു എന്ന വലിയൊരു പഠനലക്ഷ്യം നേടാൻ പ്രാപ്തരായിരിക്കുന്നു ! ഈ അഭിമാനനേട്ടത്തിലേക്കെത്തിയ സാഹചര്യം ഒന്നു വിശദമാക്കാമോ ?



ടീച്ചർ നമുക്ക് ആദ്യ യൂണിറ്റ് മുതൽ തന്നെ ചിത്രവായനയുടെ സാധ്യത പരിചയപ്പെടുത്തുന്നുണ്ടല്ലോ. അതുപോലെ കൈപുസ്തകത്തിലും ചിത്രവായന എങ്ങനെയാണ് കൃത്യമായി നടത്തേണ്ടത് എന്നുള്ള കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.  

  • ആദ്യ ജൂൺ മാസം മുതൽ തന്നെ ചിത്രപുസ്തകങ്ങൾ കുട്ടികൾക്ക് കൊടുത്തുവിടുകയും രക്ഷിതാക്കൾ അവർക്ക് വായിച്ചുകൊടുക്കുകയും ചെയ്തിരുന്നു.  
  • എൻ്റെ ക്ലാസിലെ കുട്ടികൾ ഈ കിനാവ് എന്ന കഥയും അതിലെ ചിത്രങ്ങളും നന്നായി നിരീക്ഷിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു
  •  അവർ ചിത്രങ്ങളെക്കുറിച്ച് മികവുകളും മാറ്റങ്ങളും ഇഷ്ടത്തോടെ പറയുന്നത് ഞാൻ ആസ്വദിച്ച് കേട്ടു.
  •  അതുപോലെ ചിത്രങ്ങൾ ഞങ്ങൾക്കും വരയ്ക്കാം എന്നവർ പറഞ്ഞു.  
  • നമ്മുടെ പുസ്തകം ശിശു പക്ഷമായതിൻ്റെ ഏറ്റവും വലിയ മികവായി ഞാനിതിനെ കാണുന്നു. ആ കുട്ടിയുടെ തന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതിലൂടെ മറ്റ് കുട്ടികൾക്ക് എഴുതാനും വരയ്ക്കാനുമുള്ള കൂടുതൽ ഊർജ്ജവും ആവേശവുമാണ് നൽകിയത്.


അഭിനന്ദനങ്ങൾ ടീച്ചർ ! ഇത്തരത്തിൽ അക്കാദമിക അവഗാഹമുള്ള മറുപടി സർഗാത്മക അധ്യാപകരുടെ അലങ്കാരമാണ്. പിന്നെ ടീച്ചറേ ക്ലാസ്സിൽ എത്ര കുട്ടികളാണ് ടീച്ചർ ഇത്തരത്തിൽ പൂർണ്ണമായി കഥ എഴുതിയത്? 


 

ക്ലാസിലെ നാലുകുട്ടികൾ പൂർണമായി കഥയെഴുതി.  അവർ അഞ്ചും ആറും ഫ്രെയിമുകളിലായി ചിത്രങ്ങളും വരച്ച് വാക്യങ്ങളും എഴുതി കഥ പൂർത്തിയാക്കി എന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു.  ക്ലാസ്സിലെ മറ്റ് കുട്ടികൾക്കും ഇതുവരെ പരിചയിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതാൻ കഴിയുന്നുണ്ട്

 
 

ശരി, ടീച്ചർ ക്ലാസ്സിൽ ഈ ചിത്രകഥയെഴുതാനായി ആമിയേയും കുരുവിയേയുമൊക്കെ എവിടെ നിന്നാണ് എടുത്തത്?


 

 ഞാൻ പ്രിൻ്റെറെസ്റ്റിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ട് അവർക്ക് 
കൊടുക്കുകയായിരുന്നു ചെയ്തത്

  •  ആമി എന്ന പേരൊക്കെ ഇട്ടത് കുട്ടികൾ തന്നെയാണ്.  
  • ആദ്യം അവർ ബുക്കിലാണ് എഴുതിയത്.
  •  പിന്നെ ഞാൻ A 4 പേപ്പർ കൊടുത്ത് അതിൽ ചെയ്യിക്കുകയായിരുന്നു.


 കുട്ടികളുടെ ചിന്തയും ഭാവനയും വികസിപ്പിക്കാൻ ടീച്ചർ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ക്ലാസ്സിൽ ചെയ്തിരുന്നോ? 

 

ഒന്ന്, രണ്ട് ക്ലാസിലെ ക്ലാസ്സിലെ കലോത്സവത്തിൽ കഥാകഥനം ഒരു ഇനമാണല്ലോ. അതിന് തൽസമയം ചിത്രം നോക്കി ഭാവനാത്മകമായി കഥ പറയുകയാണ് വേണ്ടത്. അത്തരം പരിശീലനങ്ങളും കുട്ടികളെ ഭാഷാപഠനത്തിന് സഹായിക്കുന്നുണ്ട്. എൻ്റെ എല്ലാ കുട്ടികൾക്കും ഹോം ലൈബ്രറി ഉണ്ട്. ‘വീട്ടിൽ ഒരു വായനക്കൂട്’ 

 വളരെ നല്ല ആശയമാണ് ടീച്ചർ. ഞങ്ങളുടെ ജില്ലയിൽ കലോത്സവത്തിന് കഥാകഥനത്തിന് കഥ നേരത്തെ പഠിച്ച് അവതരിപ്പിക്കുകയാണ് വേണ്ടത്. പക്ഷെ ഇടുക്കിയിലെ ഈ രീതി വളരെ നല്ലതായി തോന്നുന്നു.  

 മിനു ടീച്ചർ സ്വയം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അധ്യാപികയാണ് എന്നറിയുന്നതും ഏറെ സന്തോഷം; അഭിമാനം. സംയുക്ത ഡയറിയുടെ സാധ്യത ക്ലാസ്സിൽ എങ്ങനെയാണ് ടീച്ചർ ?

 

എൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും സംയുക്ത ഡയറി എഴുതും.  

പക്ഷെ സംയുക്ത ഡയറിയുടെ ഏറ്റവും പ്രധാനപ്പെട്ട മികവ് എല്ലാ രക്ഷിതാക്കളും ആദ്യഘട്ടത്തിൽ ഉൾക്കൊണ്ടിരുന്നില്ല എന്ന പ്രശ്നമുണ്ടായിരുന്നു. 

സ്വാഭാവികമായും ചോദ്യം ക്ലാസ് പി ടി എയെക്കുറിച്ച് തന്നെ. 

 

ക്ലാസ് പി ടി എ യിൽ നല്ല അനുഭവങ്ങൾ പ്രവർത്തനാധിഷ്ഠിതമായി നൽകാറുണ്ട്. എങ്കിലും രക്ഷിതാക്കൾ ഡയറി എഴുതിക്കൊടുത്ത് പകർത്തുന്ന രീതി തുടർന്നിരുന്നു. ക്ലാസ്സ് പി ടി എ യിൽ ഡെമൺസ്ട്രേഷൻ നടത്തുകയും കഴിഞ്ഞവർഷത്തെ ഒന്നാംക്ലാസ്സിലെ സംയുക്ത ഡയറികൾ പരിചയപ്പെടുത്തുകയും മുൻവർഷത്തെ രക്ഷിതാക്കളെക്കൊണ്ട് സംസാരിപ്പിക്കുകയും ചെയ്തു. ഓരോ കുട്ടിയുടേയും കഴിവും അറിവും ഇനി മെച്ചപ്പെടേണ്ടവയും ഞാൻ രേഖാമൂലം ബോധ്യപ്പെടുത്തി. പിന്നെ എപ്പോഴും അമ്മമാർ മാത്രം ക്ലാസ്സ് പി ടി എ വരുന്നതിനാൽ അച്ഛൻമാരെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഓൺലൈൻ ക്ലാസ് പി ടി എ യും സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ എല്ലാവരിലും മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. 

ഇപ്പോൾ രണ്ടാം ക്ലാസ്സിലെ കുട്ടികൾ എങ്ങനെ പോകുന്നു ടീച്ചർ 

 കഴിഞ്ഞവർഷം മിനു ടീച്ചർ നൽകിയ മികച്ച അനുഭവങ്ങളുടെ തുടർച്ച അവർക്ക് കിട്ടുന്നുണ്ടോ? 

കിട്ടുന്നുണ്ട് ടീച്ചർ. ഇപ്പോൾ അവർക്ക് സ്വന്തമായി ഒരു ലഘുബാലസാഹിത്യ പുസ്തകം വായിച്ച് അതിനെക്കുറിച്ച് സ്വാഭിപ്രായം എഴുതാൻ കഴിയുന്നു എന്നതാണ് അഭിമാനകരമായ നേട്ടം. കഴിഞ്ഞ വർഷം എനിക്കൊരു തമിഴ് കുട്ടിയുണ്ടായിരുന്നു. സംയുക്ത ഡയറിയിൽ ആ മോൻ്റെ മുതിർന്ന പഠനപങ്കാളി ഞാനായിരുന്നു. കഴിഞ്ഞ വർഷം അവസാന ടേം പരീക്ഷയിൽ സംഭാഷണവും വിവരണവും പൂർണ്ണമായി എഴുതാൻ അവന് കഴിഞ്ഞു എന്നത് എൻ്റെ ആത്മവിശ്വാസത്തെ ഏറെ വർദ്ധിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അധ്യാപകരിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയാണെങ്കിൽ കഴിഞ്ഞ വർഷം ഈ പാഠപുസ്തകം പ്രക്രിയാ ബന്ധിതമായി വിനിമയം ചെയ്ത അനുഭവത്തിലൂടെ വന്ന കുട്ടികളിലിരിക്കുന്ന രണ്ടാം ക്ലാസ്സുകളിൽ നിന്ന് ഇങ്ങനെത്തന്നെ ഉറപ്പായും ഫീഡ്ബാക്ക് ലഭിക്കും.


അഭിനന്ദനങ്ങൾ ടീച്ചർ.  

ടീച്ചറിൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും നമ്മുടെ കൈപ്പുസ്തകത്തിൽ പറയുന്ന പഠന ലക്ഷ്യങ്ങളിൽ പ്രതീക്ഷിത നിലാവരത്തിൽ എത്തി എന്ന് പറയാൻ കഴിയുമോ?

രണ്ട് കുട്ടികളുടെ കാര്യത്തിൽ കുറച്ചു കൂടി വരേണ്ടതുണ്ട്. കുടുംബത്തിലെ ചില പ്രതികൂല സാഹചര്യവും ഹാജരിലായ്മയും ചെറിയ പ്രശ്നങ്ങളായിട്ടുണ്ട്. മറ്റൊരാൾക്ക് ഉച്ചാരണപ്രശ്നങ്ങളും വിക്കും കൊഞ്ഞയും കുട്ടിയടെ പഠനവേഗത കുറയാൻ കാരണമായിട്ടുണ്ട്. ഞാൻ തന്നെ പല തവണ ഉച്ചരിച്ചും വായനാ പാഠങ്ങൾ ഉപയോഗിച്ചും പരിഹരിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും അക്ഷരബോധ്യ ചാർട്ടുണ്ട്. ഞാൻ ഓരോ കുട്ടിക്കുമായി പ്രിൻ്റെടുത്ത് തയ്യാറാക്കി വച്ചിട്ടുണ്ട്. എൻ്റെ ക്ലാസ്സിൽ നൂറിലേറെ വായനക്കാർഡുകൾ കുട്ടികൾക്ക് സ്വയം എടുക്കാൻ പാകത്തിൽ വച്ചിട്ടുണ്ട്.


അച്ചടി സമ്പുഷ്ട ക്ലാസ്മുറിക്കും എല്ലാ കുട്ടികളുടെയും വീടുകളിലെ വായനക്കൂടിനും പ്രത്യേക അഭിനന്ദനങ്ങൾ ടീച്ചർ. മറ്റൊന്ന് വിക്ക് മാറാനുള്ള എളുപ്പവഴി ഭയരഹിതമായ ക്ലാസ്സന്തരീക്ഷവും ആത്മവിശ്വാസം ഉയർത്തലുമാണ്. പത്താം ക്ലാസ്സുവരെ വലിയ രീതിയിൽ വിക്ക് എന്നോടൊപ്പം ഉണ്ടായിരുന്നതാണ്. പക്ഷെ അതെന്നെ പാഠ്യ-പാഠ്യേതരകാര്യങ്ങളിൽ പ്രതികൂലമായി സ്പർശിച്ചിട്ടേയില്ല; അധ്യാപകരോ കൂട്ടുകാരോ എന്നെ ഒരു കാര്യത്തിലും മാറ്റി നിർത്തിയിട്ടേയില്ല എന്നതാണ് ഞാനിപ്പോഴിത് പറയുമ്പോൾ മാത്രം മറ്റുള്ളവർ അതേ പറ്റി അറിയുന്നു എന്നതിൻ്റെ വിജയരഹസ്യം. പിന്നെ ടീച്ചറേ വരയനുഭവങ്ങളൊക്കെ ടീച്ചർ ശാസ്ത്രീയമായി നൽകുന്നുണ്ട് എന്ന് മനസ്സിലായി. ഈ പരിസര പഠനത്തിൻ്റെ അനുഭവങ്ങൾ എങ്ങനെയാ?

പരിസരപഠനമാണ് ഞങ്ങൾ കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. പൂക്കളുടെ തന്നെ ഒട്ടേറെ വ്യത്യസ്തമായ പരിസരപഠനാശയങ്ങൾ കൈപുസ്തകത്തിലുണ്ട്. അവയല്ലാം തന്നെ ഞങ്ങളുടെ വിദ്യാലയസാഹചര്യങ്ങളെ കൂടി ചേർത്ത് ഗംഭീരമായി ചെയ്യാൻ സാധിച്ചു. പക്ഷി നിരീക്ഷണം കുട്ടികൾ വീട്ടുപരിസരത്താണ് നന്നായി ചെയ്തത്. മീൻ കൊത്തിയെ പോലെ അപൂർവ്വമായ പക്ഷികളെ പോലും കുട്ടികൾ കണ്ടെത്തുകയുണ്ടായി.കഴിഞ്ഞവർഷത്തെക്കാൾ ഈ വർഷം എല്ലാ പ്രോസസിലൂടെയും കടന്ന് പോകാൻ കഴിഞ്ഞു. പക്ഷിച്ചിത്ര ആൽബവും കടങ്കഥാപ്പതിപ്പും തയ്യാറാക്കി.

 കടങ്കഥാപ്പതിപ്പ് തയ്യാറാക്കിയത് പക്ഷികളെക്കുറിച്ച് നിലവിൽ ഉള്ള കടങ്കഥകൾ സമാഹരിച്ചിട്ടാണോ ടീച്ചർ?


അല്ല. പക്ഷികളുടെ സവിശേഷതകൾ കുട്ടികൾ സ്വയം കണ്ടെത്തി കടങ്കഥകളാക്കിയതാണ്. ഉദാഹരമായി “ നമ്മുടെ കൺമഷിയുടെ നിറം കറുപ്പല്ലേ ടീച്ചർ? മൈനയുടെ കൺമഷിയുടെ നിറം മഞ്ഞയാണ് ടീച്ചർ” എൻ്റെ കുട്ടികൾ പറഞ്ഞതാണ്.

ഗംഭീരം ടീച്ചർ. (ഒരു രഹസ്യം പറയട്ടെ, അഭിമുഖത്തിൽ കേട്ടാസ്വദിച്ച് ഞാനഭിനന്ദിച്ചെങ്കിലും ശേഷം ഇത് എഴുതിത്തയ്യാറാക്കിയ സമയത്ത് ഗൂഗിളിലൊന്ന് പോയി മൈനയുടെ കണ്ണൊന്ന് സൂം ചെയ്ത് നോക്കി കേട്ടോ കണ്ണിൽ മഞ്ഞനിറം ഉണ്ടെന്നറിയാമെങ്കിലും അത് കൺമഷി പോലെ അത്രയും ചേർന്നിട്ടാണോ എന്ന് നോക്കിയതാണ്. ഒരു പക്ഷെ നിങ്ങളിൽ ചിലരെങ്കിലും ഇത് ചെയ്തേക്കാം) കുട്ടികൾക്ക് ടീച്ചർ നൽകിയ നിരീക്ഷണാനുഭവ പ്രക്രിയയുടെയും നിർദ്ദേശങ്ങളുടെയും പിന്തുണയുടെയും മികവാണ് കുട്ടികളുടെ ഈ കണ്ടെത്തൽ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ചോദ്യം കൂടി ഉണ്ട് ടീച്ചർ

ടീച്ചറുടെ കുട്ടികളെല്ലാം പ്രീ പ്രൈമറി അനുഭവം കഴിഞ്ഞ് വന്നവരാണോ? അവരിൽ വായിക്കാനറിയുന്നവർ ഉണ്ടായിരുന്നോ?

എല്ലാവർക്കും പ്രീപ്രൈമറി അനുഭവം ഉണ്ടായിരുന്നു ടീച്ചർ. അക്ഷരങ്ങൾ യാന്ത്രികമായി വരച്ചുവയ്ക്കുന്ന ഒരു രീതിയിലായിരുന്നു. എന്നാൽ അക്ഷരങ്ങൾ ഉപയോഗിച്ച് ആശയപ്രകടനം നടത്തുന്നതും വായനയിലേക്കെത്തുന്നതും ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങളിലൂടെത്തന്നെയാണ്. മറ്റൊന്ന് ചേർത്ത് പറയാനുള്ളത് പ്രായത്തിൻ്റെ കാര്യമാണ്. അഞ്ച് വയസ്സ് കഴിഞ്ഞവരും ആറ് വയസ്സ് കഴിഞ്ഞവരും എൻ്റെ ക്ലാസ്സിലുണ്ട്. എഴുത്തിലും ഗ്രാസ്പിങ് പവറിലും ആറ് വയസ്സു കഴിഞ്ഞവരാണ് മുന്നിൽ നിൽക്കുന്നത്.

ശരിയാണ് വിദ്യാഭ്യാസ അവകാശനിയമപ്രകാരവും ആറ് വയസ്സാണല്ലോ ഒന്നാം ക്ലാസ്സ് പ്രായം.

ടീച്ചർക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ? ഒന്നഴകിലെ അധ്യാപകരോട് പറയാനുള്ളതെന്താണ്?

ടീച്ചർ, അറിവ് നിർമ്മാണ പ്രക്രിയ ആശയാവതരണം എന്നൊക്കെ പരിശീലനങ്ങളിൽ മാത്രം കേട്ടിരുന്ന വാക്കുകളായിരുന്നു എനിക്ക്. എന്നാൽ അവ ഏറ്റവും ഫലപ്രദമായി പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഒരു പാഠപുസ്തകവും കൈപുസ്തകവുമാണ് നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പൂർണ്ണമായും ഒന്നാം ക്ലാസ്സിലെ കുട്ടികളെയും ഭിന്ന നിലവാരെക്കാരെയും ഒന്നാം ക്ലാസ്സിലെ അധ്യാപകരെയും പരിഗണിക്കുന്ന പുസ്തകമാണ് എൻ്റെ ഈ അധ്യാപന സംതൃപ്തിയുടെ കാരണമെന്ന് ഞാനുറപ്പിച്ച് പറയുന്നു. ഞാനോർക്കുകയാണ് ടീച്ചർക്ക് വേണ്ടി എത്രയോ തവണയാണ് അക്ഷരങ്ങളുടെ ഘടന, അത് പറയുന്ന രീതി ഇവയൊക്കെ കൊടുത്തിരിക്കുന്നത്. എൻ്റെ കുട്ടികളിലതൊക്കെ അങ്ങനെ തന്നെ രജിസ്റ്ററായിട്ടുണ്ട്. പിന്നെ വാക്ക കലത്തിൻ്റെ കാര്യമായാലും ചിഹ്നം ഒറ്റപ്പെട്ടതല്ലെന്നും ഒറ്റ യൂണിറ്റായി കാണമെന്നതും സമീപന ബന്ധിതമായ കാര്യങ്ങളാണ്. തികച്ചും അർത്ഥപൂർണ്ണമായ പഠനത്തിലേക്കാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത്. അധ്യാപകർക്ക് ഒരു കാര്യത്തിലും പേടിയേ വേണ്ട. നമുക്ക് വേണ്ടതെല്ലാം ഹാൻ്റ്ബുക്കിലുണ്ട്. അവ ചൈൽഡ് ഫ്രണ്ട്ലിയാണ്; ടീച്ചർ ഫ്രണ്ട്ലിയാണ്.

സന്തോഷം ടീച്ചറേ മൂന്ന് വർഷത്തെ അധ്യാപനപരിചയം പി എസ് സി ഒന്നാം റാങ്ക് ഹോൾഡർ. ഇങ്ങനെ യൊരു അധ്യാപികയോട് സംസാരിക്കാൻ എനിക്ക് കൗതുകവും ജിജ്ഞാസയും ഉണ്ടായിരുന്നു. അഭിമാനവും പ്രതീക്ഷയുമാണ് ഉള്ളിൽ. തുടക്കത്തിൽത്തന്നെ ഇങ്ങനെ ശിശുപക്ഷ അധ്യാപനത്തെ മുറുകെപ്പിടിക്കാൻ ഒരു ടീച്ചർക്ക് കഴിഞ്ഞുവെങ്കിൽ ഇനി ടീച്ചർക്കൊരു തിരിച്ചു പോക്കുണ്ടാവില്ല. സർഗ്ഗാത്മക അധ്യാപനത്തിൻ്റെ യഥാർത്ഥരുചി അറിഞ്ഞവർ എപ്പോഴും അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കും. മിനു ടീച്ചർ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസമേഖലയുടെ പ്രതീക്ഷ തന്നെയാണ്. ഭാവിയുടെ പ്രതീക്ഷ.

ഇനി കുട്ടികളുടെ രചനകളും തുടർന്ന് ടീച്ചർ നൽകിയ ചിത്രവും കാണാം

 2



3

  രചനയ്ക്കായി നല്‍കിയ കഥാചിത്രങ്ങള്‍



No comments: