29/10/2024
കഴിഞ്ഞ വർഷം ആഷേർ യു. കെ. ജി യിൽ പഠിക്കുമ്പോഴാണ് ഒരു പി. ടി. എ. മീറ്റിംഗിൽ ഒന്നാം ക്ലാസിലെ ഷേർലി ടീച്ചർ കുട്ടികൾ എഴുതിയ സംയുക്ത ഡയറിയും സചിത്ര ബുക്കും പരിചയപ്പെടുത്തുന്നത്. കുഞ്ഞെഴുത്തുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോൾ കൗതുകം തോന്നി. അന്ന് ഞാൻ ഒരു കാര്യം കൂടി മനസ്സിലാക്കി, പഴയപോലെ തറ, പന എന്നിങ്ങനെ വാക്കുകളും അക്ഷരങ്ങളും പഠിച്ചല്ല തുടക്കമെന്നും മറിച്ച് പാഠങ്ങൾ പഠിക്കുമ്പോൾ മുൻപ് പഠിച്ച അക്ഷരങ്ങൾ ഓർത്തെടുക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉള്ളത് എന്ന്. അങ്ങനെയാണ് സംയുക്ത ഡയറി എന്ന ആശയത്തെകുറിച്ച് ഞാൻ ചിന്തിച്ചത്. കുട്ടികൾ തങ്ങളുടെ വിശേഷങ്ങളും അവരുടെ ശ്രദ്ധയെ ആകർഷിപ്പിച്ചതുമായ കാര്യങ്ങൾ ചിത്രത്തിലൂടെ അവതരിപ്പിക്കുകയും പിന്നീട് അറിയാവുന്ന വാക്കുകളിൽ ആശയങ്ങളെ എഴുതി ചേർക്കുകയും ചെയ്യുന്നത് ഒരുപാട് കഴിവുകളെ വികസിപ്പിച്ചെടുക്കാൻ സഹായിക്കും എന്ന് മനസിലായി. കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ മാത്രമല്ല വരയ്ക്കാനുള്ള കഴിവുള്ളവരാക്കാനും ഭാവനയുള്ളവരാക്കാനും, മൊബൈലിലും,ടി.വി.യിലും, പഠനത്തിലും ഒതുങ്ങിപോകാതെ ചുറ്റുപാടും പരിസരവും നിരീക്ഷിക്കുന്നവരുമൊക്കെയായി വളരാൻ സംയുക്ത ഡയറി ഒരു കാരണമാകും എന്ന് മനസിലാക്കി.
അങ്ങനെയാണ് ഞാൻ നമുക്കും ഡയറി എഴുതാം എന്ന് മോനോട് പറഞ്ഞത്.അതിനെകുറിച്ച് വലിയ ബോധ്യമൊന്നുമില്ലെങ്കിലും ആഷേറും എഴുതാൻ തയ്യാറായി. അതിനായി ചെറിയ പേപ്പറുകൾ കൂട്ടി പിൻചെയ്ത് ഒരു കുഞ്ഞൻ ബുക്കും കയ്യിൽ കൊടുത്തപ്പോൾ ആവേശമായി. ആദ്യം എന്തെഴുതണമെന്നതിന് ഒട്ടും ആലോചിക്കാൻ ഇല്ലാതെ പറഞ്ഞു എന്റെ ടീച്ചറുമാരുടെ പേരുകൾ. അന്ന് എഴുതി കാണിക്കുന്നത് പകർത്തിയെഴുതി തുടങ്ങി. പിന്നെ തന്നിൽ അശ്ചര്യമുളവാക്കുന്ന കാഴ്ചകളെ ചിത്രങ്ങളാക്കാൻ ആവശ്യപ്പെട്ടു. ചിത്രത്തിനടുത്ത് അറിയാവുന്ന അക്ഷരങ്ങൾ എഴുതി അറിയാത്തവ ചോദിച്ചും മനസ്സിലാക്കിയും എഴുതി തുടങ്ങി. അധ്യാപകരിൽ നിന്നും ലഭിച്ച കുഞ്ഞൻ സ്റ്റാറിന്റെ സ്റ്റിക്കറുകളും ടിക് മാർക്കും പ്രോത്സാഹന സമ്മാനങ്ങളായി എഴുതാനുള്ള ആവേശം വർധിപ്പിച്ചു.വാക്കുകൾ വാക്യങ്ങളായി കുഞ്ഞൻ ബുക്കും മാറി വലിയ ബുക്കിലേയ്ക്കായി.ഒന്നാം ക്ലാസ്സിലെ അധ്യാപിക നൽകിയ കഥകൾ വായിച്ചുകൊടുത്തപ്പോൾ പിന്നെ കഥകളിലെ ചിത്രങ്ങളും പേരുകളുമായി എഴുതാനുള്ള വിഷയം.
വലിയ അവധികാലത്ത് ബുക്കുകൾ ഷേർലിടീച്ചർ വാങ്ങിയപ്പോൾ കണ്ടിട്ട് തരാനെന്നു കരുതി.ഈ വർഷത്തെ പ്രവേശനോത്സവത്തിന് സ്കൂളിലെ പ്രധാമധ്യാപികയേയും സ്കൂൾ മാനേജരായിരിക്കുന്ന ഫാദർ:സജിയച്ചനെയും 'കുഞ്ഞുവരകൾ'എന്ന പേരിൽ ആഷേറിന്റ രണ്ട് കുഞ്ഞുബുക്കുകൾ ഷേർളിടീച്ചർ പ്രകാശനം ചെയ്യാനേൽപ്പിച്ചപ്പോൾ അതിശയവും സന്തോഷവും അഭിമാനവും എല്ലാം ഒരുപോലെ വന്നു കണ്ണും മനസ്സും നിറച്ചു.
അവിടെയും തീർന്നില്ല ജൂൺ മാസം മുതൽ ആഷേർ പുതിയ ഡയറിയിൽ എഴുതി ടീച്ചറെ കാണിക്കാൻ തുടങ്ങി. ഓഗസ്റ്റ് മാസത്തിൽ സംയുക്ത ഡയറിയുടെ ഉൽഘാടനത്തോടനുബന്ധിച്ചു ഒരറിയിപ്പ് വന്നു അമ്മയും കുട്ടിയും ചേർന്ന് സംയുക്ത ഡയറി എഴുതണം. പിണക്കത്തോടെയാണെങ്കിലും ടീച്ചറുടെ നിർദേശപ്രകാരം പുതിയ ബുക്കിൽ അറിയാത്ത അക്ഷരങ്ങൾ എഴുതി സഹായിക്കാൻ ആഷേർ സമ്മതിച്ചു.
സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അക്ഷരങ്ങൾ പഠിക്കാനും ചിഹ്നങ്ങൾ ചേർത്തെഴുതുവാനും വായിക്കുവാനും കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ടീച്ചറിന്റയും അമ്മയുടെയും സഹായത്തോടെ കുറെ കഥകളും ആഷേർ വായിച്ചു. മാത്രമല്ല കഥയുടെ വിശേഷതകളും കഥാപാത്രങ്ങളുമൊക്കെ ഓരോ പോയിന്റുകളായി എഴുതുവാനും ടീച്ചർ പഠിപ്പിച്ചു. ഈ വർഷത്തെ ഉദ്ഗ്രഥന പരീക്ഷയിൽ ചിത്രങ്ങളെകുറിച്ച് എഴുതാൻ വന്ന ചോദ്യം മറ്റു കുട്ടികൾ വാക്കുകളിൽ ഒതുക്കിയപ്പോൾ ആഷേർ കൃത്യമായി വാക്യങ്ങളായി തന്നെ എഴുതി.അതുപോലെ ഈ മാസം നടന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് ജ്യാമതീയ രൂപം വരച്ചു അതിനുപയോഗിച്ച ഉപകരണങ്ങളെയും ആ ചിത്രത്തെയും കുറിച്ച് അറിയാവുന്നത് തെറ്റുകൂടാതെ എഴുതി "ബി ഗ്രേഡിന് "അർഹനാകുവാനും കഴിഞ്ഞു. ഇതൊക്ക ഒരു രക്ഷിതാവെന്ന നിലയിൽ വലിയ നേട്ടമായി കാണുന്നു. പുസ്തകങ്ങൾ മാത്രമല്ല വീട്ടിലെ ബൈബിൾ, ടീച്ചർ നൽകുന്ന കഥകൾ,പത്രം എന്നിങ്ങനെ എല്ലാം തെറ്റിയാലും ഉറക്കെ വായിക്കാൻ അവന് ആത്മവിശ്വാസം നൽകിയത് സംയുക്ത ഡയറിയാണ്.
സംയുക്ത ഡയറി എന്ന ആശയം ഞങ്ങൾക്ക് പരിചയപ്പെടുത്തുകയും ആഷേറിന്റ പഠനത്തെ ഏറെ പ്രോത്സാഹനത്തോടും സഹായസഹകരണത്തോടും കൂടെ നിന്നു നയിക്കുകയുംചെയ്യുന്ന ഷേർലിടീച്ചറോടുള്ള കടപ്പാട് വാക്കുകളാൽ കുറിച്ചവസാനിപ്പിക്കുവാനുള്ളതല്ലഎങ്കിലും ടീച്ചറിനും ഒന്നാംക്ലാസ്സിലെ എല്ലാ കൂട്ടുകാർക്കും അധ്യാപകർക്കും എല്ലാവിധ ആശംസകളോടും കൂടെ നിർത്തട്ടെ
എന്ന്
ആഷേറിന്റ അമ്മ.
വിനീത ഷൈജു.
ആഷേർ. കെ. ഷൈജു.
സി. എം.എസ്. എൽ. പി. സ്കൂൾ പൊൻകുന്നം. കോട്ടയം.
No comments:
Post a Comment