06/02/2025-----------------------------------------------
പറവകൾ പാറി എന്ന യൂണിറ്റ് തുടങ്ങുമ്പോൾ വളരെ ആത്മവിശ്വാസവും, ഊർജ്വസ്വലതയും ഉണ്ടായിരുന്നു. അതുപ്രകാരം എല്ലാ അക്ഷരങ്ങളും കുട്ടികൾ സ്വായത്തമാക്കി എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞു.യൂണിറ്റ് 2 ലും ഇതു തുടർന്നു. മനസമാധാനം ഉണ്ടായി. തുടർന്ന് യൂണിറ്റ് 3 വല്ലാത്ത അങ്കലാപ്പ്. മുന്നിൽ പാദവാർഷികപ്പരീക്ഷ .എങ്ങനെ പാഠഭാഗം തീർക്കും?
എങ്ങനെ എല്ലാ ശേഷിയും കുട്ടിയിൽ എത്തിക്കും?....
എന്തായാലും തീർത്തു എന്നുമാത്രം പറയാം.
വിലയിരുത്തൽ വിജയിച്ചോ എന്നു ചോദിച്ചാൽ മൗനം മാത്രം. തുടർന്നുള്ള എണ്ണത്തിൽ കവിഞ്ഞ പാഠങ്ങളും പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങളുടെ അമിതപ്രവാഹവും കുട്ടിയേയും ടീച്ചറെയും ചെറുതായൊന്നു വിഷമിപ്പിച്ചു. രാവിലെ 8.40 മുതൽ 9.40 വരെ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ളാസ് നൽകി.അതിനേയും തരണം ചെയ്തു മുന്നോട്ടു നീങ്ങി. ഇപ്പോൾ പ്രയാസമുള്ള ചിഹ്നങ്ങൾ അവർ വായിക്കുമ്പോൾ മനസിൽ ആത്മതൃപ്തി. ഒന്നഴകിന്റെ കൈത്താങ്ങ് ഈ സമയങ്ങളിൽ വലിയ അനുഗ്രഹമായിരുന്നു.
സ്റ്റേറ്റ് റിസോഴ്സ് അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഈ സമയത്ത് ഉണർവും,ആത്മവിശ്വാസവും വർദ്ധിപ്പിച്ചു.
അങ്ങനെ കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ സംയുക്തഡയറി, രചനോത്സവം, പാട്ടരങ്ങ്, ബാലസാഹിത്യ കൃതികൾ വായന, റീഡേഴ്സ് തിയ്യറ്റർ, നാടകം പാവനാടകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പഠനത്തിന്റെ തിളക്കം ഒന്നു കൂടി വർദ്ധിപ്പിച്ചു.
ഇപ്പോൾ 29 കുട്ടികളിൽ ഒരു പഠനവൈകല്യം ഉള്ള കുട്ടി, ഒരു പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടി ഒഴികെ എല്ലാവരും വായനകാർഡ്, ബാലമാസികടെക്സ്റ്റ് ബുക്ക് എല്ലാം വായിക്കും. പത്രം വായിക്കാൻ 12 പേർക്ക് കഴിയും. ഇനിയുള്ള ദിവസങ്ങൾ കൊണ്ട് ബാക്കിയുള്ളവരും മുന്നിലെത്തും.
രക്ഷിതാക്കൾക്കും സംതൃപ്തി. പിന്നെ ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ.
ഞാൻ മാത്രമല്ല ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും രാപ്പകലില്ലാതെ അധ്വാനിക്കുന്ന കൊണ്ടാണ് ഇത്രയും ചെയ്യാൻ കഴിയുന്നത്. വൈകി ലഭിക്കുന്ന അദ്ധ്യാപക സഹായി വായിച്ച് മാന്വൽ തയ്യാറാക്കി സാധനസാമഗ്രികൾ ഒരുക്കി ഉറക്കത്തിൽ അടുത്ത ദിവസം എങ്ങനെ പഠനം വ്യത്യസ്തമാക്കാം?
എന്തെല്ലാം ഒരുക്കങ്ങൾ വേണം എന്നെല്ലാം സ്വപ്നം കണ്ട് യാത്രചെയ്ത് ഇതു വരെ എത്തി. രക്ഷിതാക്കളുടെ സഹകരണവും കൂടിയായപ്പോൾ പ്രവർത്തനവിജയം ഉറപ്പായി.
കുട്ടികളുടെ കഥകൾ ഓരോ കുട്ടിയുടെയും പുസ്തകമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
അടുത്ത തവണ ഇപ്പോൾ നേരിട്ട പ്രശ്നങ്ങളും, അപാകതകളും പരിഹരിച്ചു കൊണ്ട് മുന്നേറാം എന്ന ശുഭാപ്തി വിശ്വാസത്തോടെ
ലളിത.എം.എസ്
മോയൻ എൽ.പി.എസ്
പാലക്കാട്.
No comments:
Post a Comment